മുസാഫര്‍നഗര്‍: സര്‍ക്കാറിന് ക്ലീന്‍ചിറ്റ് നല്‍കി കമ്മീഷന്‍ റിപ്പോര്‍ട്ട്

Posted on: March 6, 2016 11:41 pm | Last updated: March 6, 2016 at 11:41 pm

B_Id_418938_Muzaffarnagarലക്‌നോ: ഉത്തര്‍ പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാറിന് ക്ലീന്‍ചിറ്റ് നല്‍കി മുസാഫര്‍നഗര്‍ കലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിഷ്ണു സഹായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. കലാപം പടരുന്നതില്‍ വീഴ്ച വരുത്തിയ പോലീസിനെയും പ്രാദേശിക ഭരണകൂടത്തെയും വിമര്‍ശിക്കുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കലാപം നടക്കുന്ന സമയത്ത് മുസാഫര്‍നഗര്‍ പോലീസ് സൂപ്രണ്ടായിരുന്ന സുഭാഷ്ചന്ദ്ര ദുബെ, പ്രാദേശിക ഇന്റലിജന്റ്‌സ് ഇന്‍സ്‌പെക്ടര്‍ പ്രഭാല്‍ പ്രതാപ് സിംഗ് എന്നിവര്‍ കലാപത്തിന് നേരിട്ട് ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കലാപം തടയുന്നതിന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫേസ്ബുക്കില്‍ വന്ന വ്യാജ വീഡിയോ ലൈക്ക് ചെയ്ത ബി ജെ പി. എം എല്‍ എയായ സംഗീത് സോമിന് കലാപത്തിലുള്ള പങ്കിനെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മറ്റ് നടപടികള്‍ ആവശ്യമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ആരോപണവിധേയനായ സംഗീത് സോമിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. മുസാഫര്‍നഗര്‍ കലാപത്തില്‍ അറുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് മാറേണ്ടി വന്നു. 2013 സെപ്തംബര്‍ ഒമ്പതിനാണ് അലഹബാദ് ഹൈക്കോടതിയിലെ റിട്ട. ജഡ്ജിയായ വിഷ്ണു സഹായിയെ അന്വേഷണ കമ്മീഷനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്.