ഭീഷണിക്ക് പിറകെ ഉത്തര കൊറിയയുടെ അന്തര്‍വാഹിനി കാണാതായി: റിപ്പോര്‍ട്ട്

Posted on: March 13, 2016 12:15 am | Last updated: March 13, 2016 at 12:15 am

സിയോള്‍: ഉത്തര കൊറിയയുടെ അന്തര്‍വാഹിനി കാണാതായതായി റിപ്പോര്‍ട്ട്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനെതിരെ ഉത്തര കൊറിയ ഭീഷണി മുഴക്കിയതിന് പിറകെയാണ് സംഭവം. ഏത് തരത്തിലുള്ളതാണെന്ന് വ്യക്തമാകാത്ത അന്തര്‍വാഹിനി വടക്കന്‍ കൊറിയയുടെ തീരത്തുവെച്ചാണ് അപ്രത്യക്ഷമായത്. റിപ്പോര്‍ട്ട് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. റിപ്പോര്‍ട്ട് സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്താന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. അതേസമയം വടക്ക് കിഴക്കന്‍ തീരത്ത് അന്തര്‍വാഹിനിയെ അമേരിക്കന്‍ സൈന്യം നിരീക്ഷിച്ചുവരികയാണെന്ന് മൂന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. കാണാതായ അന്തര്‍വാഹിനിക്കായി ഉത്തര കൊറിയന്‍ നാവിക സേന തിരച്ചില്‍ നടത്തുന്നത് അമേരിക്കയുടെ ചാര ഉപഗ്രഹങ്ങളും വിമാനവും കപ്പലുകളും നിരീക്ഷിച്ച് വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം അന്തര്‍വാഹിനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണോ അല്ലെങ്കില്‍ മുങ്ങിപ്പോയതാണോ എന്നത് സംബന്ധിച്ച് അമേരിക്കക്ക് തീര്‍ച്ചയില്ലെന്നും സി എന്‍ എന്‍ റിപ്പോര്‍ട്ടിലുണ്ട്. പരിശീലനത്തിനിടെ അന്തര്‍വാഹിനി കേടായിപ്പോയതാകാമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. അതേ സമയം ഉത്തര കൊറിയ എന്തെങ്കിലും അപകടം സംഭവിച്ചതായുള്ള യാതൊരു സൂചനകളും നല്‍കിയിട്ടില്ലെന്നതിന് പുറമെ യാതൊരു വിധത്തിലുള്ള സഹായത്തിനോ അഭ്യര്‍ഥിച്ചിട്ടില്ല. അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടത്തുന്ന ദക്ഷിണ കൊറിയയെ ആക്രമിക്കുമെന്ന് നേരത്തെ ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു. ഇത്തരം ഭീഷണികളും പ്രകോപനങ്ങളും അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.