Connect with us

Gulf

വനിതാ തൊഴില്‍ശക്തി: ജി സി സിയില്‍ ഖത്വര്‍ മുന്നില്‍

Published

|

Last Updated

ദോഹ: ജി സി സി രാഷ്ട്രങ്ങളിലെ വനിതാ തൊഴില്‍ പങ്കാളിത്തത്തില്‍ ഖത്വര്‍ മുന്നില്‍. 51 ശതമാനമാണ് ഖത്വറിന്റെ പങ്കാളിത്തം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഖത്വറില്‍ 19 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 1993- 2013 കാലയളവില്‍ യു എ ഇയില്‍ 63 ശതമാനം വര്‍ധന ആണ് രേഖപ്പെടുത്തിയത്.
ബി20 എംപ്ലോയ്‌മെന്റ് ടാസ്‌ക്‌ഫോഴ്‌സ് തയ്യാറാക്കിയ അറേബ്യയിലെ സ്ത്രീശക്തി: മേഖലാ ലിംഗ സമത്വത്തിലേക്കുള്ള വഴി തെളിയിക്കുന്നു എന്ന പേരിലുള്ള റിപ്പോര്‍ട്ടിലാണ് ഈ കാര്യമുള്ളത്. ജി സി സിയിലെ സ്‌കൂള്‍ ക്യാംപസുകളിലാണ് കൂടുതല്‍ വനിതാ തൊഴിലാളികളുള്ളത്. ഇക്കാര്യത്തിലും ഖത്വര്‍ ആണ് മുന്‍പന്തിയില്‍. സെക്കന്‍ഡറി കഴിഞ്ഞുള്ള പഠനത്തില്‍ 88 ശതമാനം വിദ്യാര്‍ഥിനികള്‍ ഖത്വറിലുണ്ട്. 76 ശതമാനവുമായി യു എ ഇയാണ് തൊട്ടുപിന്നില്‍. 31 ശതമാനം പേര്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യമുള്ളവരാണ്. അതേസമയം, ആഗോളാടിസ്ഥാനത്തില്‍ തൊഴില്‍ മേഖലയില്‍ ജി സി സിയിലെ വനിതളുടെ പങ്കാളിത്തം കുറവാണ്. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം മൂലധനവത്കരിക്കുന്നതില്‍ മറ്റ് രാഷ്ട്രങ്ങളുടെ പിന്നിലാണ് ജി സി സി. വിവിധ കാരണങ്ങളാണ് ഇതിന് പിന്നില്‍. ജി സി സിയിലെ നേതൃപദവിയിലുള്ളവര്‍ക്ക് വെല്ലുവിളികളെ സംബന്ധിച്ച് പൂര്‍ണബോധ്യമുള്ളതിനാല്‍ രാഷ്ട്രീയം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിരവധി ശാക്തീകരണ പദ്ധതികള്‍ കൊണ്ടുവന്നിരുന്നു.
വനിതകള്‍ക്ക് 60 ദിവസത്തെ മാതൃലീവ് ഖത്വര്‍ അനുവദിച്ചത് വലിയ പദ്ധതിയായി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. വനിതകളെ ആകര്‍ഷിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ വിവിധ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സൗജന്യ നഴ്‌സറിയും സ്വീകാര്യമായ തൊഴില്‍ സമയവുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ലിംഗ വിഭിന്നത ജി സി സിയിലെ വിവിധ സ്വകാര്യ കമ്പനികളുടെ പ്രധാന അജന്‍ഡയാണ്. ഈ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന പ്രതികരിച്ച 56 ശതമാനം പേരുടെയും അഭിപ്രായം സ്ത്രീകള്‍ വര്‍ധിച്ചുവെന്നാണ്. കരിറയര്‍ മെച്ചപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ജി സി സി വനിതകള്‍ ഏറെ താത്പര്യപ്പെടുന്നു. തൊഴില്‍ ശക്തിയിലില്‍ തങ്ങളുടെതായ സംഭാവന അര്‍പ്പിക്കുന്നതില്‍ വലിയ ആത്മവിശ്വാസവുമുണ്ട്. അതിന് കുടുംബം തടസ്സമല്ലെന്നും അവര്‍ ഉറച്ചുവിശ്വസിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ എട്ട് വനിതകളും കരിയറിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ്. ഏഴ് ശതമാനം പേര്‍ മാത്രമാണ് സാമ്പത്തിക ആവശ്യങ്ങള്‍ ലക്ഷ്യമാക്കി ജോലി ചെയ്യുന്നത്.

Latest