കന്‍ഹയ്യ കുമാറടക്കം അഞ്ചു ജെഎന്‍യു വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നിര്‍ദേശം

Posted on: March 15, 2016 9:55 am | Last updated: March 15, 2016 at 6:19 pm
SHARE

kanhayaന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറടക്കം അഞ്ചു ജെഎന്‍യു വിദ്യാര്‍ഥികളെ പുറത്താക്കാന്‍ ഉന്നതാധികാര സമിതി നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ വിസി എം. ജഗദീഷ്‌കുമാറായിരിക്കണം അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.  സംഘര്‍ഷത്തെക്കുറിച്ചന്വേഷിച്ച ഉന്നതാധികാരസമിതി സംഭവത്തില്‍ 21ഓളം വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.

അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷിച്ച സര്‍വകലാശാല നിയമിച്ച സമിതിയാണ് കന്‍ഹയ്യ അടക്കമുള്ള വിദ്യാര്‍ഥികളെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒരു മാസം നീണ്ടു നിന്ന അന്വേഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതേ സമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാത്തില്‍ 21 വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ തിങ്കളാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസില്‍ തൃപതികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ അടുത്ത നടപടിയിേക്ക് കടക്കുമെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.

സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജെഎന്‍യു വിസി എം. ജഗദീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണു തീരുമാനം. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി നിയോഗിച്ച അഞ്ചംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണു നടപടി. മാര്‍ച്ച് 16ന് മുമ്പ് മറുപടി നല്‍കണമെന്നും വിദ്യാര്‍ഥികളോടു യൂണിവേഴ്‌സിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ യൂണിവേഴ്‌സിറ്റി പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 9നാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടന്നത്. ഈ യോഗത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യകുമാര്‍, വിദ്യാര്‍ഥികളായ അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  അതേസമയം ജെഎന്‍യു വിഷയത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here