കെഎസ്ടിപിയുടെ ജലചൂഷണം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Posted on: March 5, 2016 4:35 am | Last updated: March 4, 2016 at 8:36 pm
SHARE

മേല്‍പറമ്പ്: കെ എസ് ടി പിയുടെ ജലചൂഷണത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാസര്‍കോട്-കാഞ്ഞങ്ങാട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ചെമ്മനാട് പഞ്ചായത്തിലെ കളനാട് പാലത്തിന് സമീപത്ത് നിന്നും വ്യാപകമായി കെ എസ് ടി പി ജലം ഊറ്റിയെടുക്കുന്നുവെന്നാണ് ആരോപണം.
മേല്‍പറമ്പ്, മരവയല്‍, കുളിക്കുണ്ട് വഴിയുള്ള തോടും, കുണ്ട്യങ്ങാനം, കാപ്പങ്ങാനം, അരമങ്ങാനം വഴിയുള്ള തോടും, കളനാട് വയലിന് സമീപത്ത് കൂടി പാറമ്മല്‍ സംഗമിച്ച് നൂമ്പില്‍ പുഴയിലേക്ക് എത്തിച്ചേരുന്ന ജല സ്രോതസ്സാണിത്.
കളനാട് പാലത്തിന് സമീപത്തുള്ള വയലിന്റെ അരികില്‍ കുഴിയെടുത്ത് ദിവസേന ലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് അവിടെ നിന്നും ഊറ്റിയെടുക്കുന്നത്. ഇതുകാരണം മേല്‍പറമ്പിലെ താഴ്ന്ന പ്രദേശങ്ങളായ മരവയല്‍, കട്ടക്കാല്‍, കളനാട്, ചാത്തങ്കൈ, മാണി, അരമങ്ങാനം എന്നീ മേഖലകളില്‍ ഇപ്പോള്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. കൂടാതെ മേല്‍ പ്രദേശങ്ങളില്‍ കൃഷി ആവശ്യത്തിനും ഇവിടെ നിന്നുള്ള ജലമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കെ.എസ്.ടി.പി. റോഡ് പണിയുടെ പേരില്‍ ജലം വ്യാപകമായി കടത്തിക്കൊണ്ട് പോകുന്നതിനാല്‍ ഇതിലൂടെയുള്ള ജലത്തിന്റെ ഒഴുക്കും നിലച്ചിരിക്കുകയാണ്.
ഈ പ്രദേശം മറ്റൊരു പ്ലാച്ചിമട ആകാതിരിക്കാന്‍ വേണ്ടി ചന്ദ്രഗിരി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് കളനാട് പാലത്തിന് സമീപം ജനകീയ പ്രതിരോധം തീര്‍ക്കാന്‍ ക്ലബ്ബ് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പരിപാടിയില്‍ സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.