Connect with us

Kannur

സി പി എമ്മിന്റെ പ്രചാരണം ഇന്ന് തുടങ്ങും

Published

|

Last Updated

കണ്ണൂര്‍ :സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകും മുമ്പ് സി പി എം തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു. പാര്‍ട്ടിയുടെ പ്രധാന നേതാക്കന്മാരടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രചാരണ പരിപാടിയാണ് ഇന്ന് മുതല്‍ മൂന്നു ദിവസം സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും നടത്തുക. പ്രചാരണത്തിന്റെ ആദ്യഘട്ടം നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ പ്രവര്‍ത്തകര്‍ ഒരു വീട്ടില്‍ കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ചെലവഴിക്കണമെന്ന കര്‍ശന നിര്‍ദേശവും കീഴ്ഘടകങ്ങള്‍ക്ക്പാര്‍ട്ടി ഇതിനകം നല്‍കിക്കഴിഞ്ഞു.
പ്രാദേശികമായുള്ള പ്രവര്‍ത്തകര്‍ക്ക് പുറമേ അതാതിടങ്ങളിലെ ജില്ലാ-സംസ്ഥാന നേതാക്കളെയും പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. യു ഡി എഫ് ഭരണകാലത്തെ പ്രശ്‌നങ്ങള്‍ കൃത്യമായും ജനങ്ങളെ പഠിപ്പിക്കുകയാണ് ഗൃഹസന്ദര്‍ശനത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. യു ഡി എഫ് സര്‍ക്കാര്‍ ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന നേട്ടങ്ങളെല്ലാം എല്‍ ഡി എഫിന് അവകാശപ്പെട്ടതാണെന്ന് തെളിവു സഹിതം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്നും പ്രത്യേകം നിര്‍ദേശമുണ്ട്. ഓരോ ജില്ലകളിലുമുള്ള പ്രശ്‌നങ്ങളും പ്രാദേശിക വിഷയങ്ങളും ഗൃഹസന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായുള്ള കേന്ദ്രങ്ങളില്‍ പ്രചാരണത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുത്തുള്ള പ്രചാരണത്തിന് യുവജന-മഹിളാ സംഘടനകളെയും ഉപയോഗിക്കും. ഗൃഹസന്ദര്‍ശന പരിപാടി കഴിഞ്ഞതിനു തൊട്ടു പിറകെയാണ് യുവജന മഹിളാ പ്രവര്‍ത്തകരുടെ പ്രചാരണ പരിപാടികള്‍ തുടങ്ങുക.
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെ ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമം(യു എ പി എ) ചുമത്തി ജയിലലടച്ച സംഭവം കണ്ണൂരില്‍ പ്രധാന പ്രചാരണായുധമാക്കാന്‍ സി പി എം തീരുമാനിച്ചിട്ടുണ്ട്. ആര്‍ എസ് എസ് ഗൂഢാലോചനയുടെ ഭാഗമായി ജയരാജനെ കള്ളക്കേസില്‍ കുടുക്കിയെന്ന സന്ദേശമുയര്‍ത്തിയാണ് ഇവിടെ പ്രചാരണ പരിപാടികള്‍നടത്തുക. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ പിന്തുണ തേടാനും തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയമുന്നയിച്ച് നേരത്തെ തന്നെ ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രകടനങ്ങളും പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും നടത്തിയിരുന്നു.
എല്‍ ഡി എഫ് തന്നെ കണ്ണൂരില്‍ ഈ വിഷയം ഏറ്റെടുത്തത് തിരഞ്ഞെടുപ്പില്‍ ഇക്കാര്യത്തിലുള്ള പ്രചാരണം ഏറ്റെടുത്തു നടത്താനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജയരാജന്‍ ആര്‍ എസ് എസ് ഗൂഢപദ്ധതിയുടെ ഇരയാണെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്ററുകളും ജില്ലയിലുടനീളം പതിച്ചു തുടങ്ങിയിട്ടുണ്ട്.

Latest