ഭക്ഷണവും ശമ്പളവുമില്ല; ഒമാനില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ സമരത്തില്‍

Posted on: March 16, 2016 11:28 am | Last updated: March 16, 2016 at 11:30 am

laboursമസ്‌കത്ത്: മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ സമരത്തില്‍. നിസ്‌വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ബീഹാര്‍, ആന്ധ്രാ പ്രദേശ്, ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 60ല്‍ പരം തൊഴിലാളികളാണ് സമരം ആരംഭിച്ചിരിക്കുന്നത്. താമസിക്കാന്‍ കൃത്യമായ സ്ഥലവും കമ്പനി ഏര്‍പ്പെടുത്തിയിരുന്നില്ല.

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പ്രയാസപ്പെട്ടതോടെ തൊഴിലാളികള്‍ ജോലിയില്‍ നിന്ന് മാറി നിന്ന് സമരം ആരംഭിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതലാണ് ജോലിയില്‍ പ്രവേശിക്കില്ലെന്ന് പ്രഖ്യാപിച്ച് തൊഴിലാളികള്‍ സമരം തുടങ്ങിയത്. ചിലര്‍ക്ക് കുറച്ച് ശമ്പളം നല്‍കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം തൊഴിലാളികള്‍ക്കും മാസങ്ങളായി ഒന്നും നല്‍കുന്നില്ല.

തൊഴിലാളികളുടെ പ്രശ്‌നം ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പരിഹാര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, തൊഴിലാളികളെല്ലാം 50,000 രൂപ മുതല്‍ 60,000 രൂപ വരെ ഏജന്റുമാര്‍ക്ക് വിസാ ചാര്‍ജ് നല്‍കിയാണ് ജോലി നേടിയത്. ഇത് പ്രകാരം ഉണ്ടാക്കിയ കരാറില്‍ പറയുന്ന രൂപത്തിലുള്ള ശമ്പളം നല്‍കാന്‍ കമ്പനി തയാറായിട്ടില്ല. കുറച്ച് പേര്‍ക്ക് ശമ്പളം നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇവര്‍ക്കും പൂര്‍ണമായി നല്‍കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.

അതേസമയം, തൊഴിലാളികള്‍ക്ക് പകുതി ശമ്പളം നല്‍കിയിട്ടുണ്ടെന്നും ഇവരെ നാട്ടിലേക്ക് തിരികെ അയക്കാന്‍ നടപടികള്‍ ആരംഭിച്ചതായും കമ്പനി അധികൃതര്‍ പറഞ്ഞു. കമ്പനി സാമ്പത്തിക പ്രയാസത്തിലായതിനാലാണ് ശമ്പളം കൊടുക്കാന്‍ സാധിക്കാതിരുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. എന്നാല്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം കൊടുക്കാതിരുന്നത് സംബന്ധമായി കമ്പനി അധികൃതര്‍ പ്രതികരിക്കാന്‍ തയാറായില്ല.
ശമ്പളവും ഭക്ഷണവും ഇല്ലാതെ പ്രയാസത്തിലായ തൊഴിലാളികള്‍ക്ക് ആവശ്യമായ താമസ സൗകര്യവും ലഭ്യമാക്കാത്തത് കൂടുതല്‍ ദുരിതത്തിനിടയാക്കി. വൃത്തിയില്ലാത്തതും എല്ലാവര്‍ക്കും താമസിക്കാന്‍ കഴിയാത്തതുമായ മുറികളുമാണ് 60ല്‍ പരം തൊഴിലാളില്‍ക്ക് അനുവദിച്ചിരുന്നത്.