മതേതരത്വം കാത്തുസൂക്ഷിക്കണം: കാന്തപുരം

Posted on: March 9, 2016 11:54 am | Last updated: March 9, 2016 at 11:54 am

Kanthapuram AP Aboobacker Musliyarപയ്യോളി: രാജ്യത്ത് മതേതരത്വവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇന്ത്യ ഇന്ത്യക്കാരുടേതാണെന്നും എല്ലാ മതവിഭാഗങ്ങലും സ്‌നേഹത്തിലും സാഹോദര്യത്തിലും വര്‍ത്തിക്കണമെന്നുമാണ് രാഷ്ട്ര ശില്‍പ്പികളായ മഹാന്മാര്‍ ആഗ്രഹിച്ചത്. അത് സഫലമാകണമെങ്കില്‍ നാം സഹിഷ്ണുതയുള്ളവരാകണം. രാജ്യത്തെ ഓരോ പൗരനും ഭരണഘടനാനുസൃതമായി സ്വന്തം താത്പര്യത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായി ജീവിക്കാനുള്ള സാഹചര്യം ഭരണകൂടങ്ങള്‍ ഉറപ്പുവരുത്തണമെന്നും കാന്തപുരം പറഞ്ഞു.

പുറക്കാട് ഹിദായത്തുല്‍ ഇസ്‌ലാം റഫറല്‍ അക്കാദമിയുടെ കെട്ടിടോദ്ഘാടനവും വി എം മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ രചിച്ച അറബി വ്യാകരണ ശാസ്ത്ര പുസ്തകത്തിന്റെ പ്രകാശനും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറക്ക് അറബിഭാഷ പഠിക്കുന്നതിനുള്ള കൈപ്പുസ്തകമാണ് മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ രചനയെന്ന് കാന്തപുരം സൂചിപ്പിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി അലി ബാഫഖി തങ്ങള്‍ ഏറ്റുവാങ്ങി. സൈന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോയ മാസ്റ്റര്‍ കിണാശ്ശേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. വി എം മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അഫ്‌സല്‍ കൊളാരി, ടി എ കെ മൊയ്തു ഫൈസി, നാസര്‍ സഖാഫി, ഹുസൈന്‍ മിസ്ബാഹി, ഉമര്‍ സഖാഫി കേച്ചേരി, കമ്മന ഉമര്‍ ഹാജി സംസാരിച്ചു. സിറാജുദ്ദീന്‍ സഖാഫി പ്രാര്‍ഥന നടത്തി. ഇസ്മാഈല്‍ പുറക്കാട് സ്വാഗതവും ശമീര്‍ കാപ്പാട് നന്ദിയും പറഞ്ഞു.