ഉവൈസി രാജ്യദ്രോഹി; നാവരിയുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം: ബിജെപി നേതാവ്

Posted on: March 17, 2016 11:19 am | Last updated: March 17, 2016 at 3:41 pm

owaisiന്യൂഡല്‍ഹി: ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം മുഴക്കില്ലെന്ന് പറഞ്ഞ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും ഹൈദരാബാദില്‍ നിന്നുള്ള എംപിയുമായ അസദുദ്ദീന്‍ ഉവൈസി രാജ്യദ്രോഹിയെന്ന് ബിജെപി നേതാവ്. ഉവൈസിയുടെ നാവരിയുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് ശ്യാം പ്രകാശ് ദ്വിവേദി പറഞ്ഞു. രാജ്യദ്രോഹിയായ ഉവൈസിക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉവൈസി രാജ്യദ്രോഹിയാണെന്നും ‘ഭാരത മാത’യെ അവഹേളിച്ച ഉവൈസിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ അശോക് റോഡിലുള്ള അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഉവൈസി രാജ്യദ്രോഹിയാണെന്നും ഭാരത മാതാവിനെ അപമാനിച്ച അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നുമായിരുന്നു പോസ്റ്ററില്‍ ആവശ്യം.

ഭാരതമാതാവിനെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പുതുതലമുറയെ പഠിപ്പിക്കണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ ആഹ്വാനത്തിനുള്ള മറുപടിയായാണ് ലത്തൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പരാമര്‍ശം. ‘ഭാരത് മാതാ കീ ജയ് എന്നു ഞാന്‍ വിളിക്കില്ല. താങ്കള്‍ എന്താണു ചെയ്യാന്‍ പോകുന്നത് ഭഗവത് സാഹെബ് കഴുത്തില്‍ കത്തിവച്ചാല്‍ പോലും ഞാന്‍ വഴങ്ങില്ല. ഈ മുദ്രാവാക്യം വിളിക്കണമെന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ല’ എന്നായിരുന്നു ഉവൈസി പറഞ്ഞത്.