ഭര്‍ത്താക്കന്‍മാരെ നേര്‍വഴിക്ക് നടത്താന്‍ ബോളിവുഡ് നടന്‍മാരുടെ ഭാര്യമാര്‍ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ കത്ത്

Posted on: March 3, 2016 9:36 am | Last updated: March 3, 2016 at 9:36 am

kejriwalന്യൂഡല്‍ഹി: ഭര്‍ത്താക്കന്‍മാരെ നേര്‍വഴിക്ക് നടത്താന്‍ ബോളിവുഡ് നടന്‍മാരുടെ ഭാര്യമാര്‍ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ കത്ത്. ഷാറൂഖ് ഖാന്‍ ഉള്‍പ്പെടയുള്ള നാല് ബോളിവുഡ് താരങ്ങളുടെ ഭാര്യമാര്‍ക്കാണ് പാന്‍മസാല ഉത്പ്പന്നങ്ങളിലെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ഭര്‍ത്താക്കന്‍മാരെ വിലക്കണണെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് കത്തയച്ചിരിക്കുന്നത്.

പാന്‍മസാല ഉത്പ്പന്നങ്ങളും അടക്ക ഉത്പ്പന്നങ്ങളും ആരോഗ്യത്തെ നശിപ്പിക്കുന്നതിനും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പ്രമുഖ നടന്‍മാര്‍ ഇത്തരം കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ പ്രചാരണം ശക്തമാകുമെന്നകാര്യം ചൂണ്ടിക്കാണിച്ചാണ് ഇത്തരം പരസ്യങ്ങളില്‍ നിന്നും നടന്മാരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് എ എ പി സര്‍ക്കാര്‍ കത്ത് നല്‍കിയിരിക്കുന്നത്.

മുമ്പ് നടന്‍മാര്‍ക്ക് നേരിട്ട് കത്ത് നല്‍കിയിരുന്നുവെങ്കിലും അവരുടെ ഭാഗത്തു നിന്ന് യതൊരു പ്രതികരണവും ഇല്ലാത്തതിനാലാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അജയ് ദേവ്ഗണ്‍, ഷാറൂഖ് ഖാന്‍, അര്‍ബാസ് ഖാന്‍, ഗോവിന്ദ എന്നിവരുടെ ഭാര്യമാര്‍ക്കാണ് ഡല്‍ഹി ആരോഗ്യ മന്ത്രാലയം കത്തയച്ചിരിക്കുന്നത്.