ബാള്‍ക്കന്‍ അഭയാര്‍ഥി റൂട്ട് അടച്ചിടുന്നതിനെതിരെ ജര്‍മനി

Posted on: March 11, 2016 11:19 am | Last updated: March 11, 2016 at 11:19 am
angela
ആഞ്ചെല മെര്‍ക്കല്‍, ഡൊണാള്‍ഡ് ടസ്‌ക്‌

ബെര്‍ലിന്‍: അഭയാര്‍ഥികള്‍ക്ക് മുമ്പില്‍ ബാള്‍ക്കന്‍ അഭയാര്‍ഥി റൂട്ട് അടച്ചിടാനുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍ രംഗത്തെത്തി. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ഈ തീരുമാനം ഗ്രീസിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂനിയനില്‍ അംഗത്വമുള്ള ആസ്ത്രിയ, സ്ലോവേനിയ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളും സെര്‍ബിയ, മെസിഡോണിയ എന്നീ യൂറോപ്യന്‍ യൂനിയനില്‍ അംഗത്വമില്ലാത്ത രാജ്യങ്ങളും അഭയാര്‍ഥികളെ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. തുര്‍ക്കിയില്‍ നിന്നാണ് ഗ്രീസിലേക്ക് അഭയാര്‍ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഭയാര്‍ഥി പ്രവാഹം കുറക്കുന്നതിന് വേണ്ടി കഴിഞ്ഞ ആഴ്ച തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ചില ധാരണകളിലെത്തിയിരുന്നു. തുര്‍ക്കിയില്‍ നിന്ന് യൂറോപ്പിലെത്തിയ മുഴുവന്‍ അഭയാര്‍ഥികളെയും തിരിച്ചെടുക്കുമെന്നാണ് ധാരണ.

എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ് തുര്‍ക്കിയും ഇ യുവും തമ്മിലെത്തിയ ഈ ധാരണയെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു. യൂറോപ്പിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റം ഇതുവഴി അവസാനിപ്പിക്കാനാകുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് അഭിപ്രായപ്പെട്ടു.

തങ്ങളുടെ അതിര്‍ത്തിവഴി യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ പ്രവേശം ബാള്‍ക്കന്‍ വഴി അടച്ചിടുന്നതിലൂടെ തടസപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ആസ്ത്രിയയാണ് നടപടിക്ക് തുടക്കം കുറിച്ചത്. ഇതിന് തൊട്ടടുത്ത ദിവസം സ്ലോവേനിയയും നിലപാട് വ്യക്തമാക്കി. രാജ്യത്ത് അഭയം തേടിയെത്തുന്നവരെ മാത്രമോ, അല്ലെങ്കില്‍ മാനുഷിക സഹായം ആവശ്യമുള്ളവരെയോ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂ എന്ന് സ്ലോവേനിയയും നിലപാടറിയിച്ചു. ഇതിന് പിന്നാലെ സെര്‍ബിയയും ക്രൊയേഷ്യയയും ഇതേ നിലപാടുമായി രംഗത്തെത്തി. കഴിഞ്ഞ ബുധനാഴ്ച ഗ്രീസുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗം മെസിഡോണിയയും പൂര്‍ണമായും അടച്ചിട്ടു. ഇപ്പോള്‍ ഗ്രീക്കുമായി അതിര്‍ത്തി പങ്കിടുന്ന ഇദോമെനിയില്‍ 14,000ത്തിലധികം അഭയാര്‍ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്.

ബ്രസല്‍സില്‍ നടന്ന ഉച്ചകോടിയില്‍ ബാള്‍ക്കന്‍ വഴി അടച്ചിടുകയാണെന്ന് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കല്‍ ഈ നടപടിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. തെറ്റായ രീതിയാണ് ഇതെന്നായിരുന്നു അവരുടെ പ്രതികരണം. ബ്രസല്‍സ് ഉച്ചകോടിയിലെ ഈ നിലപാട് ഇവര്‍ ഇന്നലെയും ആവര്‍ത്തിച്ചു. അതിര്‍ത്തികള്‍ അടച്ചിടുന്നത് അഭയാര്‍ഥിപ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന് അവര്‍ എം ഡി ആര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബാള്‍ക്കന്‍ വഴി അടച്ചിട്ടാല്‍ അഭയാര്‍ഥികളുടെ എണ്ണം കുറയുമെങ്കിലും ഗ്രീസിനെ അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. തുര്‍ക്കിയുമായി ഒരു കരാറിലെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഗ്രീസിന് ഇതുമായി കൂടുതല്‍ കാലം മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് 28 യൂറോപ്യന്‍ യൂനിയന്‍ അംഗത്വമുള്ള രാജ്യങ്ങളും സംയുക്തമായി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.