Connect with us

Gulf

ഗള്‍ഫ് റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ജി സി സി

Published

|

Last Updated

ദുബൈ: 25,000 കോടി ദിര്‍ഹം ചെലവുവരുന്ന ജി സി സി റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ജി സി സി അസി.സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ ജുമ അല്‍ ഷിബിലി. ദുബൈയില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് റെയില്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെയും ഇന്നുമായി നടക്കുന്ന റെയില്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അല്‍ ഷാബിലി, റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജി സി സി രാജ്യങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അതേസമയം പദ്ധതി എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാന്‍ കഴിയില്ലെന്ന് യു എ ഇ പശ്ചാത്തല വികസന മന്ത്രി അബ്ദുല്ല ബില്‍ ഹൈഫ് അല്‍ നുഐമി നേരത്തെ വ്യക്തമാക്കിയിരുന്നു. 2018ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് മന്ത്രി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
എണ്ണവിലയില്‍ ഇടിവ് സംഭവിച്ചതോടെ കഴിഞ്ഞ 18 മാസമായി ജി സി സി രാജ്യങ്ങള്‍ ചെലവുകള്‍ പരമാവധി വെട്ടിക്കുറച്ചാണ് മുന്നോട്ടുപോകുന്നത്.
ജി സി സി റെയില്‍ പദ്ധതി 2016 അവസാനമാകുമ്പോഴേക്കും പൂര്‍ത്തീകരിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ തുടങ്ങിയതോടെ തിയ്യതി മാറ്റുകയായിരുന്നുവെന്ന് ജി സി സി അസി. സെക്രട്ടറി അല്‍ ഷിബിലി വിശദീകരിച്ചു. ഇനി എപ്പോഴായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുകയെന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.
1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജി സി സി റെയില്‍ പദ്ധതി കാലതാമസം നേരിട്ടാലും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും മികച്ച നിലവാരമുള്ള റെയില്‍ പദ്ധതിയാവും ഇതെന്നും അദ്ദേഹം പറഞ്ഞു.

Latest