പ്രതിരോധ ഉപകരണങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു

Posted on: March 7, 2016 5:47 pm | Last updated: March 7, 2016 at 5:47 pm

defenceഅബുദാബി: യുദ്ധ-പ്രതിരോധ ഉപകരണങ്ങളുടെ പ്രദര്‍ശനം (ഉമെക്‌സ്) അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ തുടങ്ങി. അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. അബുദാബി കിരീടാവകാശിയും സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനം നാളെ സമാപിക്കും.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ യുദ്ധോപകരണ വ്യാപാരം നടത്തുന്ന 23 രാജ്യങ്ങളിലെ 91 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. അബുദാബി എക്‌സിബിഷന്‍ സെന്ററിന് പുറമെ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ഉത്തര കൊറിയ, ദക്ഷിണാഫ്രിക്ക, യു എ ഇ എന്നീ രാജ്യങ്ങളുടെ പ്രത്യേകം പവലിയനുകളും പ്രദര്‍ശന നഗരിയിലുണ്ട്.
യുദ്ധ മേഖലയില്‍ പ്രതിരോധത്തിനു ഉപയോഗിക്കുന്ന ടാങ്കുകള്‍, വിമാനങ്ങള്‍, ചെറുവിമാനങ്ങള്‍, അപകടമേഖലയില്‍ ഉപയോഗിക്കുന്ന രക്ഷാവാഹനങ്ങള്‍ എന്നിവയാണ് പ്രധാനമായും പ്രദര്‍ശന നഗരിയിലുള്ളത്. യുദ്ധസമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന പ്രത്യേക വസ്ത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍വെച്ച് ഏറ്റവും വലിയ പ്രദര്‍ശനമാണ് അബുദാബിയില്‍ നടക്കുന്നതെന്ന് ഉമെക്‌സ് എക്‌സിബിഷന്‍ ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ജനറല്‍ റാശിദ് മുഹമ്മദ് അല്‍ ശംസി വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ നിരവധിസേനാപ്രതിനിധികള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യു എ ഇ കമ്പനികളുടെ കൂടുതല്‍ പങ്കാളിത്തവും ഇത്തവണത്തെ മേളക്കുണ്ട്.