വിജയ് മല്യ രാജ്യംവിട്ടതായി സര്‍ക്കാര്‍

Posted on: March 9, 2016 3:58 pm | Last updated: March 10, 2016 at 9:34 am

vijay mallyaന്യൂഡല്‍ഹി: കടക്കെണിയിലായ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ രാജ്യംവിട്ടതായി കേന്ദ്രസര്‍ക്കാര്‍. മല്യ രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് മല്യ രാജ്യംവിട്ടതായി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്. മാര്‍ച്ച് രണ്ടിന് രാജ്യംവിട്ടതായാണ് സിബിഐ നല്‍കുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുകളുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി മല്യയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ നോട്ടീസ് അയക്കാനാണ് കോടതി നിര്‍ദേശം. 7000 കോടി രൂപയുടെ ബാധ്യത വരുത്തിയ മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയെ സമീപിച്ചത്.

മദ്യക്കമ്പനി ഡയാജിയോക്ക് കൈമാറിയ വകയില്‍ മല്യക്ക് ലഭിക്കാനുള്ള 515 കോടി രൂപ എസിബിഐയുടെ പരാതി പ്രകാരം ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ കഴിഞ്ഞദിവസം തടഞ്ഞുവെച്ചിരുന്നു. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍, ജസ്റ്റിസ് യുയു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.