‘ബംഗാളിലെ സഖ്യത്തെ പിണറായി എങ്ങനെ വിശേഷിപ്പിക്കും’

Posted on: March 7, 2016 12:02 am | Last updated: March 7, 2016 at 12:02 am

ആലപ്പുഴ: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്ന സി പി എം നേതൃത്വത്തെ പി ബി അംഗം പിണറായി വിജയന്‍ എന്ത് വിശേഷിപ്പിക്കുമെന്നറിയാന്‍ താത്പര്യമുണ്ടെന്ന് ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. യു ടി യു സി ലയന സമ്മേളനവും കയര്‍ ഫാക്ടറി തൊഴിലാളി യൂനിയന്‍ വാര്‍ഷികവും ആര്‍ എസ് പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ എസ പി ഇടതുമുന്നണി വിട്ട് യു ഡി എഫിലേക്കു വന്നപ്പോള്‍ അധികാരമോഹം, പാര്‍ലമെന്ററി വ്യാമോഹം എന്നൊക്കെ ആക്ഷേപിക്കുകയും തനിക്കെതിരെ വളരെമോശം പരാമര്‍ശം നടത്തുകയും ചെയ്തയാളാണ് പിണറായി വിജയന്‍. ഇതേ സാഹചര്യത്തില്‍ ഇപ്പോഴുള്ള പശ്ചിമബംഗാളിലെ സിപിഎമ്മിനെ എങ്ങനെയാണ് പിണറായി വിജയന്‍ വിശേഷിപ്പിക്കുകയെന്നാണ് അറിയേണ്ടതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ വര്‍ഗീയ ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ ഉന്‍മൂലനം ചെയ്യാനും ബി ജെ പിയെ സഹായിക്കാനുമാണ് ഇവിടെ സി പി എം ശ്രമിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.