Connect with us

Gulf

വെള്ളം കുറച്ച് ഉപയോഗിക്കുന്നതില്‍ പ്രവാസികള്‍ മുന്നില്‍

Published

|

Last Updated

ദോഹ: സ്വദേശികളേക്കാള്‍ വളരെ കുറച്ച് വെള്ളം ഉപയോഗിക്കുന്നത് പ്രവാസികള്‍. സ്വദേശികള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഏഴ്- എട്ട് മടങ്ങ് കുറവാണ് പ്രവാസികള്‍ ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം പ്രവാസിയുടെ ശരാശരി വെള്ള ഉപയോഗം 82.2 ക്യൂബിക് മീറ്റര്‍ ആണെങ്കില്‍ സ്വദേശികളുടെത് 600.5 ക്യൂബിക് മീറ്റര്‍ ആണ്. 2015ലെ കണക്കാണിത്.
2014ല്‍ പ്രവാസികളുടെ വെള്ള ഉപയോഗം ശരാശരി 76.8 ക്യൂബിക് മീറ്റര്‍ ആയിരുന്നു. തദ്ദേശീയരുടെത് 569.7 ക്യൂബിക് മീറ്ററും. ഈ വര്‍ഷം തദ്ദേശീയരുടെ ആളോഹരി വെള്ളഉപയോഗം 632.9 ക്യൂബിക് മീറ്റര്‍ ആയി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രവാസികളുടെത് 87.9 ക്യൂബിക് മീറ്ററും. ആളോഹരി വെള്ള ഉപയോഗം 1990ല്‍ 182 ക്യൂബിക് മീറ്റര്‍ ആയിരുന്നത് 2012ല്‍ 400 ക്യൂബിക് മീറ്റര്‍ ആയിട്ടുണ്ട്. 2000ല്‍ 230 ക്യൂബിക് മീറ്റര്‍ ആയിരുന്നു. 2000-2012 കാലയളവില്‍ ജനസംഖ്യയില്‍ 4.7 ശതമാനം വര്‍ധന ഉണ്ടായതും പ്രധാന കാരണമാണ്. പെര്‍മനന്റ് പോപുലേഷന്‍ കമ്മിറ്റി ആണ് ഈ കണക്ക് പുറത്തുവിട്ടത്. ഇത് എട്ടാമത്തെ പഠന റിപ്പോര്‍ട്ടാണ്. വളരെ കുറച്ച് മഴ ലഭിക്കുന്നതും (വാര്‍ഷിക ശരാശരി 76 മില്ലി മീറ്റര്‍) നദികളില്ലാത്തതുമായ പ്രദേശമായതിനാല്‍ ഖത്വറിന്റെ ജലസ്രോതസ്സുകളുടെ സുസ്ഥിരത വിലയിരുത്തുകയാണ് പഠനത്തിന്റെ ലക്ഷ്യം. രാജ്യത്ത് ഉപയോഗിക്കുന്ന മൊത്തം വെള്ളത്തിന്റെ 54 ശതമാനവും കടല്‍വെള്ളം ശുദ്ധീകരിക്കുന്നതാണ്. ഭൂഗര്‍ഭജലമായി ഉപയോഗിക്കുന്ന 36 ശതമാനം അധികവും കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ്. ബാക്കിയുള്ള പത്ത് ശതമാനം സംസ്‌കരിക്കുന്ന മലിനജലമാണ്. ഇത് പാര്‍ക്കുകളിലെ ജലസേനചനത്തിന് ഉപയോഗിക്കുന്നു.
രാജ്യം ഭാവിയില്‍ അഭിമുഖീകരിച്ചേക്കാവുന്ന അടിയന്തരഘട്ടങ്ങളിലേക്ക് വെള്ളം ശേഖരിക്കുകയെന്ന ശിപാര്‍ശയും പഠനറിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്. 2020 ആകുമ്പോഴേക്കും പ്രതിദിനം 21 ലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളം ആവശ്യമായിവരുമെന്ന് കഹ്‌റമ കണക്കുകൂട്ടുന്നു. അതിനാല്‍ ഈ വര്‍ഷം മുതല്‍ ശുദ്ധീകരിക്കുന്ന വെള്ളത്തിന്റെ അളവ് പ്രതിദിനം 95 മില്യന്‍ ഗാലന്‍ ആക്കണമെന്ന് കഹ്‌റമ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷികോത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോത് കുറച്ചിട്ടുണ്ടെന്നതാണ് റിപ്പോര്‍ട്ടിന്റെ ശ്രദ്ധേയഭാഗം. 2011ഓടെ 45 ശതമാനം കുറച്ചിട്ടുണ്ട്. 2020ല്‍ 40 ശതമാനം കൂടി കുറക്കും. ഈ കാലയളവില്‍ കാര്‍ഷികോത്പാദനം മൂന്ന് ശതമാനം വര്‍ധിച്ചിട്ടുണ്ട്. വീട്, ഓഫീസ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വെള്ളത്തിന്റെ ഉപയോഗം 2020ഓടെ 58 ശതമാനം ആകും. വ്യവസായ മേഖലയിലെത് അടുത്ത നാല് വര്‍ഷം കൊണ്ട് രണ്ട് ശതമാനം ആകും.

---- facebook comment plugin here -----

Latest