ജസ്റ്റിസ് ശിവരാജന് പുതിയ പദവി; ചട്ടങ്ങള്‍ പാലിക്കാതെയെന്ന് വിമര്‍ശം

Posted on: March 6, 2016 6:53 am | Last updated: March 6, 2016 at 5:27 pm

SOLAR COMMISIONതിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജനെ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാനായി വീണ്ടും നിയമിച്ച നടപടി ചട്ടങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം. അന്വേഷണ കമ്മീഷന്‍ ചെയര്‍മാനെന്ന നിലയില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ കനത്ത ശമ്പളം നല്‍കി മറ്റൊരു സര്‍ക്കാര്‍ കമ്മീഷന്റെ തലപ്പത്ത് നിയമിക്കുന്നത് അസാധാരണ സംഭവമാണ്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ജസ്റ്റിസ് ശിവരാജനെ പിന്നാക്ക വിഭാഗ കമ്മീഷനായി നിയമിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കി.

പിന്നാക്ക കമ്മീഷനിലെ നിലവിലുള്ള അംഗങ്ങള്‍ക്ക് യാതൊരുവിധ അറിയിപ്പും നല്‍കാതെയാണ് ജസ്റ്റിസ് ശിവരാജനെ പുനര്‍നിയമിച്ച് പുതിയ അംഗങ്ങളെയും സര്‍ക്കാര്‍ തീരുമാനിച്ചത്. 2011ലാണ് പിന്നാക്ക വിഭാഗ കമ്മീഷന്റെ ചെയര്‍മാനായി ജി ശിവരാജനെ നിയമിച്ച് ഉത്തരവ് വന്നത്. മൂന്ന് വര്‍ഷമാണ് സാധാരണഗതിയില്‍ കമ്മീഷന്റെ കാലാവധി. ഈ കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് പിന്നാക്ക വിഭാഗത്തിലെ ക്രീമീലെയര്‍ നിര്‍ണയിക്കാന്‍ ഹൈക്കോടതി കമ്മീഷനെ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്ന് കാലാവധി നീട്ടിനല്‍കുകയായിരുന്നു. ഇതിനിടെയാണ് സോളാര്‍ അന്വേഷണ കമ്മീഷന്‍ രൂപവത്കരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് സോളാര്‍ കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ പരസ്യപ്രസ്താവന നടത്തിയെങ്കിലും ഇതുവരെ അതുണ്ടാകാത്തത് പുതിയ നിയമനത്തിന്റെ പശ്ചാത്തലത്തിലെന്നാണ് ആക്ഷേപം. ജസ്റ്റിസ് ജി ശിവരാജനു പുറമേ പിന്നാക്ക സമുദായ വികസന വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. ഇന്ദര്‍ജിത് സിംഗ്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, അഡ്വ. വി എ ജെറോം എന്നിവരെ ഉള്‍പ്പെടുത്തിയാണ് പിന്നാക്ക വിഭാഗ കമ്മീഷന്‍ പുനഃസംഘടിപ്പിച്ചത്.