Connect with us

Kerala

മുസ്‌ലിം ലീഗിന്റെ നാല് സീറ്റുകള്‍ വെച്ചുമാറിയേക്കും

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ നാല് സീറ്റുകള്‍ ആവശ്യമെങ്കില്‍ വെച്ചുമാറാമെന്ന് മുസ്‌ലിംലീഗ്. കൂടുതല്‍ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നില്ലെന്നും എന്നാല്‍, കഴിഞ്ഞ തവണ മത്സരിച്ചത് പോലെ 24 സീറ്റുകള്‍ ഇത്തവണയും വേണമെന്നും കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ മുസ്‌ലിംലീഗ് അറിയിച്ചു. യു ഡി എഫ് യോഗത്തിന് മുമ്പായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. കെ ആര്‍ ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയ രാജന്‍ബാബുവിനെ യു ഡി എഫില്‍ നിന്ന് പുറത്താക്കി. സിറ്റിംഗ് സീറ്റുകളില്‍ അതാത് കക്ഷികള്‍ തന്നെ മത്സരിക്കാനാണ് ധാരണ. എല്ലാഘടകകക്ഷികളുമായും കോണ്‍ഗ്രസ് നേതൃത്വം വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.
മുസ്‌ലിംലീഗിന്റെ 20 സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ യു ഡി എഫ് യോഗം അനുമതി നല്‍കി. കഴിഞ്ഞ തവണ തോറ്റ കുന്ദമംഗലം, കുറ്റിയാടി, ഗുരുവായൂര്‍, ഇരവിപുരം സീറ്റുകള്‍ ആവശ്യമെങ്കില്‍ പരസ്പര ധാരണയോടെ മാറാമെന്നാണ് ലീഗ് നിലപാട്. കോഴിക്കോട് ഡി സി സിയും ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. കുന്ദമംഗലം, കുറ്റിയാടി, ചാവക്കാട് എന്നിവ നിലവില്‍ സി പി എമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇരവിപുരം ആര്‍ എസ് പിയുടേതും. ആര്‍ എസ് പി. യു ഡി എഫിലെത്തിയതിനാല്‍ സ്വാഭാവികമായും ഈ സീറ്റ് അവര്‍ക്ക് നല്‍കേണ്ടി വരുമെന്നത് കൂടി പരിഗണിച്ചാണ് ലീഗിന്റെ നീക്കം.
നാളെ ജെ ഡി യുവുമായും അഞ്ചിന് കേരള കോണ്‍ഗ്രസ് എമ്മുമായും ഏഴിനു മറ്റു ഘടകക്ഷികളുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. മുഴുവന്‍ കക്ഷികളോടും ഏഴിന്് തിരുവനന്തപുരത്ത് എത്താനും ്യൂനിര്‍ദേശം ്യൂനല്‍കി.
ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള മാതൃസംഘടനയിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ജെ എസ് എസ് നേതാവ് അഡ്വ. രാജന്‍ ബാബുവിനെ പുറത്താക്കി. ഇനി യു ഡി എഫ് യോഗങ്ങളിലേക്ക് വരേണ്ടതില്ലെന്ന് നേതൃത്വം രാജന്‍ ബാബുവിനെ അറിയിച്ചു. ഗൗരിയമ്മ യു ഡി എഫ് വിട്ടപ്പോഴും രാജന്‍ബാബു മുന്നണിയില്‍ തുടരുകയായിരുന്നു. വെള്ളാപ്പള്ളിക്കൊപ്പം ബി ഡി ജെ എസിന്റെ രൂപവത്കരണത്തില്‍ നിര്‍ണായ പങ്ക് വഹിച്ച രാജന്‍ ബാബുവിനെ അന്നു യു ഡി എഫ് നേൃത്വം താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഗൗരിയമ്മയെ സന്ദര്‍ശിച്ച് മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള താത്പര്യം അറിയിച്ചതാണ് ഇപ്പോള്‍ രാജന്‍ ബാബുവിനെ പുറത്താക്കാന്‍ കാരണം. വെള്ളാപ്പള്ളിയുമായി സഹകരിച്ചതിനും ഗൗരിയമ്മയെ കണ്ടതിനും രാജന്‍ ബാബു നിരത്തുന്ന ന്യായീകരണങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.
യു ഡി എഫ് പ്രകടനപത്രിക 15നു പുറത്തിറക്കും. ഇതിനു മുന്നോടിയായി വിവിധ സംഘടനകളില്‍ നിന്നും ഘടകക്ഷികളില്‍ നിന്നും അഭിപ്രായം തേടും. പ്രകടനപത്രികയുടെ കരട് 10ന് ഘടകക്ഷികള്‍ക്കു നല്‍കും. അവരുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും പ്രകടന പത്രിക പുറത്തിറക്കുക. തങ്ങള്‍ക്കു ലഭിച്ച രാജ്യസഭാസീറ്റില്‍ എം പി വീരേന്ദ്രകുമാര്‍ മത്സരിക്കുമെന്നു ജെ ഡി യു മുന്നണിയെ അറിയിച്ചു.
തിരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ കക്ഷികളെ മുന്നണിയില്‍ എടുക്കില്ല. മുന്നണിയലേക്കു വരാന്‍ താത്പര്യമുള്ളവര്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിക്കണം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുക. എല്‍ ഡി എഫിന്റെ കരിങ്കൊടി-അക്രമ രാഷ്ട്രീയത്തെയും ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും ജനം തള്ളിക്കളയുമെന്നും തങ്കച്ചന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ല. തന്റെ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താന്‍ ആരുമായും കൂട്ടുകൂടാന്‍ മടിക്കാത്ത ആളാണ് വെള്ളാപ്പള്ളിയെന്നും തങ്കച്ചന്‍ ആരോപിച്ചു.

---- facebook comment plugin here -----

Latest