ഖാന്‍ യൂനുസ്: ഇസ്‌റാഈല്‍ ക്രൂരത വിളിച്ചുപറയുന്ന ‘ലോകത്തെ ഏറ്റവും ഭയാനക മൃഗശാല’

Posted on: March 6, 2016 11:31 pm | Last updated: March 6, 2016 at 11:31 pm

zooഗാസ: ഇസ്‌റാഈലിന്റെ മനുഷ്യത്വരഹിതമായ ആക്രമണങ്ങളുടെ കരളലിയിപ്പിക്കുന്ന ചരിത്രങ്ങള്‍ പറയുന്ന ഒരു മൃഗശാലയുണ്ട് ഗാസയില്‍. ലോകത്തെ ഏറ്റവും ഭയാനകവും വേദനാജനകവുമായ മൃഗശാലയെന്ന് ഗാസയിലെ ഖാന്‍ യൂനുസ് മൃഗശാലയെ വിശേഷിപ്പിക്കാം. ഇസ്‌റാഈലിന്റെ വ്യോമാക്രമണത്തിലും മറ്റും കൊല്ലപ്പെട്ട മൃഗങ്ങളുടെ ജഡങ്ങള്‍ മമ്മിയായി സൂക്ഷിച്ച് മൃഗശാലയുടെ ഉടമ മുഹമ്മദ് അവൈദ് എന്ന ഫലസ്തീന്‍ യുവാവ് ഇസ്‌റാഈല്‍ മിണ്ടാപ്രാണികളോട് കാണിച്ച ക്രൂരതയെ കുറിച്ച് ലോകത്തോട് സംവദിക്കുകയാണ്. ആയിരക്കണക്കിന് ഡോളര്‍ ചെലവഴിച്ച് 2007ലാണ് അവൈദ മൃഗശാല തുടങ്ങിയത്. എന്നാല്‍ 2008ലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ നിരവധി മൃഗങ്ങള്‍ ചത്തൊടുങ്ങി. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ വരെ ഇതിലുണ്ടായിരുന്നു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ വ്യോമാക്രമണം ശക്തമായതോടെ അവൈദിന് മൃഗശാലയിലേക്ക് എത്താനും സാധിച്ചില്ല. പരിപാലനം കിട്ടാത്ത മൃഗങ്ങള്‍ ഭക്ഷണവും വെള്ളവുമില്ലാതെ കൂട്ടില്‍ ചത്തു. തന്റെ 100 മൃഗങ്ങളില്‍ 20 എണ്ണമൊഴികെ മറ്റെല്ലാം ചത്തൊടുങ്ങി. 2007ലെ ദുരന്തത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കെയാണ് 2014ലെ ഇസ്‌റാഈല്‍ ആക്രമണം നടക്കുന്നത്. അന്നും കുറെ മൃഗങ്ങള്‍ കൊല്ലപ്പെട്ടു. ചത്തൊടുങ്ങുന്ന മൃഗങ്ങളെ അവരുടെ കൂട്ടില്‍ തന്നെ മമ്മിയായി സൂക്ഷിച്ച് ഒറ്റയാള്‍ പ്രതിഷേധം നടത്തുകയാണ് അവൈദ്.
മനുഷ്യര്‍ തമ്മില്‍ തമ്മിലടിക്കുന്ന കാലത്ത് മൃഗങ്ങളുടെ ലോകത്ത് ജീവിക്കാനാണ് അവൈദ് ഇഷ്ടപ്പെടുന്നത്. സ്‌നേഹിക്കാനും നന്ദി അറിയിക്കാനും കഴിയുന്ന മൃഗങ്ങള്‍ക്കൊപ്പം ജീവിക്കുമ്പോള്‍ തനിക്ക് സമാധാനം ലഭിക്കുന്നുണ്ടെന്ന് അവൈദ് തിരിച്ചറിയുന്നു. ലോകത്തെ ഏറ്റവും ‘ഭയാനകമായ മൃഗശാല’യാണിതെന്നാണ് മൃഗ ഡോക്ടറും മൃഗസ്‌നേഹിയുമായ ഡോ. ആമിര്‍ ഖലീല്‍ പറയുന്നത്.