ആധാര്‍ ബില്‍: പാര്‍ലിമെന്റ് സമ്മേളനം നീട്ടണമെന്ന് പ്രതിപക്ഷം

Posted on: March 12, 2016 11:43 pm | Last updated: March 12, 2016 at 11:43 pm

aadhaarന്യൂഡല്‍ഹി: ആധാര്‍ ബില്‍ ഉള്‍പ്പെടെ രാജ്യത്തെ പൗരന്മാരെ നേരിട്ട് കാര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലിമെന്റ് സമ്മേളനത്തിന്റെ ആദ്യസെഷന്‍ രണ്ട് ദിവസം കൂടി നീട്ടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റ്, ആധാര്‍ ബില്‍ തുടങ്ങിയവ വിശദമായി ചര്‍ച്ച ചെയ്യാന്‍ ആദ്യ സെഷനില്‍ അനുവദിച്ച സമയം മതിയാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം നിലപാടറിയിച്ചത്.
സര്‍ക്കാറിന് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ എതിര്‍പ്പ് നേരിടുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് കേന്ദ്രാ സര്‍ക്കാര്‍ ആധാര്‍ ബില്‍ ധനബില്ലായി അവതരിപ്പിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. ആധാര്‍ ബില്ല് ധന ബില്ലായി അവതരിപ്പിക്കാനാവില്ലെന്ന വാദം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ഇക്കാര്യങ്ങളടക്കം വിശദമായ ചര്‍ച്ചക്ക് വിധേയമാക്കാനാണ് ഇപ്പോള്‍ രാജ്യസഭ നേരത്തെ തീരുമാനിച്ചതിനെക്കാള്‍ രണ്ട് ദിവസം കൂടി നീട്ടണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ബിസിനസ് അഡൈ്വസറി കമ്മിറ്റിയിലാണ് സമ്മേളനം നീട്ടണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്.
ബജറ്റ് സമ്മേളനത്തിന്റെ ഇപ്പോള്‍ നടക്കുന്ന സെഷനില്‍ മൂന്ന് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും വിരമിക്കാനിരിക്കുന്ന എം പിമാരുടെ വിടവാങ്ങല്‍ പ്രസംഗങ്ങളും റെയില്‍വേ, കേന്ദ്ര ബജറ്റുകളിന്മേലുള്ള ചര്‍ച്ചകളും ഈ ദിവസങ്ങളില്‍ നടക്കുമെന്നതിനാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. അതിനാലാണ് പ്രതിപക്ഷം അധികദിവസം ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ഒന്നാംഘട്ടം ഈ മാസം 16നാണ് അവസാനിക്കുക. അടുത്ത മാസം 25നാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംസെഷന്‍ ആരംഭിക്കുക.
അതേസമയം ഈ സമ്മേളനത്തിലെ ബജറ്റ് അവതരണ ദിവസമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഇരു സഭകളും പ്രതിപക്ഷ ബഹളത്താല്‍ മുങ്ങുകയും തടസപ്പെടുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് പാര്‍ലിമെന്റ് സമ്മേളനങ്ങളും സമാന രീതിയില്‍ തന്നെയാണ് സമാപിച്ചത്.