റാസല്‍ ഖൈമ ഓട്ടിസം സെന്റര്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

Posted on: March 5, 2016 3:35 pm | Last updated: March 5, 2016 at 3:35 pm

auttismറാസല്‍ ഖൈമ: സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം റാസല്‍ ഖൈമ ഓട്ടിസം സെന്റര്‍ അടച്ചുപൂട്ടലിന്റെ വക്കില്‍ എത്തി നില്‍ക്കുന്നതായി അധികൃതര്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കൊപ്പം സാങ്കേതികമായ കാരണങ്ങളും സെന്ററിന്റെ അടച്ചുപൂട്ടലിലേക്ക് നയിക്കുന്നതായാണ് വിവരം. അര്‍ധ സന്നദ്ധ പുനരധിവാസ കേന്ദ്രമായ ഇവിടെ 22 വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും ആവശ്യമായ പുനരധിവാസം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് റാസല്‍ ഖൈമ ഓട്ടിസം സെന്റര്‍ മാനേജര്‍ ആഇശ അല്‍ ശംസി പറഞ്ഞു. 12 കുട്ടികള്‍ അഡ്മിഷനായി കഴിഞ്ഞ മൂന്നു വര്‍ഷമായി കാത്തിരിക്കേണ്ടുന്ന സ്ഥിതിയാണ്.
ഉദാരമതികളായ ഒരുകൂട്ടം ആളുകളുടെ സഹായത്താലാണ് 2006ല്‍ ഗിബ് മേഖലയില്‍ സെന്റര്‍ താത്കാലികമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. എമിറേറ്റില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും പ്രവാസികള്‍ക്കുമുള്ള ഏക കേന്ദ്രമാണിത്. ആദ്യത്തെ ശാസ്ത്രീയമായ പുനരധിവാസ കേന്ദ്രംകൂടിയാണിത്. സൗകര്യങ്ങളുടെ പരിമിതികളില്‍ പല കുട്ടികളും ഇവിടേക്ക് വരുന്നത് നിര്‍ത്തിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മുതലാണ് സാമ്പത്തിക പ്രയാസം രൂക്ഷമായത്. കിട്ടിക്കൊണ്ടിരുന്ന പ്രതിമാസ സഹായങ്ങള്‍ നിലച്ചതാണ് ഈ സ്ഥിതിക്ക് കാരണമായത്. സ്വകാര്യ മേഖലയിലെ സെന്റുകളെ അപേക്ഷിച്ച് ചുരുങ്ങിയ ഫീസാണ് ഈടാക്കിയിരുന്നത്. ഒരു കുട്ടിക്ക് വര്‍ഷത്തേക്ക് 60,000 ദിര്‍ഹം ചെലവ് വരുമ്പോള്‍ ഇതിന്റെ 25 ശതമാനം മാത്രമായിരുന്നു ഈടാക്കിയിരുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഫീസ് വര്‍ധിപ്പാക്കാതെ നിലനില്‍ക്കാനാവില്ല.
100 കുട്ടികളെ ഉള്‍കൊള്ളാന്‍ പാകത്തില്‍ ഷാര്‍ജ ഇസ്‌ലാമിക് ബേങ്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെട്ടിടം നിര്‍മിച്ചുനല്‍കിയിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയാല്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പുതിയ കെട്ടിടത്തിന് വൈദ്യുതിക്കായി 2.2 ലക്ഷം ദിര്‍ഹവും ഫര്‍ണിച്ചറുകള്‍ക്കായി നാലു ലക്ഷം ദിര്‍ഹവും വേണം. ഇതൊന്നും ഓട്ടിസം സെന്ററിന് താങ്ങാനാവില്ലെന്ന് അല്‍ ശംസി പറഞ്ഞു.