എല്‍ ഡി എഫ് സ്ഥാനാര്‍ഥി പട്ടിക വൈകും

Posted on: March 11, 2016 9:15 am | Last updated: March 11, 2016 at 9:15 am

ldfതിരുവനന്തപുരം: എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി പട്ടിക വൈകും. തിരഞ്ഞെടുപ്പിന് രണ്ടുമാസത്തിലേറെ സമയമുള്ളതിനാല്‍ അഭിപ്രായ ഭിന്നതകള്‍ പൂര്‍ണമായി പരിഹരിച്ച ശേഷം പ്രഖ്യാപനം എന്നതാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി 20നു പട്ടിക പുറത്തിറക്കാനായിരുന്നു മുന്‍ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ഇനിയും വൈകും.

അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ സിപിഎം തുടരും. ജില്ലാ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും 13ലെ സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യും. കഴിഞ്ഞതവണ സിപിഎം ഒറ്റക്ക് മത്സരിച്ച 84 മണ്ഡലങ്ങളിലെയും സ്വതന്ത്രരെ മത്സരിപ്പിച്ച മറ്റു ഒമ്പതു സീറ്റുകളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തിലാകും ധാരണയിലെത്തുക. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള എന്നിവരും പങ്കെടുക്കും.
വി എസിന്റെയും പിണറായിയുടെയും സ്ഥാനാര്‍ഥിത്വവും ചര്‍ച്ചക്കു വരും. ഇക്കാര്യത്തിലെ പി ബി നിലപാട് നേതാക്കള്‍ സെക്രട്ടേറിയറ്റിനെ അറിയിക്കും.ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായതിനു ശേഷം മാത്രമാകും സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.
സി പി എമ്മിന്റെ പാത പിന്തുടര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മെല്ലെപ്പോക്കിനു തന്നെയാണ് സി പി ഐ നീക്കവും. അന്തിമ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഈ മാസം 19നു നിശ്ചയിച്ച സംസ്ഥാന കൗണ്‍സില്‍ യോഗം നീട്ടാന്‍ ആലോചിക്കുന്നു. ഇന്നു രാവിലെ ചേരുന്ന എക്‌സിക്യൂട്ടീവിലും ഉച്ചക്ക് ശേഷം ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലുമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.