ന്യൂനപക്ഷ പദവി നിലനിര്‍ത്തണം: അലീഗഢ് വി സി പ്രധാനമന്ത്രിയെ കണ്ടു

Posted on: March 7, 2016 12:37 am | Last updated: March 7, 2016 at 12:39 am

aligharghന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ റിട്ടേഡ് ലഫ്റ്റനന്‍ഡ് ജനറല്‍ സമീറുദ്ദീന്‍ ഷാഹ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രിയോട് വി സി നിര്‍ദേശിച്ചു. 2008ല്‍ യൂനിവേഴ്‌സിറ്റി അനുവദിച്ച ഓഫ് ക്യാമ്പസുകള്‍ സര്‍വകലാശാല ഉന്നതാധികാര സമിതിയും കേന്ദ്ര സര്‍ക്കാറും ഇന്ത്യന്‍ പ്രസിഡന്റും അംഗീകാരം നല്‍കിയതായിരുന്നുവെന്നും അദ്ദേഹം മോദിയോട് സൂചിപ്പിച്ചു. നാല്‍പ്പത് മിനുട്ടോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സര്‍വകലാശാല മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ വി ബ്രിഗ് ഉള്‍പ്പെടെ അഞ്ച് അംഗങ്ങളടങ്ങുന്ന പ്രതിനിധി സംഘവും കൂടെയുണ്ടായിരുന്നു. പ്രധാനമന്ത്രിയുമായി സംസാരിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം വി സി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ ജനാധിപത്യ രാജ്യമാണ്. നമ്മുടെ ഭരണഘടന ചില അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം അതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്മൃതി ഇറാനിക്കെതിരെ അദ്ദേഹം ശക്തമായ ആരോപണം ഉന്നയിച്ചു. കേന്ദ്ര സര്‍വകലാശാലയുടെ വി സിയായ താന്‍ സ്മൃതി ഇറാനിയെ കാണാന്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി സ്മൃതി ഇറാനി അലീഗഢ് വിഷയവുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകള്‍ നടത്തിയിരുന്നതായും അലീഗഢ് വി സിയെ ഇറക്കി വിട്ടതായും മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. ഈ വിഷയം ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ്, എസ് പി , സി പി എം അംഗങ്ങള്‍ രാജ്യസഭയില്‍ ചോദ്യം ഉന്നിയിച്ചിരുന്നു. അലീഗഢ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നും നൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളാണ് സ്മൃതിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് വി സി പ്രധാനമന്ത്രിയെ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. വി സിയുടെ സന്ദര്‍ശനം നൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ബി ജെ പി സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് അയവുവരുത്തുമെന്നാണ് വിലയിരുത്തല്‍.