തിരൂരങ്ങാടിയിലും വള്ളിക്കുന്നിലും ഇടതുപക്ഷം സ്വതന്ത്രന്‍മാരെ കളത്തിലിറക്കും

Posted on: March 8, 2016 12:08 pm | Last updated: March 8, 2016 at 12:08 pm

cpimതിരൂരങ്ങാടി: നിയമസഭ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയിലും വള്ളിക്കുന്നിലും ഇടതുപക്ഷം സ്വതന്ത്ര സ്ഥാനാര്‍ഥികളെ കളത്തിലിറക്കാന്‍ ഒരുങ്ങുന്നു. തിരൂരങ്ങാടിയില്‍ പി നിയാസിനേയും വള്ളിക്കുന്നില്‍ സി പി ശബീറലിയേയുമാണ് മത്സരിപ്പിക്കാന്‍ ഇടതുപാളയത്തില്‍ നീക്കങ്ങള്‍ നടക്കുന്നത്.

നിയാസ് പരപ്പനങ്ങാടി സ്വദേശിയും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയില്‍ ജനകീയ വികസന മുന്നണിക്ക് നേതൃത്വം നല്‍കിയ വ്യക്തിയുമാണ്. സ്ഥലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ നാടായ ഇവിടെ ആകെയുള്ള 44ല്‍ 19 സീറ്റില്‍ വിജയം നേടാന്‍ ജനകീയ മുന്നണിക്ക് സാധിച്ചു. ലീഗിന് ഇവിടെയുണ്ടായ പരാജയം നേതൃത്വത്തെ കുറച്ചൊന്നുമല്ല നെട്ടിച്ചിട്ടുള്ളത്. രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാനും ബിസിനസുകാരനുമായ നിയാസിനെ രംഗത്തിറക്കി ഒരു കൈനോക്കാനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്. സി പി ഐയുടെ സീറ്റായ ഇവിടെ മിക്ക തിരഞ്ഞെടുപ്പിലും പേരിന് മാത്രമാണ് മത്സരം നടക്കാറുള്ളത്. 2000ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ വി അബ്ദുഹാജി ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച സമയത്ത് മാത്രമാണ് കാര്യമായ പോരാട്ടം നടന്നത്. എന്നാല്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടിയില്‍ മാത്രമേ നിയാസിന് സ്വാധീനമൊള്ളൂ.
കഴിഞ്ഞ തവണ മണ്ഡലം പുനഃക്രമീകരിച്ചതോടെ ഇതിലേക്ക് വന്ന മറ്റു പഞ്ചായത്തുകളിലൊന്നും നിയാസിന് പരിചയമില്ലെന്നത് ഇടതുപക്ഷത്തെ ആശങ്കയിലാക്കുന്നുണ്ട്. വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ലീഗുമായി പിണങ്ങി നില്‍ക്കുന്ന സി പി ശബീറലിയെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ചേലേമ്പ്ര പഞ്ചായത്ത് മുന്‍പ്രസിഡന്റും വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്‌ലിംലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും എം എസ് എഫ് ജില്ലാ ഭാരവാഹിയുമായിരുന്ന വ്യക്തിയാണ് ശബീറലി. ചേലേമ്പ്ര ബേങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഗ്രൂപ്പിസത്തെ തുടര്‍ന്നാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്താവുന്നത്. ഇദ്ദേഹത്തോടൊപ്പം നിരവധി അണികളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി വിട്ടിരുന്നു.
ലീഗ് സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുന്നത് പി അബ്ദുല്‍ ഹമീദാണ്. ഈ നാട്ടുകാരനല്ലെന്ന നിലക്കും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാരാജയപ്പെട്ട വ്യക്തി എന്ന നിലക്കും ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതില്‍ യു ഡി എഫില്‍ തന്നെ അസ്വാരസ്യമുണ്ട്. ഇതെല്ലാം മുതലെടുക്കാനാണ് നാട്ടുകാരനും മുന്‍ ലീഗ് നേതാവുമായ ശബീറലിയെ രംഗത്തിറക്കാന്‍ ഇടതുപക്ഷം ഒരുങ്ങുന്നത്. ഇരു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇടതുപക്ഷം ഇവരുമായി ചര്‍ച്ച നടത്തിയതായും ഇവര്‍ സമ്മതമാണെന്ന് അറിയിച്ചതായും പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നു.