ആണവ മിസൈല്‍ പരീക്ഷിക്കുമെന്ന് ഉത്തര കൊറിയ

Posted on: March 16, 2016 12:13 pm | Last updated: March 16, 2016 at 12:13 pm
SHARE

Kim-Jong-Un.jpg.image.784.410സിയൂള്‍: ആണവ മിസൈല്‍ ഉടന്‍ പരീക്ഷിക്കുമെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍. ഇതൊടൊപ്പം ആണവ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ യു എന്നിനോടുള്ള പരസ്യമായ വെല്ലുവിളിയാകുമെന്നും എന്നാല്‍ ചൈനയുടെ പിന്‍ബലമുള്ളതിനാല്‍ കൂടുതല്‍ ഉപരോധങ്ങളെ കൊറിയ ഭയക്കുന്നില്ലെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത റീ എന്‍ട്രി ബാലിസ്റ്റിക് മിസൈലുകളുടെ പരിശോധനക്ക് ശേഷമാണ് ഉന്‍ ആണവ പരീക്ഷണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു.ആണവ ആക്രമണത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ രൂപത്തിലുള്ള ബാലിസ്റ്റിക് മിസൈലുകളും ആണവ പരീക്ഷണവും ഉടന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഉത്തര കൊറിയ റി എന്‍ട്രി മിസൈല്‍ ടെക്‌നോളജി സംവിധാനം കണ്ടുപിടിച്ചതായി വിശ്വസിക്കുന്നില്ലെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്റ്റേഷനില്‍ ഇതുസംബന്ധിച്ച തെളിവുകളില്ലെന്നും ദക്ഷിണ കൊറിയന്‍ അധികൃതര്‍ ആരോപിച്ചു. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ യു എന്‍ സുരക്ഷാ കൗണ്‍സിലിനോടുള്ള പരസ്യമായ പ്രകോപനമായിരിക്കുമെന്നും കൊറിയന്‍ ഉപദ്വീനോടും ലോകജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും ദക്ഷിണ കൊറിയന്‍ പ്രതിരോധ വക്താവ് സാം ഗ്യുന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തര കൊറിയയോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയുടെ ഈ നടപടി അവരെ സ്വയം ഇല്ലാതാക്കുന്നതാണെന്നും ലോകജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹെ പറഞ്ഞു. അതേസമയം കൊറിയന്‍ മേഖലയില്‍ അമേരിക്കന്‍ സൈന്യവുമായി സംയുക്തമായി നടത്തുന്ന സൈനിക പരീശീലനത്തില്‍ പ്രകോപിതാരായാണ് ഉത്തര കൊറിയ ആണവ മിസൈല്‍ പരീക്ഷിക്കാനൊരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍. ഉന്നിന്റെ പ്രസ്താവനയെ സാധൂകരിക്കും വിധം ഭരണ കക്ഷിയുടെ മുഖപത്രത്തില്‍ റോക്കറ്റിന്റെ എന്‍ജിന്റെ ചിത്രസഹിതം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here