മഹിഷാസുരനും ദുര്‍ഗയും

ആധുനിക പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത് ദേവന്മാര്‍ ആര്യാധിനിവേശ തന്ത്രങ്ങളുടെയും അസുരന്മാര്‍ ദ്രാവിഡ നിഷ്‌കളങ്കതയുടെയും പ്രതീകങ്ങളാണെന്നാണ്. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ദേവാസുരയുദ്ധം ആര്യദ്രാവിഡ യുദ്ധത്തിന്റെ കാവ്യാത്മക ആവിഷ്‌കാരങ്ങള്‍ മാത്രമാണ്. മഹിഷാസുരന്‍ മാത്രമല്ല മഹാബലിയുള്‍പ്പെടെയുള്ള പല അസുര മൂര്‍ത്തികളും ഇന്ത്യയുടെ പല ഭാഗങ്ങളിലും ആരാധനാമൂര്‍ത്തികളായിരുന്നു എന്ന കാര്യം ഗ്രഹിക്കാതെ ആയിരിക്കാം കേന്ദ്രമന്ത്രി ജെ എന്‍ യുവിലെ കുട്ടികള്‍ മഹിഷാസുര ജയന്തി ആഘോഷിച്ചതാണ് അവിടുത്തെ സകലകുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറഞ്ഞത്.
Posted on: March 3, 2016 5:38 am | Last updated: March 2, 2016 at 11:46 pm

പാര്‍ലമെന്റില്‍ ഈയിടെയായി ഷെയ്ക്‌സ്പിയറിന്റെ മാക്ബത് നാടകത്തിലെ ദുര്‍മന്ത്രവാദിനികള്‍, പുരാണത്തിലെ മഹിഷാസുരന്‍, ദുര്‍ഗ തുടങ്ങിയ പല അഭൗമിക ശക്തികളും വിളയാട്ടം നടത്തുകയാണ്. ഇവര്‍ സാധാരണ വോട്ടര്‍മാരെപ്പോലെ ഏതെങ്കിലും എം പി മാരുടെ പാസ്സ് വാങ്ങി സന്ദര്‍ശക ഗാലറിയില്‍ ശ്വാസമടക്കി ഇരിക്കുകയല്ല. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രതിപക്ഷ നേതാവ് സീതാറാം യെച്ചൂരി തുടങ്ങിയവരുടെ നാവിന്‍ തുമ്പില്‍ നിറഞ്ഞാടുകയായിരുന്നു. യെച്ചൂരി പറഞ്ഞ ഒരു കാര്യം ഭരണപ്രതിപക്ഷ വ്യത്യാസമന്യേ സര്‍വര്‍ക്കും ബോധ്യപ്പെട്ടു. നമ്മള്‍ എന്തിനെയും കണ്ണടച്ച് എതിര്‍ക്കുന്നതും കണ്ണടച്ച് വിശ്വസിക്കുന്നതും രണ്ടും ഒരുപോലെയാണ്. എതിര്‍ക്കുകയോ അനുകൂലിക്കുകയോ അത് നമ്മുടെ സൗകര്യം. അതിനുമുമ്പ് എന്തിനെയാണ് അനുകൂലിക്കുന്നത്/എതിര്‍ക്കുന്നത് അതൊന്ന് മനസ്സിരുത്തി പഠിക്കുന്നത് നന്നായിരിക്കും.
രോഹിത് വെമുലയുടെ ആത്മഹത്യയും കന്‍ഹയ്യകുമാറിന്റെ അറസ്റ്റും ആണ് നിലവില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നത്. ഇതു സംബന്ധിച്ച് പാര്‍ലിമെന്റിന്റെ ഇരു സഭകളിലും ഭരണകക്ഷി നടത്തിയ പ്രകടനം അവര്‍ നടത്തുന്ന രാഷ്ട്രീയ നിലപാടുകളുടെ പാപ്പരത്തം വെളിപ്പെടുത്തുന്നതായിപ്പോയി. ഈ സംഭവങ്ങളെ സംബന്ധിച്ച് ഭരണകക്ഷികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പലതും പറഞ്ഞു പഴകിയ ഫലിതങ്ങള്‍ മാത്രമായാണ് സാമാന്യബുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത ഏവര്‍ക്കും അനുഭവപ്പെടുന്നത്. തങ്ങളെ അനുകൂലിക്കുന്നവരെല്ലാം രാജ്യസ്‌നേഹികള്‍. മറ്റുള്ളവരൊക്കെ രാജ്യദ്രോഹികള്‍. ഇങ്ങനെയൊരു വകതിരിക്കല്‍ നടത്താന്‍ ഇവര്‍ക്കാരാണ് അവകാശം കൊടുത്തത്? മുന്‍ പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്റെ ഒരു വാചകം ഉദ്ധരിക്കട്ടെ: ‘ഭൂപ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തെ ആസ്പദമാക്കിയുള്ള ഐക്യമല്ല ഒരു ജനതയുടെ ആകെ വിചാരങ്ങളുടെ ഐക്യമാണ് ഒരു രാഷ്ട്രത്തെ നിര്‍മിക്കുന്നത്.’ ഈ അര്‍ഥത്തിലുള്ള ഒരു ഐക്യം ഇന്ത്യയിലെന്നെങ്കിലും ഉണ്ടായിട്ടുണ്ടൊ? സംശയമാണ്. ഇന്ത്യ എന്ന സങ്കല്പം പോലും നമുക്ക് തന്നത് നമ്മുടെ കൊളോണിയല്‍ യജമാനന്മാരായിരുന്ന ഇംഗ്ലീഷുകാരാണ്. അവര്‍ തയ്യാറാക്കിയ ഭൂപടം ഭിത്തിയില്‍ തൂക്കിയിട്ട് അവരാല്‍ നിയോഗിക്കപ്പെട്ട അധ്യാപകര്‍ നമുക്ക് ചൂണ്ടിക്കാണിച്ചു തന്നു; ഇതാ ഇതാണ് ഇന്ത്യ. ഇതിനപ്പുറം എന്തുതരം ഇന്ത്യ കണ്ടെത്തലാണ് നമ്മളിലെ ശരാശരി ഇന്ത്യന്‍ വോട്ടര്‍മാര്‍ നടത്തിയത്?
ഇവിടുത്തെ മണ്ണും ഇവിടുത്തെ പ്രകൃതിവിഭവങ്ങളും കിട്ടിയ വിലക്കു വില്‍ക്കുന്നതാണോ രാജ്യ സ്‌നേഹം? അഭ്യസ്തവിദ്യരായ പരശതം യുവതീയുവാക്കളെ വയറ്റിപ്പിഴപ്പിനായി അന്യരാജ്യങ്ങളിലേക്കു അയക്കുന്നതാണൊ അത്? വിദേശ കോര്‍പ്പറേറ്റുകുത്തകകളുടെ കച്ചവടതാത്പര്യങ്ങള്‍ക്കു പച്ചപ്പരവതാനി വിരിച്ചുകൊടുക്കുന്നവര്‍ രാജ്യസ്‌നേഹികള്‍ ! അതിന്റെ ഭവിഷ്യത്തു ചൂണ്ടിക്കാണിക്കുന്നവര്‍ രാജ്യദ്രോഹികള്‍. ഇതല്ലേ സമീപനം? പാര്‍ശ്വവത്കൃത ജനതയുടെ ആവാസഭൂമികള്‍ വ്യവസായപാര്‍ക്കുകളാക്കാന്‍ കാത്തിരിക്കുന്നവരുടെ നിഗൂഢതാത്പര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാമ്പസുകളെ വേട്ടയാടുന്നത്. നിങ്ങള്‍ എന്തു പഠിക്കണം, എങ്ങനെ പഠിക്കണം, എന്തു ജോലി ചെയ്യണം ഇതൊക്കെ ഞങ്ങള്‍ പറഞ്ഞു തരാം, നിങ്ങള്‍ വെറുതെയങ്ങനുസരിച്ചാല്‍ മതി. ഇതല്ലേ നിങ്ങളുടെ ഉള്ളിലിരിപ്പ്. ഇത് നേരെ ചൊവ്വെ പറയുന്നതിനു പകരം എന്തിനാണിങ്ങനെ മാക്ബതിലെ വിച്ചസിനെയും പുരാണത്തിലെ മഹിഷാസുരനെയും ദുര്‍ഗയെയും ഒക്കെ വലിച്ചിഴച്ചുകൊണ്ടു വന്ന് പാവം വിശ്വാസികളുടെ വികാരത്തെ ഇക്കിളിപ്പെടുത്തുന്നത്.
ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകാര്‍ മാക്ബത് നാടകത്തിലെ വിച്ചസിനെപ്പോലെയാണെന്നാണ് സ്മൃതി ഇറാനി പറയുന്നത്. അവര്‍ വിച്ചസിനെപ്പോലെയെങ്കില്‍ കോണ്‍ഗ്രസുകാരും ബി ജെ പിക്കാരും നാടകത്തിലെ മാക്ബത്തിനെ പോലെയും മറ്റുള്ള രാഷ്ട്രീയ കക്ഷികള്‍ ലേഡിമാക്ബതിനെപ്പോലെയും ആണെന്നു പറയേണ്ടിവരും. അര്‍ഹിക്കാത്ത രാജ്യവകാശം സ്വായത്തമാക്കുക. അതിനുവേണ്ടി എന്തു കടുംകൈയും പ്രവര്‍ത്തിക്കുക. അതായിരുന്നില്ലേ മാക്ബതിന്റെ സ്വഭാവം. ആരെക്കൊന്നിട്ടായാലും എന്തതിക്രമം ചെയ്തിട്ടായാലും തന്റെ തലയില്‍ മഹാറാണിപ്പട്ടം പതിയണം; അതു മാത്രമായിരുന്നു ലേഡി മാക്ബതിന്റെ സ്വകാര്യചിന്ത. ആ നിലക്കു മാക്ബത് നാടകത്തിലെ എന്തുകൊണ്ടും മികച്ച കഥാപാത്രങ്ങള്‍ സ്ത്രീകളുടെ ശരീരവും പുരുഷന്മാരുടെ മുഖവും സര്‍വസമാനമായ ജഡകള്‍ വികൃതമാക്കിയ കേശഭാരവും വികൃതമായ പല്ലുകളും ഒക്കെയുള്ള ദുര്‍മന്ത്രവാദിനികള്‍ തന്നെ. എല്ലാ നല്ലതും ചീത്ത, എല്ലാ ചീത്തയും നല്ലത്. (fair is foul,foul is fair) എന്ന മന്ത്രം ആപ്തവാക്യമാക്കിക്കൊണ്ടു നടക്കുന്നവര്‍. അധികാരാര്‍ത്തി ബാധിച്ചവശനായ മാക്ബതിന്റെ ഉപബോധ മനസ്സിന്റെ പ്രത്യക്ഷ സാക്ഷാത്കാരം മാത്രമാണീ ദുര്‍ഭൂതങ്ങളെന്നാണ് എ സി ബ്രാഡ്‌ലിയെപ്പോലുള്ള ഷെയ്കസ്പിയര്‍ വിമര്‍ശക പ്രതിഭകളുടെ കണ്ടെത്തല്‍. നാടകത്തെ ദുരന്തത്തിലേക്കു തള്ളിയിടുന്നത് ഈ പാവം ദുര്‍മന്ത്രവാദിനികളല്ല. പിന്നെയോ, അവരെ അന്തരാത്മാവിലാവാഹിച്ച മുഖ്യ കഥാപാത്രം മാക്ബത് തന്നെയാണെന്ന് വ്യഗ്യം. യെച്ചൂരി വളരെ കാവ്യാത്മകമായി ഈ സത്യം രാജ്യസഭയില്‍ ചൂണ്ടിക്കാണിച്ചത് നമ്മള്‍ കേട്ടു.
നാഴികക്കു നാല്പതുവട്ടം പുരാണേതിഹാസങ്ങളുദ്ധരിക്കുന്നവര്‍ക്ക് അതിലെ കഥയെ കതിരും പതിരും മനസ്സിലാക്കാന്‍ കെല്‍പില്ലാത്തവരാണെന്നു അനുമാനിക്കേണ്ടിവരും. സ്മൃതി ഇറാനിയുടെ, മഹിഷാസുര-ദുര്‍ഗാ പരാമര്‍ശം, ദേവന്മാര്‍ നന്മയുടെ പ്രതീകവും അസുരന്മാര്‍ തിന്മയുടെ പ്രതീകവും ആണെന്ന പ്രചരണത്തിന്റെ പുനരാവിഷ്‌കാരമായിപ്പോയി. സവര്‍ണ ഹിന്ദുത്വത്തിന്റെ ആവനാഴിയിലെ അവസാനത്തെ ആയുധവും ഇതു തന്നെ. ഇതു സംബന്ധിച്ച് ആധുനിക പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത് ദേവന്മാര്‍ ആര്യാധിനിവേശ തന്ത്രങ്ങളുടെയും അസുരന്മാര്‍ ദ്രാവിഡ നിഷ്‌കളങ്കതയുടെയും പ്രതീകങ്ങളാണെന്നാണ്. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ദേവാസുരയുദ്ധം ആര്യദ്രാവിഡ യുദ്ധത്തിന്റെ കാവ്യാത്മക ആവിഷ്‌കാരങ്ങള്‍ മാത്രമാണ്. മഹിഷാസുരന്‍ മാത്രമല്ല മഹാബലിയുള്‍പ്പെടെയുള്ള പല അസുര മൂര്‍ത്തികളും ഇന്ത്യയുടെ പല ഭാഗങ്ങളിലും ആരാധനാമൂര്‍ത്തികളായിരുന്നു എന്ന കാര്യം ഗ്രഹിക്കാതെ ആയിരിക്കാം കേന്ദ്രവിദ്യാഭ്യാസമന്ത്രി ജെ എന്‍ യുവിലെ കുട്ടികള്‍ മഹിഷാസുര ജയന്തി ആഘോഷിച്ചതാണ് അവിടുത്തെ സകലകുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറഞ്ഞത്.
ആരായിരുന്നു ഈ മഹിഷാസുരന്‍? ആരാണീ ദുര്‍ഗ? ജെ എന്‍ യുവിലെ ഒരു വിഭാഗം കുട്ടികള്‍ ദുര്‍ഗാപൂജ നടത്തിയതിനോടുള്ള സ്വാഭാവിക പ്രതികരണം എന്ന നിലയിലായിരിക്കാം മറ്റൊരു വിഭാഗം ദുര്‍ഗയാല്‍ കൊല്ലപ്പെട്ട മഹിഷാസുരനെ അനുസ്മരിച്ച് ക്യാമ്പസില്‍ ചടങ്ങ് നടത്തിയത്. വിദ്യാഭ്യാസ മന്ത്രി ഒരു കാര്യം മനസ്സിലാക്കണം. ഇന്ത്യയില്‍ ഒരിടത്തും ഒരു ഏകശിലാ നിര്‍മിതമായ ഹിന്ദുമതം നിലവിലില്ല. ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള ജനങ്ങള്‍ അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നു സാംശീകരിച്ച വ്യത്യസ്ത ദൈവ സങ്കല്‍പങ്ങളെ അവര്‍ക്കു ഇഷ്ടമുള്ള രൂപത്തില്‍ ആരാധിക്കുന്നവരാണ്. അതൊരു തരത്തിലും ഈ നാടിന്റെ ദൗര്‍ബല്യമായിരുന്നില്ല. മറിച്ച് അതായിരുന്നു ഈ നാടിന്റെ ശക്തി. ഇന്ന് അസുരമുദ്രകുത്തി പാര്‍ശ്വവത്കരിച്ചിരിക്കുന്ന പുരാണ കഥാപാത്രങ്ങള്‍ ഒരു കാലത്ത് ഈ രാജ്യത്തിന്റെ ഏതെങ്കിലുമൊരു പ്രദേശം അടക്കി ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു. അവര്‍ക്കെതിരെ പടനീക്കം നടത്തി അവരെ കൊന്ന് അവരുടെ രാജ്യാവകാശം സ്വായത്തമാക്കിയവരാണ് അവരെ ദുഷ്ടകഥാപാത്രങ്ങളാക്കി ചിത്രീകരിച്ചത്.
ഈ മഹിഷാസുരനാരെന്നറിഞ്ഞാലേ ജെ എന്‍ യു വിദ്യാര്‍ഥികള്‍ നടത്തിയ തമാശ നിറഞ്ഞ മഹിഷാസുരജയന്തി ആഘോഷത്തിന്റെ പൊരുള്‍ പിടികിട്ടൂ. ഇതിത്രമേല്‍ വലിയ രാജ്യദ്രോഹമായിപ്പോയെങ്കില്‍ ഓണം ആഘോഷിക്കുന്ന മലയാളികളെ ഒന്നാകെ കേന്ദ്ര ഭരണകൂടം രാജ്യദ്രോഹ മുദ്രകുത്തി നാടുകടത്താനിടയുണ്ട്. മഹാബലി ഈ നാട് ഭരിച്ചിരുന്ന ഒരു അസുരരാജാവായിരുന്നെന്നാണല്ലോ പറയുന്നത്. വാമനനായി വേഷം മാറി വന്ന മഹാവിഷ്ണു മഹാബലിയെ തോല്‍പിച്ച് രാജ്യം പിടിച്ചെടുത്തെങ്കിലും വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ വന്നുകൊള്ളാന്‍ അനുവാദം നല്‍കിയത്രേ. അതുപ്രകാരം നാടുകാണാന്‍ എത്തുന്ന മഹാബലി എന്ന അസുരരാജാവിനു കേരളം നല്‍കുന്ന വരവേല്‍പാണ് ഓണം. ഇതു ശരിയെങ്കില്‍ ജെ എന്‍ യു വിദ്യാര്‍ഥികള്‍ അവരുടെ നാടു ഭരിച്ചിരുന്ന മഹിഷാസുരനെ അനുസ്മരിച്ചതെങ്ങനെ തെറ്റാകും. മഹിഷ ശബ്ദത്തിനു പോത്ത്, എരുമ എന്നൊക്കെയാണര്‍ഥം. പശുവിനെ കൊല്ലുന്നവര്‍ക്കു മരണശിക്ഷ വിധിക്കുന്ന ഹിന്ദുത്വ ശക്തികള്‍ പോത്തിനെയും പോത്തിന്റെ അമ്മയായ എരുമയേയും വധിക്കുന്നവരെ വെറുതെ വിടുന്നു. എന്താണിതിന്റെ രഹസ്യം? ഇവിടെയാണ് കാഞ്ച ഇളയ്യയുടെ എരുമ ദേശീയത എന്ന പുസ്തകത്തിന്റെ പ്രസക്തി. ഇവിടെ വിജയക്കൊടി പാറിച്ച പശുദേശീയത, കീഴടക്കപ്പെട്ട ഒരു എരുമദേശീയതയുടെ നെഞ്ചത്തു കയറി നിന്നുകൊണ്ട് നടത്തുന്ന കൊലവിളിയാണ് ഇപ്പോള്‍ സര്‍വത്ര കേള്‍ക്കുന്നതെന്ന് കാഞ്ച ഇളയ്യ നിരീക്ഷിക്കുന്നു. തുറന്നു പറഞ്ഞാല്‍ ദളിത് ദേശിയതക്കുമേല്‍ ബ്രാഹ്മണ ദേശീയത നടത്തുന്ന പരിഹാസാട്ടഹാസം.
മഹിഷാസുരന്‍, മഹാബലി, രാവണന്‍, ശുക്രാചാര്യന്‍ അവരൊക്കെ ഇവിടുത്തെ മണ്ണിന്റെ ഗുണവും മണവും തിരിച്ചറിഞ്ഞ ദേശസ്‌നേഹികളായിരുന്നു. തങ്ങളില്‍ നിന്നു വ്യത്യസ്തരായവരെ ആര്യാധിനിവേശ ശക്തികള്‍ മനുഷ്യരായിപ്പോലും അംഗീകരിച്ചിരുന്നില്ല. അവരുടെ ഉത്ഭവം- നാഗം – പാമ്പ്, വാനരന്‍- കുരങ്ങ്, മഹിഷം- പോത്ത് തുടങ്ങിയ മൃഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള കഥകള്‍ മെനഞ്ഞു ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ദേവന്മാര്‍ ഒത്തൊരുമിച്ച് സര്‍വശക്തിയും പ്രയോഗിച്ചിട്ടും തോല്‍പ്പിക്കാനാകാത്തവനെന്നു തെളിഞ്ഞ മഹിഷാസുരനെ വധിക്കാന്‍ സാക്ഷാല്‍ ഭൂമാതാവ്, ദുര്‍ഗയെ തന്നെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരടക്കമുള്ള ദൈവങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവന്നുവത്രേ. ദേവിഭാഗവതം പഞ്ചമസ്തംഭത്തിലെ വിവരണപ്രകാരം ദേവാസുര യുദ്ധത്തിനു തന്നെ കാരണമായത് മഹിഷാസുരന്റെ അതുല്യമായ വ്യക്തിപ്രഭാവമായിരുന്നു. ശിവനും വിഷണുവും ബ്രഹ്മാവും പോലും മഹിഷന്റെ മുമ്പില്‍ തോറ്റുപിന്തിരിഞ്ഞോടി. ദേവഗണം ഒന്നാകെ ബ്രഹ്മാവിന്റെ അടുക്കല്‍ സങ്കടം ബോധിപ്പിച്ചു. അപ്പോഴാണ് അറിയുന്നത് മഹിഷാസുരനെ വധിക്കാന്‍ ഒരു പുരുഷന്മാരെക്കൊണ്ടും സാധിക്കില്ലെന്ന വരം ബ്രഹ്മാവ് മഹിഷാസുരനു നല്‍കിയിട്ടുണ്ടായിരുന്നു പോലും. പിന്നെ, എന്താണ് പോംവഴി? ദേവന്മാര്‍ കൂടിയാലോചിച്ചു. ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരുള്‍പ്പെടെയുള്ള സര്‍വദേവകളുടെയും ശക്തിയുടെ ആകെ തുകയായി ഒരു സ്ത്രീയെ സൃഷ്ടിക്കുക. അങ്ങനെ അവര്‍ സൃഷ്ടിച്ച സ്ത്രീയായിരുന്നു പോലും സാക്ഷാല്‍ ദുര്‍ഗ. അതായത് ദേവാസുരമനുശ്യമൃഗാദിസര്‍വചരാചരങ്ങള്‍ക്കും മാതാവായ സാക്ഷാല്‍ പ്രപഞ്ച മാതാവ്. സഞ്ചരിക്കാന്‍ ഹിമവാന്‍ ദാനം ചെയ്ത വാഹനമായ സിംഹത്തിന്മേല്‍ ആരൂഢയായി ദുര്‍ഗ മഹിഷസുര നിഗ്രഹത്തിനായി പുറപ്പെട്ടു. ലക്ഷ്യം സാധിച്ച് നിഷ്‌ക്രമിച്ചു. ആര്യാധിനിവേശ താത്പര്യത്തിനൊത്തു രൂപപ്പെടുത്തിയ ഇത്തരം കഥകളെ അംഗീകരിക്കാത്തവര്‍ അവരുടെ ബോധ്യങ്ങള്‍ക്കനുസരിച്ച് തദ്ദേശീയപുരാണങ്ങളെ പുനഃസൃഷ്ടി നടത്താന്‍ ശ്രമിച്ചാല്‍ അതെങ്ങനെ രാജ്യദ്രോഹമാകും?
ഡല്‍ഹിയില്‍ ബലാല്‍സംഗം വര്‍ധിക്കാന്‍ കാരണം ജെ എന്‍ യു വിദ്യാര്‍ഥികളെന്നു ജ്ഞാന്‍ദേവഅഹൂജ എന്ന ബി ജെ പി. എം എല്‍ എ, അഫ്‌സല്‍ഗുരുവിനെ പിന്തുണക്കുന്നവരെയും തൂക്കിക്കൊല്ലണമെന്നു പ്രവീണ്‍ തൊഗാഡിയ. മനുഷ്യരെ കൊല്ലുന്നവരെ വെറുതെ വിട്ടാലും പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലണമെന്നു പറഞ്ഞതും ഈ മാന്യന്‍ തന്നെ. വേറിട്ടുള്ള ശബ്ദത്തെ വെച്ചു പൊറിപ്പില്ലെന്ന തീവ്രനിലപാട്; അതല്ലേ രാജ്യദ്രോഹം. ഇത്തരം രാജ്യദ്രോഹികളെ നമ്മളെന്തു ചെയ്യണം? ഇവര്‍ക്കു വധശിക്ഷയൊന്നും നല്‍കേണ്ട. അവര്‍ക്കു തക്കതായ ചികിത്സ നല്‍കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും.
കെ സി വര്‍ഗീസ് ഫോണ്‍, 9446268581