കേരള ട്രാവല്‍മാര്‍ട്ട് സെപ്തംബറില്‍ കൊച്ചിയില്‍

Posted on: March 9, 2016 5:44 am | Last updated: March 8, 2016 at 11:45 pm

Icon_71കൊച്ചി: അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ മുഖമുദ്രയാകാന്‍ പോകുന്ന മുസിരിസ് പൈതൃക പദ്ധതിയും ഉത്തരവാദിത്ത ടൂറിസവുമായിരിക്കും കേരള ട്രാവല്‍മാര്‍ട്ടിന്റെ മുഖ്യ പ്രമേയം. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററില്‍ സെപ്തംബര്‍ 28 മുതല്‍ 30 വരെയാണ് മേള.
പുതിയ അന്താരാഷ്ട്ര വിനോദ സഞ്ചാര മേഖലകള്‍ തേടുന്നതിന് കേരള ടൂറിസത്തിന് ഏറെ സഹായകരമാകുന്നതാണ് കേരള ട്രാവല്‍മാര്‍ട്ട്. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് നടക്കുന്ന ട്രാവല്‍മാര്‍ട്ടില്‍ ഉത്തരവാദിത്ത ടൂറിസമെന്നത് പ്രമേയമാക്കുമെന്ന് ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് പറഞ്ഞു. പുതിയ വിനോദ സഞ്ചാര സാധ്യതകള്‍ കണ്ടെത്തുന്നതിന് ഇത് സഹായകരമാകും. ടൂറിസം മേഖലക്കു പുറമെ സാധാരണക്കാരെക്കൂടികണക്കിലെടുത്താണ് ഇത് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. വിദേശആഭ്യന്തര വിഭാഗങ്ങളിലായി 265 സ്റ്റാളുകളാണ് ട്രാവല്‍മാര്‍ട്ടില്‍ ഒരുക്കിയിട്ടുളളത്. ബയേഴ്‌സ് രജിസ്‌ട്രേഷന്‍ ജൂലായ് 29 വരെയുണ്ടാകും. സെല്ലേഴ്‌സും ബയേഴ്‌സുമായി മെച്ചപ്പെട്ട ആശയവിനിമയത്തിനുളള അവസരമൊരുക്കുമെന്ന് ഏബ്രഹാം ജോര്‍ജ് പറഞ്ഞു. ബിസിനസ് ടു ബിസിനസ് മീറ്റിനുളള അവസരവുമുണ്ടാവും. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട എല്ലാവിഭാഗങ്ങള്‍ക്കും കേരള ട്രാവല്‍മാര്‍ട്ടില്‍ പ്രാതിനിധ്യമുണ്ടാകും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ, ഹൗസ്‌ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയെയെല്ലാം ഒരുകുടക്കീഴില്‍ അണിനിരത്തുകയെന്ന ദൗത്യമാണ് ട്രാവല്‍മാര്‍ട്ടിനുളളത്.2014 ല്‍ നടന്ന കേരള ട്രാവല്‍മാര്‍ട്ടില്‍ ആയിരത്തിലേറെ ബയര്‍മാരാണ് പങ്കെടുത്തത.് അമേരിക്കയില്‍നിന്നുളള വിനോദ സഞ്ചാരികളുടെ എണ്ണം അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍കൂട്ടുകയെന്നതാണ് ലക്ഷ്യം.
ആഭ്യന്തര വിഭാഗത്തില്‍ നിന്ന് 854 ബയേഴ്‌സും 45 രാജ്യങ്ങളില്‍ നിന്നായി 234 ബയേഴ്‌സുമാണ് കഴിഞ്ഞ തവണ പങ്കെടുത്തത്. മൂന്നുദിവസം കൊണ്ട് 40,000 കൂടിക്കാഴ്ചകളാണ് നടന്നത്. യു കെ, ജര്‍മനി, ഫ്രാന്‍സ്, മലേഷ്യ, യു എസ് എ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം പങ്കാളിത്തമുണ്ടായത്. പുതുതലമുറയിലെ വിനോദ സഞ്ചാര ലക്ഷ്യ സ്ഥാനങ്ങളായ സിംഗപ്പൂര്‍, പോളണ്ട്, റുമേനിയ, ചെക്ക് റിപ്പബ്ലിക്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും കേരള ട്രാവല്‍മാര്‍ട്ടില്‍ പങ്കാളിത്തമുണ്ടായിരുന്നു.