രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് സി പി ഐ

Posted on: March 3, 2016 5:53 am | Last updated: March 3, 2016 at 12:55 am
SHARE

cpiതിരുവനന്തപുരം: രാജ്യസഭാസീറ്റ് വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് സി പി ഐ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികളെ 19ന് പ്രഖ്യാപിക്കുമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇതിനുമുമ്പ് രണ്ട് തവണ സംസ്ഥാന നിര്‍വാഹക സമിതിയും കൗണ്‍സിലും യോഗം ചേരും. ഈമാസം 11നാണ് നിര്‍വാഹക സമിതിയുടെയും കൗണ്‍സിലിന്റെയും ആദ്യയോഗം നടക്കും. തുടര്‍ന്ന് ഈ മാസം 18ന് വീണ്ടും യോഗം ചേരും. 19ന് ചേരുന്ന സംസ്ഥാന കൗണ്‍സിലിനു ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവുവരുന്ന സീറ്റിന് സി പി ഐക്ക് അവകാശമുണ്ടെന്നും കാനം പറഞ്ഞു. കഴിഞ്ഞ രണ്ടുപ്രാവശ്യവും രാജ്യസഭാ സീറ്റില്‍ ഒഴിവുവന്നപ്പോള്‍ പരാജയപ്പെടുന്ന സ്ഥാനത്താണ് പാര്‍ട്ടി മല്‍സരിച്ചത്.
മുമ്പ് സി പി എമ്മിന് നാല് സീറ്റുകള്‍ ഒഴിഞ്ഞപ്പോള്‍ രണ്ടു സീറ്റുകള്‍ അവര്‍ നിലനിര്‍ത്തുന്നുണ്ട്. സി പി ഐക്ക് രണ്ടു സീറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഒന്നുമില്ല. കഴിഞ്ഞപ്രാവശ്യം നടന്ന തിരഞ്ഞെടുപ്പിലും ജയിക്കുന്ന സ്ഥാനത്ത് സി പി എമ്മാണ് മത്സരിച്ചത്. അതിനാല്‍ ഇപ്രാവശ്യം രാജ്യസഭാ സീറ്റ് സി പി എം ഒഴിഞ്ഞുനല്‍കണമെന്നും അതില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും കാനം പറഞ്ഞു. ആര്‍ എസ് പി മുന്നണി വിട്ടപ്പോള്‍ ഒഴിവുവന്ന സീറ്റുകള്‍ പങ്കിടുന്നതു സംബന്ധിച്ച് എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്യും.
കേരളാ കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം നേതാക്കള്‍ എല്‍ ഡി എഫിലേക്ക് വരുന്നത് സംബന്ധിച്ച ചോദ്യത്തിന് അവര്‍ യു ഡി എഫില്‍ നില്‍ക്കുന്നവരല്ലേ എന്നും തങ്ങള്‍ എന്തിനു ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ചിലരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സൃഷ്ടിക്കപ്പെടുന്നതാണ്. വി എസ് അച്യുതാനന്ദന്റേയും പിണറായി വജയന്റെയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്.
കോണ്‍ഗ്രസില്‍ മൂന്ന് പേരാണ് മുഖ്യമന്ത്രിയാവാന്‍ തയ്യാറായി നില്‍ക്കുന്നത്. അതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ബജറ്റിലും റെയില്‍വേ ബജറ്റിലും കേരളത്തെ പൂര്‍ണമായി അവഗണിച്ചതിലും വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്തതിലും പ്രതിഷേധിച്ച് നിര്‍വാഹകസമിതിയോഗം പ്രമേയം പാസാക്കി. ബജറ്റില്‍ കേരളത്തോടുള്ള അവഗണനക്കെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.