നിയമസഭാ തിരഞ്ഞെടുപ്പ് പ്രവാസ ലോകത്ത് ചര്‍ച്ച സജീവമാകുന്നു

Posted on: March 5, 2016 3:30 pm | Last updated: March 5, 2016 at 3:30 pm

voteഷാര്‍ജ: ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ച പ്രവാസ ലോകത്തും സജീവാകുന്നു. മലയാളികള്‍ കൂടുന്നിടത്തും ജോലി ചെയ്യുന്നിടത്തുമെല്ലാം പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് നിയമസഭാ തിരഞ്ഞെടുപ്പാണ്. വിദ്യാലയങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷണ ശാലകള്‍, നിര്‍മാണ കമ്പനികള്‍ എന്നിവിടങ്ങളിലെല്ലാം വിശ്രമവേളകളില്‍ ചര്‍ച്ച സജീവമാകുകയാണ്. ഭൂരിപക്ഷം പ്രവാസി മലയാളികള്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. അതിനാലാണ് തിരഞ്ഞെടുപ്പ് ചര്‍ച്ച സജീവമാകുന്നത്.
മുന്നണി ബന്ധങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമാണ് ഇപ്പോഴത്തെ ചര്‍ച്ച. ഏതു മുന്നണിയാവും അധികാരത്തിലെത്തുക, കേരള ജനത ആരെ പിന്തുണക്കും, സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മത്സരിക്കുമോ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വീണ്ടും അവസരം നല്‍കുമോ, ബി ജെ പിയുടെ സ്ഥിതി എന്താവും എന്നൊക്കെയാണ് ചര്‍ച്ചകളിലെ മുഖ്യ വിഷയം. ഇടത് അധികാരത്തിലെത്തിയാല്‍ ആരാകും മുഖ്യമന്ത്രി, യു ഡി എഫ് ഭരണം തുടര്‍ന്നാല്‍ ചെന്നിത്തല മുഖ്യമന്ത്രിയാകുമോ, അതോ വി എം സുധീരന് നറുക്ക് വീഴുമോ എന്നതിനെക്കുറിച്ചെല്ലാം ചര്‍ച്ച പൊടിപൊടിക്കുകയാണ്.
മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ മറ്റു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. പ്രവാസികളാവട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ക്കായി ആകാംക്ഷരായി കാത്തിരിക്കയാണ്. പലരും തങ്ങള്‍ പറയുന്ന ആളായിരിക്കും സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളാവുകയെന്നുവരെ ഉറപ്പിക്കുന്നു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം ഇടതിന് അനുകൂലമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും മറ്റും ഇടതുസാധ്യത വര്‍ധിപ്പിക്കുമെന്നും ഇടത് അനുകൂലികള്‍ പറയുന്നു. അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ യു ഡി എഫിന് അനുകൂലമാകുമെന്നാണ് മുന്നണി പ്രവര്‍ത്തകരുടെ പ്രതീക്ഷ. എസ് എന്‍ ഡി പിയുമായുള്ള ബന്ധവും മറ്റും ബി ജെ പിയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായും ഈ പാര്‍ട്ടികളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആദ്യമായി അക്കൗണ്ട് തുറക്കുമെന്നും അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ ലീഗിനും പ്രതീക്ഷ ഏറെയുണ്ട്. ഇത്തവണ നിയമസഭയില്‍ പാര്‍ട്ടി പ്രാതിനിധ്യമുണ്ടാകുമെന്നും അണികള്‍ വിശ്വസിക്കുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസി സംഘടനകള്‍ ഇതിനോടകം തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കണ്‍വെന്‍ഷനുകളും മറ്റും നടത്തുന്ന ആലോചനയിലാണ്. വോട്ടെടുപ്പിന് പരമാവധി പ്രവര്‍ത്തകരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.