പാലക്കാട്ട് സി പി എമ്മിന്റെ നാല് എം എല്‍ എമാര്‍ പുറത്ത്

Posted on: March 8, 2016 3:47 am | Last updated: March 7, 2016 at 11:48 pm

cpmപാലക്കാട്: സിറ്റിംഗ് എം എല്‍ എമാരില്‍ ഭൂരിഭാഗത്തേയും ഒഴിവാക്കി സി പി എം സ്ഥാനാര്‍ഥി പട്ടികക്ക് ജില്ലാ സെക്രട്ടേറിയറ്റ് രൂപം നല്‍കി. രണ്ട് തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന നിര്‍ദേശം അനുസരിച്ച് തയാറാക്കിയ പട്ടികയില്‍ നാല് സിറ്റിംഗ് എം എല്‍ എമാരുടെ പേരില്ല. മുന്‍ മന്ത്രി എ കെ ബാലന്‍, ആലത്തൂര്‍ എം എല്‍ എ എം ചന്ദ്രന്‍, ഒറ്റപ്പാലം എം എല്‍ എ. എം ഹംസ, ഷൊര്‍ണൂര്‍ എം എല്‍ എ. കെ എസ് സലീഖ എന്നിവരെ ഒഴിവാക്കിയുള്ള പട്ടിക സംസ്ഥാന നേതൃത്വത്തിന് നല്‍കാനാണ് ജില്ലാ കമ്മിറ്റി തീരുമാനം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനുള്ള തീരുമാനത്തില്‍ ചില തര്‍ക്കവും ചര്‍ച്ചയില്‍ ചിലര്‍ ഉന്നയിച്ചു.
പല മണ്ഡലങ്ങളിലും പുതുമുഖങ്ങളെ നിര്‍ത്തുമ്പോള്‍ വിജയസാധ്യത കൂടി കണക്കിലെടുക്കണമെന്നതാണ് ചില അംഗങ്ങള്‍ ഉന്നയിച്ചത്. തരൂര്‍ മണ്ഡലത്തില്‍ വിജയസാധ്യത കണക്കിലെടുത്ത് എ കെ ബാലനെ വീണ്ടും വിജയിപ്പിക്കണമെന്നാവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ആലത്തൂരില്‍ കെ ഡി പ്രസേനന്റെയും ഒറ്റപ്പാലത്ത് പി കെ ശശിയുടേയും പേരുകള്‍ മാത്രമാണുള്ളത്. അത്‌പോലെ ഷൊര്‍ണ്ണൂരില്‍ ഒരു വിഭാഗം വനിതയെ മത്സരിപ്പിക്കണമെന്നാവശ്യം ഉന്നയിച്ചപ്പോള്‍ മറുവിഭാഗം എം ആര്‍ മുരളിയുടെയും പി കെ സുധാകരന്റെയും പേരുകളാണ് ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാനകമ്മിറ്റിക്ക് വിടാനും യോഗത്തില്‍ തീരുമാനമായി.
വനിത മത്സരിക്കുകയാണെങ്കില്‍ മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് തന്നെ ഷൊര്‍ണ്ണൂര്‍ സ്ഥാനാര്‍ഥി എ കെ ബാലന്‍ പ്രതിനിധീകരിച്ച തരൂരില്‍ പൊന്നുക്കുട്ടന്റെ പേരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ തവണ സി പി എമ്മിനെ കൈവിട്ട തൃത്താലയില്‍ ഡി വൈ എഫ ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, ജില്ലാ സെക്രട്ടറി പ്രേംകുമാര്‍ എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ഥിയാകും. വി എസ് അച്യുതാനന്ദന്‍ മത്സരിച്ചേക്കുമെന്ന നിഗമനത്തില്‍ മലമ്പുഴയില്‍ ഒരു പേരും ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിട്ടില്ല. പാലക്കാട് മണ്ഡലത്തില്‍ മുന്‍ എം പി. എന്‍ എന്‍ കൃഷ്ണദാസോ കെ കെ ദിവാകരനോ സ്ഥാനാര്‍ഥിയാകും.
നെന്മാറയില്‍ സിറ്റിംഗ് എം എല്‍ എ വി ചെന്താമരാക്ഷന്റെ പേര് കൂടാതെ കെ ബാബുവിന്റെ പേരും നിര്‍ദേശിച്ചിട്ടുണ്ട്. ചെറിയ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ കോങ്ങാട് വിജയിച്ച കെ വി വിജയദാസ് തന്നെ ഇത്തവണയും അവിടെ മത്സരിക്കും. സംസ്ഥാന നേതൃത്വം ഇളവ് നല്‍കി എ കെ ബാലനെ വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യത തള്ളാനാകില്ല. ഇത് നാലാമത്തെ തവണയാണ് എ കെ ബാലന്‍ മത്സരിക്കുന്നത്.
മലമ്പുഴയില്‍ മത്സരിക്കണമോ, വേണ്ടയോ തീരുമാനിക്കേണ്ടത് വി എസാണ്. വി എസ് സ്വയം പിന്‍മാറിയാല്‍ മാത്രം ബദല്‍ സ്ഥാനാര്‍ഥിയെക്കുറിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. നേരത്തെ വി എസ് മത്സരിക്കില്ലെന്ന ഊഹത്തില്‍ സി ഐ ടി യു നേതാവ് എ പ്രഭാകരന്‍ ചുമരെഴുത്ത് അടക്കമുള്ള പ്രചാരണം നടത്തിയിരുന്നു. പിന്നീട് വി എസ് മത്സരിക്കുമെന്നറിഞ്ഞതോടെയാണ് വി എസിന്റെ വിശ്വസ്തനായ എ പ്രഭാകരന്‍ പ്രചാരണം നിര്‍ത്തിവെച്ചത്.