താമരശ്ശേരി രൂപതയെ പരിഹസിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

Posted on: March 13, 2016 11:49 pm | Last updated: March 13, 2016 at 11:49 pm

tsy roopatha flex thiruvambadi (1)താമരശ്ശേരി: തിരുവമ്പാടിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് താമരശ്ശേരി രൂപത നടത്തുന്ന ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ച് മലയോരത്ത് ഫഌക്‌സുകള്‍ പ്ര്യക്ഷപ്പെട്ടു. മലയോര വികസന സമിതിയുടെ പേരില്‍ താമരശ്ശേരി രൂപത വിശ്വാസികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് കോടഞ്ചേരി കണ്ണോത്തും തിരുവമ്പാടി ടൗണിലും ഫഌക്‌സുകള്‍ സ്ഥാപിച്ചത്.
താമരശ്ശേരി രൂപത ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു, ക്രൈസ്തവ വിശ്വാസികള്‍ക്കുവേണ്ടിയോ, രാഷ്ട്രീയക്കാര്‍ക്കുവേണ്ടിയോ എന്ന തലക്കെട്ടോടെയാണ് കണ്ണോത്ത് ക്രിസ്ത്യന്‍ പള്ളിക്കു സമീപം ഫഌക്‌സ് സ്ഥാപിച്ചത്. വിശ്വാസികളുടെ ഇടയനെ നികൃഷ്ട ജീവി എന്ന് വിളിച്ചവര്‍ക്കുവേണ്ടി കൊടി പിടിക്കുന്നത് എന്തിന്, മദ്യനിരോധനം സഭ സ്വാഗതം ചെയ്യാത്തത് എന്തുകൊണ്ട്, താരമശ്ശേരി രൂപത മലയോര വികസനത്തിന്റെ പേരില്‍ വിശ്വാസികളെ പീഡിപ്പിക്കുന്നത് എന്തിന്, കസ്തൂരി രംഗന്‍ സമരത്തില്‍ കേസില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ പിരിച്ച പണം എവിടെ, സഭ വര്‍ഗീയ വിഷം കുത്തിവെക്കുന്ന വിഷപാമ്പോ തുടങ്ങിയ ആരോപണങ്ങളാണ് ഫഌക്‌സിലുള്ളത്. വിശ്വാസികള്‍ കണ്ണോത്ത് എന്ന പേരില്‍ സ്ഥാപിച്ച ഫഌക്‌സ് രാവിലെ തന്നെ നീക്കം ചെയ്തു.
താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നുവിളിച്ച് ആക്ഷേപിച്ച് വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് കൈപൊക്കാന്‍ തിരുവമ്പാടിയില്‍ സി പി എമ്മിനെ വിജയിപ്പിക്കാന്‍ മലയോര വികസന സമിതി എന്ന കടലാസു സംഘടനയുടെ പേരില്‍ നടത്തുന്ന ഗുഢനീക്കം ചെറുത്ത് തോല്‍പിക്കണമെന്നാണ് മലയോര ജനകീയ സമിതി എന്ന പേരില്‍ തിരുവമ്പാടിയില്‍ സ്ഥാപിച്ച ഫഌക്‌സുകളില്‍ പറയുന്നത്. തിരുവമ്പാടി നിയോജക മണ്ഡലം കോണ്‍ഗ്രസിന് നല്‍കണണെന്നും ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി രൂപതാ ബിഷപ്പ് ഫാദര്‍ അബ്രഹാം കാവില്‍ പുരയിടത്തിലിന്റെ നേതൃത്വത്തില്‍ മലയോര വികസന സമിതി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. സഭയുടെ നിലപാട് വിശ്വാസികളെ ഭിന്നിപ്പിക്കുന്നതാണെന്നാരോപിച്ച് കത്തോലിക് ലെമന്‍ അസോസിയേഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
കക്ഷിരാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുക വഴി താരമശ്ശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയലും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായ വൈദികരും വിദ്വേഷവും ഭിന്നതയും സൃഷ്ടിക്കുകയാണെന്നാണ് കത്തോലിക് ലെമെന്‍ അസോസിയേഷന്റെ ആരോപണം. മലയോര വികസന സമിതി സി പി എം നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനുപിന്നാലെ ഇതിന്നെതിരെ ഒരുവിഭാഗം പരസ്യമായി രംഗത്തെത്തിയത് താമരശ്ശേരി രൂപതയെ വെട്ടിലാക്കിയിരിക്കുകയാണ്.