Connect with us

Editorial

പ്രസവിക്കാന്‍ കത്തിയെടുക്കണോ?

Published

|

Last Updated

കേരളത്തില്‍ പ്രസവ ശസ്ത്രക്രിയകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. സംസ്ഥാനത്തെ ആശുപത്രികളിലെ പ്രസവങ്ങളില്‍ 41 ശതമാനവും ശസ്ത്രക്രിയയിലൂടെയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. സ്വകാര്യ ആശുപത്രികളിലെ നിരക്ക് 41.21 ശതമാനവും സര്‍ക്കാര്‍ ആശുപത്രികളിലേത് 39.75 ശതമാനവുമാണ്. എറണാകുളം ജില്ലയില്‍ ഇത് 57.2 ആണ്. ദേശീയ തലത്തില്‍ പത്ത് ശതമാനത്തില്‍ താഴെയാണ് നിരക്ക്. കേരളത്തില്‍ തന്നെ പത്ത് വര്‍ഷം മുമ്പ് 10 ശതമാനത്തിന് താഴെയായിരുന്നു. അതാണിപ്പോള്‍ 40 ശതമാനത്തിലേറെയായി ഉയര്‍ന്നത്.
പ്രസവ ശസ്ത്രക്രിയ 15 ശതമാനത്തില്‍ പരിമിതപ്പെടുത്തണമെന്നും സാധാരണ പ്രസവം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. ശിശുവിന്റെ ജീവന് അപകടം, മാതാവിന്റെ ഇടുപ്പെല്ലിന് വികാസക്കുറവ്, പ്രഷര്‍, ഷുഗര്‍, ബ്ലീഡിംഗ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍, ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ തുടങ്ങി അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ശസ്ത്രക്രിയ നടത്താന്‍ പാടുള്ളൂ എന്നാണ് ചട്ടം. മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാറും ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനായി ആശുപത്രി മാനേജ്‌മെന്റും ഡോക്ടര്‍മാരും ഈ ചട്ടങ്ങള്‍ അവഗണിക്കുകയും പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയുമാണ്. നേരത്തെ സ്വകാര്യ ആശുപത്രികളില്‍ കണ്ടുവന്നിരുന്ന ഈ പ്രവണത സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ചു സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയ നിരക്കില്‍ 1.46 ശതമാനത്തിന്റെ കുറവേയുള്ളൂ. പ്രസവ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്ന് അവിഹിതമായി പ്രത്യേക തുക ഈടാക്കി വരുന്നുണ്ട.് ഈ സാമ്പത്തിക താത്പര്യമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ വര്‍ധനവിന് പിന്നിലെന്നാണ് പറയുന്നത്.
പ്രസവ ശസ്ത്രക്രിയയുടെ വര്‍ധനവില്‍ ഡോക്ടര്‍മാര്‍ക്കെന്ന പോലെ ഗര്‍ഭിണിക്കും ബന്ധുക്കള്‍ക്കും പങ്കുണ്ട്. അല്‍പ്പം പ്രയാസവും വേദനയും സഹിക്കാന്‍ ഇന്നത്ത സ്ത്രീകള്‍ തയാറാല്ല. വേദനയില്ലാത്ത സുഖപ്രസവമാണ് അവര്‍ ആഗ്രഹിക്കുന്നത്. നല്ല നക്ഷത്ര നാള്‍ പോലെയുള്ള ചില പ്രത്യേക സമയങ്ങളില്‍ പ്രസവം നടക്കുന്നതിന് ഗര്‍ഭിണികളും ബന്ധുക്കളും ശസ്ത്രക്രിയ ആവശ്യപ്പെട്ടുവരുന്നതായും ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ പ്രസവ ശസ്ത്രക്രിയ അത്ര സുരക്ഷിതമല്ലെന്നും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് പഠനങ്ങള്‍ കണ്ടെത്തിയത്. നട്ടെല്ലില്‍ കുത്തിവെച്ചുള്ള സ്‌പൈനല്‍ അനസ്തീസിയ രീതിയാണ് സിസേറിയന് കൂടുതലായി ഉപയോഗിക്കുന്നത്. ഇതുമൂലം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന നടുവേദന കണ്ടുവരുന്നുണ്ട്. ജനറല്‍ അനസ്തീസിയക്കും അതിന്റേതായ പാര്‍ശ്വഫലങ്ങളുണ്ട്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഫലോപ്പിയന്‍ ട്യൂബിനുണ്ടാവാനിടയുള്ള മാറ്റങ്ങള്‍ മൂലം പിന്നീട് ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത കുറയുന്നതായും കണ്ടുവരുന്നു. അതേസമയം, പ്രസവത്തിന് തൊട്ടുമുമ്പുള്ള ഏതാനും നേരത്തെ വേദനയും അസ്വസ്ഥതയുമല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും സ്വാഭാവിക പ്രസവത്തില്‍ ഉണ്ടാകുന്നില്ല.
പല വിദേശ രാഷ്ട്രങ്ങളിലും പ്രസവ ശസ്ത്രക്രിയ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്രസീലില്‍ അടുത്തിടെ പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം പ്രസവത്തിനെത്തുന്ന സ്ത്രീകളെ ശസ്ത്രക്രിയയുടെ സങ്കീര്‍ണതകള്‍ പറഞ്ഞുമനസ്സിലാക്കി അവരുടെ സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷമേ നടത്താന്‍ പാടുള്ളൂ. ശസ്ത്രക്രിയ അനിവാര്യമാണെങ്കില്‍ അതെന്തുകൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തുകയും വേണം. മറ്റൊരു ഡോക്ടറെ കാണിക്കാന്‍ കഴിയുന്ന തരത്തില്‍ ഗര്‍ഭിണികള്‍ക്ക് അവരുടെ ഗര്‍ഭകാലത്തെ മെഡിക്കല്‍ രേഖകള്‍ നല്‍കാനും ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ബാധ്യസ്ഥരാണ്. കേരളത്തിലെ ആശുപത്രികളില്‍ രോഗിയോ ബന്ധുക്കളോ മെഡിക്കല്‍ രേഖകള്‍ ആവശ്യപ്പെട്ടാലും നല്‍കാറില്ല.
ഇത്തരം കര്‍ശന നിയമങ്ങള്‍ ഇവിടെയും അനിവാര്യമാണ്. അടിയന്തിര ഘട്ടത്തിലല്ലാത്തപ്പോള്‍ ഒന്നിലധികം ഡോക്ടര്‍മാരുടെ ഒരു സമിതി ചര്‍ച്ച ചെയ്ത ശേഷമായിരിക്കണം ശസ്ത്രക്രിയയില്‍ തീരുമാനമെടുക്കേണ്ടതെന്ന് നേരത്തെ ഒരു നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇത് പരിഗണനാര്‍ഹമാണ്.ഗര്‍ഭകാലത്തെ അനിവാര്യമല്ലാത്ത അള്‍ട്രാസൗണ്ട് പരിശോധനയും ഔഷധ നിര്‍ദേശങ്ങളും ഒഴിവാക്കുന്നതിനും സംസ്ഥാന തലത്തിലും ആശുപത്രി തലത്തിലും ചികിത്സാ മാനദണ്ഡങ്ങളും നിര്‍ദേശകതത്വങ്ങളും ആവിഷ്‌കരിച്ച് നടപ്പാക്കാകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നേരത്തെ നല്‍കിയ ഉത്തരവുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും നടപടികള്‍ വേണം. സ്ത്രീകള്‍ ഗര്‍ഭകാലം വിശ്രമകാലമാക്കി മാറ്റാതെ വീട്ടുജോലികളില്‍ ഏര്‍പ്പെടുകയോ, വ്യായാമത്തിലേര്‍പ്പെടുകയോ ചെയ്താല്‍ പ്രസവ സമയത്തെ അസ്വസ്ഥതകള്‍ വലിയൊരളവോളം കുറക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. ഫലപ്രദമായ ബോധവത്കരണം നടത്തിയാല്‍ പ്രസവ ശസ്ത്രക്രിയയുടെ എണ്ണം ഗണ്യമായി കുറക്കാനായേക്കും.