ഒരു ഫ്‌ലാറ്റില്‍ ഒരു കുടുംബം വിട്ടുവീഴ്ചയില്ലാതെ അബുദാബി നഗരസഭ

Posted on: March 2, 2016 6:34 pm | Last updated: March 8, 2016 at 9:29 pm

roomഅബുദാബി: ഗാര്‍ഹിക നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ ഫ്‌ലാറ്റു
കളില്‍ പരിശോധന കര്‍ശനമാക്കി. അബുദാബിയിലും പരിസരങ്ങളിലും വിദേശികളുടെ താമസം സംബന്ധിച്ച് നഗരസഭ ശക്തമായ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഇതു സംബന്ധിച്ച് കെട്ടിട ഉടമകള്‍ക്കും റിയല്‍ എസ്റ്റേറ്റ് അധികൃതര്‍ക്കും നോട്ടീസ് നല്‍കി. ഫഌറ്റുകളിലും വില്ലകളിലും ഒരു കുടുംബത്തിന് മാത്രമേ താമസിക്കാന്‍ പാടുള്ളു. ബാച്ചിലര്‍മാര്‍ക് താമസിക്കാന്‍ അനുവദിക്കപ്പെട്ട കെട്ടിടങ്ങളില്‍ ഒരു മുറിയില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ക്ക് താമസിക്കാന്‍ പാടില്ല.

ഇരുപ്പുമുറികള്‍, തീന്‍മുറികള്‍, ഇടനാഴികള്‍, അനധികൃതമായി കൂട്ടിച്ചേര്‍ത്ത മുറികള്‍ എന്നിവ കിടപ്പുമുറികളായി അംഗീകരിക്കുന്നതല്ല. അത്തരം സ്ഥലങ്ങള്‍ താമസയോഗ്യമായിരിക്കില്ലെന്നും നിയമം ലംഘിച്ച് കൂടുതല്‍ പേര്‍ താമസിക്കുന്നതായി കണ്ടെത്തിയാല്‍ വന്‍പിഴ ഈടാക്കുമെന്നും നഗരസഭ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹംവരെയാണ് പിഴ. 2011ല്‍ പ്രാബല്യത്തില്‍ വന്ന നിയമം അനുസരിച്ച് താമസക്കാര്‍, കെട്ടിട ഉടമകള്‍, ഇടനിലക്കാര്‍ എന്നിവരെല്ലാം പിഴ അടക്കുവാന്‍ ബാധ്യസ്ഥരാണ്. അനുമതി കൂടാതെ കെട്ടിടങ്ങളുടെ രൂപത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷംവരെ പിഴ ഈടാക്കുമെന്ന് നഗരസഭ അറിയിച്ചു. നഗരസഭ അംഗീകരിച്ച സ്ഥലങ്ങളില്‍ മാത്രമേ ബാച്ചിലര്‍മാര്‍ക്ക് താമസം അനുവദിക്കുകയുള്ളൂ. ഇവയുടെ കരാറുകള്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്‌കൂളുകള്‍ തുടങ്ങിയവ തങ്ങളുടെ ജീവനക്കാര്‍ക്ക് നിയമം ലംഘിക്കാത്ത രീതിയിലുള്ള താമസ സൗകര്യം ഉറപ്പുവരുത്തണം. കെട്ടിട ഉടമകള്‍, വാടകക്കാര്‍ നിക്ഷേപകര്‍ എന്നിവര്‍ അബുദാബി എമിറേറ്റില്‍ കര്‍ശനമാക്കിയ താമസ നിയമം പാലിക്കുവാന്‍ ബാധ്യസ്ഥരാണെന്ന് നഗരസഭ വ്യക്തമാക്കി. സിറ്റി നഗരസഭ ഓഫീസിന് പുറമെ, മുസഫ്ഫ, ശഹാമ, അല്‍ വത്ബ, അല്‍ ബതീന്‍ എന്നിവിടങ്ങളിലെ ഓഫീസിന് പരിധിയിലും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ പരിശോധന നടന്നു.
സുരക്ഷിതമല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമാകുന്ന താമസസ്ഥലം അനുവദിക്കുകയില്ല. അബുദാബിയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഉയര്‍ന്ന ജീവിത നിലവാരവും താമസസൗകര്യവും ഉറപ്പുവരുത്തുകയെന്നതും പ്രധാന ലക്ഷ്യമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍തന്നെ അടുത്ത ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.