Connect with us

Kollam

കേരളത്തില്‍ അങ്കത്തിന് പുരെട്ച്ചി തലൈവിയുടെ 'മക്കളും'

Published

|

Last Updated

കൊട്ടാരക്കര: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പുരെട്ച്ചി തലൈവിയുടെ “മക്കളും” അങ്കത്തട്ടിലിറങ്ങും. ഇന്നലെ എ ഐ എ ഡി എം കെയുടെ കേരള ഘടകം നേതാക്കള്‍ തമിഴ്‌നാട്ടിലെത്തി ജയലളിതയുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ഏഴ് സീറ്റുകളില്‍ മത്സരിക്കാനാണ് ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനിച്ചത്. ഇത് ഏതൊക്കെയെന്ന കാര്യത്തില്‍ ഏകദേശ ധാരണ കൈവന്നിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. വിജയ സാധ്യത കണക്കിലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമെ പൊതുസമ്മതരെയും അങ്കത്തട്ടിലിറക്കാനാണ് തീരുമാനം.
രണ്ട് ദിവസത്തിനുള്ളില്‍ കേരള ഘടകം സംസ്ഥാന കമ്മിറ്റി ചേര്‍ന്നശേഷം വീണ്ടും ജയലളിതയെ കണ്ട് അന്തിമ തീരുമാനമെടുക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും എ ഐ ഡി എം കെയുടെ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. കൊല്ലം ജില്ലയിലെ നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കുറുമ്പാലൂര്‍ വാര്‍ഡ്, ഇടുക്കി ജില്ലയില്‍ ദേവികുളം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ്, മൂന്നാര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡ്, മറയൂര്‍ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡ്, പാലക്കാട് ജില്ലയില്‍ കൊഴിഞ്ഞാം പാറ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡ്, ഏഴാം വാര്‍ഡ്, മല്ലപ്പള്ളി പഞ്ചായത്തില്‍ പതിനാറ് എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്.
ഇവരുടെ സ്ഥാനാര്‍ഥികളെ അത്ര ഗൗരവത്തിലല്ല മറ്റ് പാര്‍ട്ടികളെടുത്തതെങ്കിലും തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞപ്പോള്‍ പല വാര്‍ഡുകളിലും നിര്‍ണായക ശക്തിയായിരുന്നു ഇവര്‍. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തമിഴ്‌നാട് മോഡല്‍ പ്രവര്‍ത്തനമായിരുന്നു ഇവിടെയും നടത്തിയത്. നെടുവത്തൂരില്‍ വോട്ടിന് പണം കൊടുത്തുവെന്ന ആരോപണം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങളുടെ മനസ്സറിഞ്ഞുള്ള പ്രവര്‍ത്തനവും പ്രകടന പത്രികയുമായിട്ടാണ് രംഗത്തിറങ്ങുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. എ ഐ ഡി എ എം കെയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്രീനിവാസന്‍ തത്സ്ഥാനത്ത് നിന്ന് മാറിയിരുന്നു. തുടര്‍ന്ന് എ എല്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി.

Latest