ഭേദഗതികള്‍ തള്ളി; ആധാര്‍ ബില്‍ വീണ്ടും ലോക്‌സഭ പാസ്സാക്കി

Posted on: March 17, 2016 9:24 am | Last updated: March 17, 2016 at 3:18 pm
SHARE

parliamentന്യൂഡല്‍ഹി:രാജ്യസഭയില്‍ പാസ്സായ ഭേദഗതികള്‍ തള്ളി ലോക്‌സഭ ആധാര്‍ ബില്‍ വീണ്ടും പാസ്സാക്കി. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഭരണകക്ഷി ന്യൂനപക്ഷമായ രാജ്യസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അഞ്ച് ഭേദഗതികളും പാസായതിനെ തുടര്‍ന്നാണ് ലോക്‌സഭ ഒരിക്കല്‍ പാസ്സാക്കിയ ആധാര്‍ ബില്‍ വീണ്ടും പരിഗണിക്കേണ്ടിവന്നത്. എന്നാല്‍, ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭ, ബില്ലില്‍ രാജ്യസഭ നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി വീണ്ടും പാസ്സാക്കുകയായിരുന്നു.
രാജ്യസഭയുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായിരുന്ന സര്‍ക്കാര്‍ ഇതിനെ മറികടക്കാന്‍ ധനബില്ലായാണ് ആധാര്‍ ബില്‍ കൊണ്ടുവന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടി പ്രതിപക്ഷവും സുപ്രീം കോടതിയും എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി ഏകപക്ഷീയമായി സര്‍ക്കാര്‍ ബില്‍ പാസ്സാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ബയോ മെട്രിക്ക് ഡാറ്റാ ബേങ്ക് പരി ശോധിക്കാന്‍ കേന്ദ്ര ഏജന്‍ സികള്‍ക്ക് അവസരം നല്‍കുന്ന ബില്ലാണ് സര്‍ക്കാര്‍ പാസാ ക്കിയത്.
ഭരണപ്രതിപക്ഷ ഏറ്റുമുട്ടലിനൊടുവിലാണ് കൊണ്ടുവന്ന ഭേദഗതികള്‍ രാജ്യസഭില്‍ പാസായത്. ഇതേത്തുടര്‍ന്ന് നേരത്തെ ലോക്‌സഭ പാസ്സാക്കിയ ആധാര്‍ ബില്‍ വീണ്ടും ലോക്‌സഭയിലേക്ക് തന്നെ മടക്കുകയായിരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ 64നെതിരെ 76 വോട്ടുകള്‍ക്കാണ് പാസ്സായത്. കോണ്‍ഗ്രസിലെ ജയറാം രമേശാണ് അഞ്ച് ഭേദഗതികളും കൊണ്ടുവന്നത്. ബില്ലിനെ ചൊല്ലി രാജ്യസഭയില്‍ ഏറെ നേരം ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ നടന്നു. ബജറ്റ് സമ്മേളനത്തിലെ ആദ്യ സെഷനിലെ അവസാനദിനമായ ഇന്നലെയാണ് ആധാര്‍ ബില്ലുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലിന് രാജ്യസഭ വേദിയായത്.
ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച സി പി എം നേതാവ് സീതാറാം യെച്ചൂരിയും ചര്‍ച്ചക്ക് മറുപടി പറഞ്ഞ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും കൊമ്പുകോര്‍ത്തത്. ഈ സഭയില്‍ ആധാര്‍ ബില്‍ പാസ്സാക്കുന്നതിന്റെ സാധുതയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്ന് പറഞ്ഞ സീതാറാം യെച്ചൂരി ബില്ലിനെതിരെ സുപ്രീം കോടതി രംഗത്തുവന്നതുമാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, യെച്ചൂരിയുടെ വാദത്തില്‍ കഴമ്പില്ലെന്നും ഇത് അധികാരത്തില്‍ വിവേചനം സൃഷ്ടിക്കുന്നതിലേക്കാണ് നയിക്കുന്നതെന്നും പ്രതികരിച്ച അരുണ്‍ ജെയ്റ്റ്‌ലി കാര്യങ്ങള്‍ നിയമപരമായി അവലോകനം ചെയ്യാനുള്ള അധികാരമാണ് കോടതിക്കുള്ളതെന്നും പറഞ്ഞു.
ആധാര്‍ ബില്ലില്‍ കോണ്‍ഗ്രസ് മൂന്ന് ഭേദഗതികളാണ് നിര്‍ദേശിച്ചത്. പൗരന്റെ സ്വകാര്യത ദുരൂപയോഗം ചെയ്യാന്‍ ആധാര്‍വഴി കഴിയുമെന്ന വാദം നില്‍നില്‍ക്കെയാണ് ബി ജെ പി ഭരണകൂടം ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here