ഖത്വര്‍ സ്വദേശി സമൂഹത്തില്‍ 15 ശതമാനം കുറഞ്ഞ വരുമാനക്കാര്‍

Posted on: March 12, 2016 7:41 pm | Last updated: March 12, 2016 at 7:41 pm

qatar currencyദോഹ: ഖത്വരി സമൂഹത്തില്‍ പ്രതിമാസ കുടുംബ വരുമാനം 20,000 റിയാലില്‍ താഴെയുള്ളവര്‍ 15 ശതമാനമുണ്ടെന്ന് പഠനം. ഖത്വര്‍ യൂനിവേഴ്‌സിറ്റി സോഷ്യല്‍ ആന്‍ഡ് എകണോമിക് സര്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
സ്വദേശികളുടെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് വിശദമായ പഠനമാണ് യൂനിവേഴ്‌സിറ്റി നടത്തിയത്. രാജ്യത്ത് ജോലി ചെയ്ത് ജീവിക്കുന്ന വിദേശിളുമായി വരുമാനത്തില്‍ വളരേ വിദൂരത്തു നില്‍ക്കുന്ന സ്വദേശികളുണ്ട്. പ്രതിമാസം 20,000 ല്‍ കുറവ് വരുമാനമുള്ള കുടുംബങ്ങളെയും അവര്‍ എങ്ങനെ ജീവിക്കുന്നു എന്നതു സംബന്ധിച്ചും വിശദമായ പഠനമാണ് നടത്തിയതെന്ന് ഇന്റസ്റ്റിറ്റിയൂട്ട് പ്രതിനിധി മേരി ഡിയേഴ്‌സ് പറഞ്ഞതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എണ്ണവിലക്കുറവു സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കം സ്വദേശികളെ എങ്ങനെ ബാധിക്കുന്നുവെന്നും പഠനവിധേയമാക്കിയിട്ടുണ്ട്. പൂര്‍ണ റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനത്തോടെയേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
പൗരന്‍മാരമായി നടത്തുന്ന അനൗപചാരിക സംഭാഷണങ്ങളിലൂടെയാണ് ഗവേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നത്. രാജ്യത്തെ ശരാശരി ജീവിതത്തിന് കുറഞ്ഞത് 45,000 റിയാല്‍ ശമ്പളം വേണ്ടിവരുമെന്ന് സര്‍വേയില്‍ പങ്കെടുത്ത സ്വദേശികള്‍ പറയുന്നു.പ്രതിമാസം 20,000ല്‍ താഴെ വരുമാനമുള്ളവര്‍ ജീവിക്കാന്‍ ഞെരുക്കം അനുഭവിക്കുന്നുണ്ട്. ഭക്ഷണം, പാര്‍പ്പിടം, വാഹനം എന്നീ രംഗങ്ങളിലെല്ലാം പ്രയാസം നേരിടുന്നുണ്ട്. അതേസമയം, സ്വേദശികളുടെ ശരാശരി വരുമാനം 88,000 റിയാലണ്. ഈ തുകയുടെ നാലിലൊന്നില്‍ താഴെ മാത്രമാണ് 15 ശതമാനം ആളുകളുടെ വരുമാനം എന്നതാണ് ഖത്വര്‍ യൂനിവേഴ്‌സിറ്റി സര്‍വേ കണ്ടെത്തുന്ന ശ്രദ്ധേയമായ കാര്യം.
സാമൂഹിക സാഹചര്യങ്ങള്‍ സ്വദേശികളെ അധികച്ചെലവിനു പ്രേരിപ്പിക്കുന്നുണ്ട്. കാര്‍, ഹാന്‍ഡ് ബേഗ്, വാച്ച് എന്നിവ വാങ്ങുന്നതിനു വരെ വലിയ തോതില്‍ പണം ചെലവിടേണ്ടി വരുന്നു. യുവ സമൂഹം കൂടുതല്‍ പണം ചെലവഴിക്കുന്നവരാണ്. വിവാഹം പോലുള്ള സന്ദര്‍ഭങ്ങള്‍ വലിയ തുക ചെലവിടുന്നു. വിവാഹം വലിയ സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്ന സന്ദര്‍ഭമാണെന്ന് ഖത്വരി യുവാക്കള്‍ പ്രതികരിക്കുന്നു.
ഖത്വറില്‍ നേരിട്ടുള്ള ദാരിദ്ര്യം ഇല്ലെന്ന് സര്‍വേ കണ്ടെത്തുന്നു. എന്നാല്‍ അതിന്റെ സാമീപ്യമുണ്ട്. കാഴ്ചയില്‍ ധനികരെന്നു പ്രതീക്ഷിക്കുന്ന പലരും ധനികരല്ല. എന്നാല്‍, സാമ്പത്തികാവസ്ഥ പ്രദര്‍ശിപ്പിക്കുന്നതിന് സ്വദേശികള്‍ ഇഷ്ടപ്പെടുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.