സംസ്ഥാനത്ത് 215 ജീവപര്യന്തം തടവുകാരെ വിട്ടയക്കുന്നു

Posted on: March 3, 2016 9:20 am | Last updated: March 3, 2016 at 9:20 am
SHARE

free from jailതിരുവനന്തപുരം: പതിനാല് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 215 തടവുകാരെ ഉടന്‍ മോചിപ്പിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ വിവിധ ജയിലുകളില്‍ പതിനാല് വര്‍ഷത്തെ തടവു ശിക്ഷ പൂര്‍ത്തിയാക്കിയ 215 ജീവപര്യന്തം തടവുകാരെ വിട്ടയക്കണമെന്ന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രി സഭായോഗം തിരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെ അതിക്രമം നടത്തിയവര്‍, വാടകക്കൊലയാളികള്‍, രാജ്യദ്രോഹക്കുറ്റം ചെയ്തവര്‍, മദ്യ ദുരന്തത്തിന് കാരണക്കാരായത് മൂലം ശിക്ഷിക്കപ്പെട്ടവര്‍ കേന്ദ്ര നിയമം മൂലം ശിക്ഷിക്കപ്പെട്ടവര്‍ എന്നിവരെ ഒഴിവാക്കിയാണ് വിടുതലിനുള്ള പട്ടിക തയ്യാറാക്കിയത്. ഇതു സംബന്ധിച്ച് കൈക്കൊണ്ട സര്‍ക്കാര്‍ തീരുമാനം അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം, തീവ്രവാദം, മദ്യദുരന്തം എന്നീ കേസുകളില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് കലാവധി കുറച്ചു നല്‍കാന്‍ കഴിയില്ല. മറ്റ് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം ലഭിച്ചവരുടെ അപേക്ഷകളാണ് സര്‍ക്കാര്‍ പരിഗണിച്ചത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ദുല്‍ക്കര്‍ സല്‍മാനെ ചടങ്ങില്‍ അദരിച്ചു.
ജയില്‍ അന്തേവാസികള്‍ക്കുള്ള സമ്മാനങ്ങള്‍ ദുല്‍ക്കര്‍ സല്‍മാന്‍ വിതരണം ചെയ്തു. ജയില്‍ ഐ ജി എച്ച് ഗോപകുമാര്‍ അധ്യക്ഷനായിരുന്നു.
കെ എസ് ശബരിനാഥ് എം എല്‍ എ, മുന്‍ മന്ത്രി പന്തളം സുധാകരന്‍, ചലച്ചിത്ര അഭിനേതാക്കളായ പി ബാലചന്ദ്രന്‍, വിനയ് ഫോര്‍ട്ട്, വിനായകന്‍, സിക്ക ഡയറക്ടര്‍ ബി പ്രദീപ്, സൂപ്രണ്ട് എ ജി സുരേഷ്, വെല്‍ഫെയര്‍ ഓഫീസര്‍ വി എസ് സുമന്ത് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here