അറബികളുടെ കുതിരക്കമ്പത്തിലേക്ക് വെളിച്ചം വീശി ഡിജിറ്റല്‍ ലൈബ്രറി

Posted on: March 10, 2016 7:54 pm | Last updated: March 10, 2016 at 7:54 pm
digi horse
ഖത്വര്‍ ഡിജിറ്റല്‍ ലൈബ്രറിയിലെ കൈയെഴുത്തുപ്രതി

ദോഹ: അറബ് സമൂഹത്തിന്റെ കുതിരക്കമ്പത്തിന്റെ പാരമ്പര്യത്തിലേക്ക് വെളിച്ചം വീശി ഖത്വര്‍ ഡിജിറ്റല്‍ ലൈബ്രറിയിലെ അപൂര്‍വ കൈയെഴുത്തു പ്രതികളും ഗ്രന്ഥങ്ങളും.
ബഗ്ദാദിലെ എച്ച് ബി എം മുന്‍ കോണ്‍സുല്‍ ജനറലും ബ്രിട്ടീഷ് ഇന്ത്യയുടെ തുര്‍ക്കിഷ് അറേബ്യയിലെ പ്രതിനിധിയുമായിരുന്ന മേജര്‍ ജനറല്‍ വില്യം ട്വീഡിയുടെ ദ അറേബ്യന്‍ ഹോഴ്‌സ്, ഹിസ് കണ്‍ട്രി ആന്‍ഡ് അറബ് പീപ്പിള്‍ എന്ന 1894ല്‍ പ്രസിദ്ധീകരിച്ച പുസ്തകം അറബ് ലോകത്തിന്റെ കുതിര പ്രിയത്തിലേക്ക് വെളിച്ചം വീശുന്നതാണ്.
അറേബ്യന്‍ ജനതയുടെയും അറേബ്യന്‍ കുതിരകളുടെയും രേഖാചിത്രങ്ങളും കുതിരകളുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ട്വീഡി പിന്നീട് അറബ് ജനതയെയും കുതിരകളെയും സംബന്ധിച്ചുള്ള പഠനത്തില്‍ മുഴുകുകയായിരുന്നു.
അറബ് കുതിരകളെയും മറ്റും കൂടുതല്‍ അറിയുന്നതിന് നിരവധി സ്രോതസ്സുകള്‍ ഖത്വര്‍ ഡിജിറ്റല്‍ ലൈബ്രറി ഒരുക്കിയിട്ടുണ്ട്. മൃഗപരിപാലനവുമായി ബന്ധപ്പെട്ട് നിരവധി അറബി എഴുത്തുകാരുടെ ഗ്രന്ഥങ്ങളും ലഭ്യമാണ്.