നെതന്യാഹു – ഒബാമ ബന്ധം വഷളാകുന്നു

Posted on: March 9, 2016 10:01 am | Last updated: March 9, 2016 at 10:01 am

obama nethanahuജറൂസലം: യു എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്‌റാഈല്‍ സന്ദര്‍ശനം ഒരു വശത്ത് നടക്കുന്നതിനിടെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും തമ്മിലുള്ള ബന്ധത്തില്‍ അപസ്വരങ്ങളുയരുന്നു.
ഈ മാസം അവസാനത്തില്‍ വാഷിംഗ്ടണില്‍ വെച്ച് ഒബാമയുമായുമായി കൂടിക്കാഴ്ച്ച നടത്താനുള്ള അമേരിക്കയുടെ ക്ഷണം ബെഞ്ചമിന്‍ നെതന്യാഹു നിരസിച്ചിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് ആദ്യം വൈറ്റ് ഹൗസ് ഇക്കാര്യമറിഞ്ഞത്. നെതന്യാഹുവിന്റെ ഈ തീരുമാനം വൈറ്റ് ഹൗസ് വൃത്തങ്ങള്‍ക്കിടയില്‍ ആശ്ചര്യമുളവാക്കിയിരുന്നു.

ക്ഷണം നിരസിക്കാനുള്ള തീരുമാനം ശരിവെച്ച നെതന്യാഹുവിന്റെ ഓഫീസ്, അമേരിക്കയില്‍ ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന പ്രൈമറി പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇടപെടേണ്ടതില്ലെന്ന നെതന്യാഹുവിന്റെ തീരുമാനമാണ് ക്ഷണം നിരസിക്കുന്നതിന് കാരണമെന്ന് നടപടിയെ ന്യായീകരുക്കുകയും ചെയ്തു.

ഇറാന്‍ ആണവക്കരാറിനോടുള്ള നെതന്യാഹുവിന്റെ കടുത്ത എതിര്‍പ്പാണ് ഇരുവര്‍ക്കുമിടയിലെ ശക്തമായ വ്യക്തി ബന്ധത്തില്‍ ആദ്യ പോറലേല്‍പ്പിച്ചത്. ഇതോടൊപ്പം, ഇസ്‌റാഈല്‍ – ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തില്‍ കാര്യമായ പുരോഗതികളൊന്നും നേടാനാകാതെ ഒബാമ അധികാരത്തില്‍ നിന്നും പടിയിറങ്ങാനൊരുങ്ങി നില്‍ക്കവേ, കഴിഞ്ഞ രണ്ട് വര്‍ഷമായി സ്തംഭിച്ചിരിക്കുന്ന സമാധാന ശ്രമങ്ങളെ പുനരുജ്ജീവിക്കാന്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തുമെന്ന സൂചനകളുമുണ്ട്.

ഇതിനായി ഇസ്‌റാഈല്‍ – ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായി യു എന്നില്‍ കൊണ്ടുവരുന്ന പ്രമേയങ്ങളെ ഇസ്‌റാഈല്‍ എതിര്‍പ്പ് മൂലം വീറ്റോ ചെയ്യുന്ന പരമ്പരാഗത ഏര്‍പ്പാടില്‍ നിന്നും അമേരിക്ക ഇത്തവണ പിന്മാറുമെന്നും അഭ്യൂഹങ്ങളുണ്ട്.
സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനും, സാധ്യമായ ഒരു പ്രമേയം കൊണ്ടുവരാനുമുള്ള പദ്ധതികളുടെ പിന്നാലെയാണ് വൈറ്റ്ഹൗസെന്നും, പ്രസിഡന്റ് ഒബാമ അവസാനമായി പങ്കെടുക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിയില്‍ ഇത് വ്യക്തമാകുമെന്നും ഉന്നത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ മുതല്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി വരെയുള്ള കാലയളവില്‍ നെതന്യാഹുവിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒബാമ പ്രവര്‍ത്തിക്കുമോ എന്ന ഭയം ജറൂസലേമിലുണ്ടെന്ന് ഇസ്‌റാഈല്‍ നിന്നുള്ള പ്രതികരണങ്ങളും വ്യക്തമാക്കുന്നുണ്ട്.
എന്നാലും, ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധം ഇപ്പോഴും ശക്തമാണെന്ന് സൂചിപ്പിച്ച്, അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു വശത്തേക്ക് മാറ്റിവെച്ച്, പത്ത് വര്‍ഷത്തേക്ക് ഇസ്‌റാഈലിന് പ്രതിരോധ സഹായം നല്‍കുന്ന പാക്കേജ് കഴിഞ്ഞ മാസം അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ ടെല്‍ അവീവില്‍ എത്തിയ ജോ ബൈഡന്‍ ഇന്ന് നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തും. ഇതോടൊപ്പം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനേയും കാണും. പുതിയ പ്രതിരോധ സഹായങ്ങളും, ഇസിലിനെതിരായുള്ള പോരാട്ടവും ചര്‍ച്ചയില്‍ വിഷയമായേക്കും.

എന്നാല്‍ കഴിഞ്ഞ ഒക്‌ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം അക്രമ സംഭവങ്ങളില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടെങ്കിലും സമാധാന ശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ചകളൊന്നും ബൈഡന്‍ നടത്തില്ലെന്ന് വൈറ്റ് ഹൈസ് വ്യക്തമാക്കിയിട്ടുണ്ട്.