ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം കെ.കെ ഷാജു രാജിവെച്ചു

Posted on: March 1, 2016 11:48 am | Last updated: March 1, 2016 at 11:48 am

k k shajuആലപ്പുഴ: യു.ഡി.എഫിനെ പിന്തുണക്കുന്ന ജെ.എസ്.എസ് രാജന്‍ ബാബു വിഭാഗം അധ്യക്ഷന്‍ കെ.കെ ഷാജു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായാണ് കെ.കെ ഷാജുവിന്റെ രാജിയെന്നാണ് സൂചന. ജെ.എസ്.എസിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും ഭാവിയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ഗൗരിയമ്മ ഇടതുപക്ഷത്തേക്ക് പോകാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോഴാണ് രാജന്‍ബാബുവും, കെ.കെ ഷാജുവും അടക്കമുളളവര്‍ ജെഎസ്എസ് വിട്ടത്. കഴിഞ്ഞയാഴ്ച രാജന്‍ബാബു ഗൗരിയമ്മയെ പോയി കണ്ടതിനെ തുടര്‍ന്നാണ് ജെഎസ്എസില്‍ വീണ്ടും ആഭ്യന്തര കലഹങ്ങള്‍ ആരംഭിച്ചത്. പാര്‍ട്ടിയില്‍ തന്നോടൊപ്പമുളളവര്‍ യുഡിഎഫില്‍ പ്രത്യേക വിഭാഗമായി തുടരുമെന്നും കെ.കെ ഷാജു അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അഡ്വ. രാജന്‍ ബാബുവുമായി അകന്ന കെ.കെ. ഷാജുവിന് ആലപ്പുഴ ഡി.സി.സിയുടെ പിന്തുണയുണ്ട്.