കഥപറയുന്നൊരു കത്ത്: നിങ്ങളുടെ വോട്ട് ‘നുകം വെച്ച കാള’ക്ക്

Posted on: March 14, 2016 2:52 am | Last updated: March 13, 2016 at 11:54 pm

puravrtham slegതാമരശ്ശേരി :തിരഞ്ഞെടുപ്പുകള്‍ ഹൈടെക് ആകുമ്പോള്‍ പുതു തലമുറക്ക് കൗതുക കാഴ്ചയാകുകയാണ് പഴയകാല തിരഞ്ഞെടുപ്പ് ചരിത്രം പറയുന്ന കത്ത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊത തിരഞ്ഞെടുപ്പിന് വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള കത്ത് പുതു തലുമുറക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ്. കേരള സംസ്ഥാനം രൂപവത്കരിക്കും മുമ്പെ 1952 ജനുവരി 12 ന് മദിരാശി നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിച്ചുകൊണ്ട് നല്‍കിയ കത്ത് ആശ്ചര്യത്തോടെയാണ് പലരും നോക്കി കാണുന്നത്. കിഴക്കോത്ത് പറപ്പാറമ്മല്‍ ആയിക്കോട്ടുമ്മല്‍ ഉണ്ണിപെരവന് ലഭിച്ച കത്ത് മകന്‍ താമരശ്ശേരി ചുങ്കത്ത് വേലായുധന്‍ പൊന്നുപോലെയാണ് സൂക്ഷിക്കുന്നത്.
മദിരാശി നിയമ സഭയിലേക്ക് മത്സരിച്ച കെ മാധവ മേനോന്‍, എന്‍ വെളിയന്‍, പാര്‍ലമെന്റിലേക്ക് മത്സരിച്ച പി പി ഉമ്മര്‍ കോയ എന്നിവരുടേതാണ് അഭ്യര്‍ഥന. 7-12-1951 എന്ന തീയതി കാണിക്കുന്ന കത്തില്‍ പോളിംഗ് സ്റ്റേഷനായി രേഖപ്പെടുത്തിയിരിക്കുന്നത് ന്യൂ എയ്ഡഡ് മാപ്പിള സ്‌കൂള്‍ കിഴക്കോത്ത് എന്നാണ്. നിങ്ങളുടെ വിലയേറിയ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ‘നുകം വെച്ച കാളകളു’ടെ അടയാളമുള്ള പെട്ടിയില്‍ എന്ന് രേഖപ്പെടുത്തി ചഹ്നവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്തിന്റെ അവസാന ഭാഗത്ത് നെഹ്‌റുവിന്റെ പ്രസ്ഥാവനയുമുണ്ട്.