താങ്ങിലൊരു ചതിയുണ്ട്

കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം, വിതരണം, സംസ്‌കരണം എന്നീ മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. ആഭ്യന്തര കുത്തകകളായ റിലയന്‍സും ബിര്‍ളയുമൊക്കെ കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ വിതരണ മേഖലയിലേക്ക് നേരത്തെ തന്നെ പ്രവേശിച്ചിട്ടുണ്ട്. ഇതുമൂലം കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. മറിച്ച് ഉത്പന്നങ്ങള്‍ കുറഞ്ഞവിലക്ക് സംഭരിക്കുകയും പൂഴ്ത്തിവെച്ച് വിപണിയില്‍ വിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് ഇവര്‍ ചെയ്തത്. ആഭ്യന്തര കുത്തകകളുടെ രംഗപ്രവേശം ഉത്പന്നങ്ങളുടെ സംഭരണവില ഉയര്‍ത്തിയിരുന്നുവെങ്കില്‍ കര്‍ഷക ആത്മഹത്യകളുടെ തോത് കുറയുമായിരുന്നു. ഇവിടേക്ക് വിദേശ കമ്പനികള്‍ കൂടി എത്തുന്നതോടെ കര്‍ഷകരുടെ നില കൂടുതല്‍ പരുങ്ങലിലാകാനാണ് സാധ്യത. ഉത്പന്നം കെട്ടിക്കിടന്ന് നശിച്ച് പോകുന്ന സാഹചര്യം ഒരുപക്ഷേ, ഒഴിവായിപ്പോയേക്കാമെന്ന് മാത്രം.
Posted on: March 1, 2016 6:00 am | Last updated: March 1, 2016 at 12:21 am

arun jaitelyരാജ്യത്താകെയുള്ള കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ചയുണ്ടായാല്‍ താങ്ങു നല്‍കാനായി ശ്രീമാന്‍ അരുണ്‍ ജെയ്റ്റ്‌ലി തന്റെ മൂന്നാം ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 900 കോടി രൂപയാണ്. കേരളത്തില്‍ നെല്ലിന് താങ്ങുവില നല്‍കി സംഭരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെക്കുന്നത് 500 കോടിയോളം രൂപയാണ് എന്നത് കണക്കിലെടുത്ത് വേണം രാജ്യത്തിനാകെയുള്ള ഈ നീക്കിവെപ്പിനെ വിലയിരുത്താന്‍. ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നതു കൊണ്ട് തന്നെ അവശ്യം വന്നാല്‍ അത് വര്‍ധിപ്പിച്ച് നല്‍കാന്‍ ധനവകുപ്പിന് സാധിക്കും. എങ്കിലും ഇത്രയും ചെറിയ തുക നീക്കിവെച്ച് ഉത്പന്നങ്ങള്‍ക്ക് ന്യായ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്നതിലെ അയുക്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഈ കുറഞ്ഞ നീക്കിയിരുപ്പിന് മറ്റൊരു ന്യായമുണ്ട്. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുറഞ്ഞ നിലയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിരിക്കുന്നു. അത് ഉടനൊന്നും വലിയതോതില്‍ ഉയരില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ വിപണിയെ അടിസ്ഥാനമാക്കിയുള്ള വില മാത്രമേ കാര്‍ഷികോത്പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കേണ്ടതുള്ളൂ. അതിനെ വലിയ തോതില്‍ താങ്ങിക്കൊടുക്കേണ്ടി വരില്ല എന്ന് അരുണ്‍ ജെയ്റ്റ്‌ലി കണക്ക് കൂട്ടുന്നു.
അതേസമയം, കാര്‍ഷിക മേഖലക്ക് വായ്പ നല്‍കാന്‍ ബേങ്കുകള്‍ നീക്കിവെക്കേണ്ട തുക ഒമ്പത് ലക്ഷം കോടി രൂപയാണ്. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനായി ജലസേചന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഇരുപതിനായിരത്തോളം കോടി രൂപ നീക്കിവെച്ചു. ജലസേചന സൗകര്യം ഏര്‍പ്പെടുത്താനായി നബാര്‍ഡിന്റെ കീഴില്‍ 20,000 കോടിയുടെ മറ്റൊരു ഫണ്ടും വ്യവസ്ഥ ചെയ്തിരിക്കുന്നു. കര്‍ഷകരുടെ വരുമാനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കുമെന്നും മന്ത്രി പ്രഖ്യാപിക്കുന്നു. ജലസേചനം ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉത്പാദനം വര്‍ധിച്ചതുകൊണ്ടു മാത്രം കര്‍ഷകരുടെ വരുമാനം വര്‍ധിക്കില്ല. ഉത്പന്നത്തിന് ന്യായമായ വില കിട്ടണം. അതിന് പാകത്തിലുള്ള യാതൊന്നും ബജറ്റില്‍ പ്രഖ്യാപിക്കാതിരിക്കുകയും താങ്ങുവിലക്കായി നാമമാത്ര തുക നീക്കിവെക്കുകയും ചെയ്യുമ്പോള്‍ കാര്‍ഷിക മേഖലയിലെ കുത്തകവത്കരണത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാറിന്റെ നയമെന്ന് കരുതേണ്ടിവരും. വിളകള്‍ക്ക് വിലയില്ലാതെ, കടക്കെണിയില്‍പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് വ്യാപിക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിലാണ് താങ്ങ് അധികം വേണ്ടെന്ന് ധനമന്ത്രി തീരുമാനിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം, വിതരണം, സംസ്‌കരണം എന്നീ മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുക എന്ന പ്രഖ്യാപനവും ഇതോടു ചേര്‍ത്തുവെക്കണം. ആഭ്യന്തര കുത്തകകളായ റിലയന്‍സും ബിര്‍ളയുമൊക്കെ കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ വിതരണ മേഖലയിലേക്ക് നേരത്തെ തന്നെ പ്രവേശിച്ചിട്ടുണ്ട്. ഇതുമൂലം കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. മറിച്ച് ഉത്പന്നങ്ങള്‍ കുറഞ്ഞവിലക്ക് സംഭരിക്കുകയും പൂഴ്ത്തിവെച്ച് വിപണിയില്‍ വിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് ആഭ്യന്തര കുത്തകകള്‍ ചെയ്തത്. ആഭ്യന്തര കുത്തകകളുടെ രംഗപ്രവേശം ഉത്പന്നങ്ങളുടെ സംഭരണവില ഉയര്‍ത്തിയിരുന്നുവെങ്കില്‍ കര്‍ഷക ആത്മഹത്യകളുടെ തോത് കുറയുമായിരുന്നു. അതുണ്ടായിട്ടില്ല. ഇവിടേക്ക് വിദേശ കമ്പനികള്‍ കൂടി എത്തുന്നതോടെ കര്‍ഷകരുടെ നില കൂടുതല്‍ പരുങ്ങലിലാകാനാണ് സാധ്യത. ഉത്പന്നം കെട്ടിക്കിടന്ന് നശിച്ച് പോകുന്ന സാഹചര്യം ഒരുപക്ഷേ, ഒഴിവായിപ്പോയേക്കാമെന്ന് മാത്രം.
കുത്തകവത്കരണത്തിനുള്ള ഈ ശ്രമം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ഇതര മേഖലകളിലൊക്കെ അത് ഏറെ മുന്നോട്ടുപോയെങ്കിലും കാര്‍ഷിക മേഖല പിന്നാക്കം നില്‍ക്കുന്നു. ഈ മേഖലയിലെ ശതമാനക്കണക്കിലുള്ള വളര്‍ച്ചാനിരക്ക് ഇപ്പോഴും താഴ്ന്ന് നില്‍ക്കുന്നതിന് ഒരു കാരണം വന്‍കിട മൂലധനനിക്ഷേപത്തിന്റെ കുറവാണെന്ന വിലയിരുത്തലുമുണ്ടാകാം. അതുകൊണ്ട് കൂടിയാകണം കാര്‍ഷിക അനുബന്ധ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച് മാറ്റത്തിന് വേഗം കൂട്ടാന്‍ അരുണ്‍ ജെയ്റ്റ്‌ലി തീരുമാനിച്ചത്. ഒമ്പത് ലക്ഷം രൂപ വായ്പക്കായി നീക്കിവെക്കുന്നു, ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നു, വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത് ഓര്‍മിപ്പിക്കുന്നു, അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിക്കുന്നു – ഒറ്റ നോട്ടത്തില്‍ കര്‍ഷകക്ഷേമം മുന്‍നിര്‍ത്തുന്നുവെന്ന തോന്നലുളവാക്കിയേക്കാമെങ്കിലും ഫലം വിപരീതമാകാനേ തരമുള്ളൂ.
സബ്‌സിഡികളൊക്കെ ആധാര്‍ ബന്ധിതമാക്കാന്‍ (യു പി എ സര്‍ക്കാറിന്റെ കാലത്ത് ആധാറിനെ ബി ജെ പി എതിര്‍ത്തിരുന്നു) തീരുമാനിക്കുമ്പോഴും യു പി എ സര്‍ക്കാറിന്റെ നയത്തിന്റെ തുടര്‍ച്ച കാണാം. സബ്‌സിഡികള്‍ വരുമാനത്തെ അധിഷ്ഠിതമാക്കി പരിമിതപ്പെടുത്തുന്നതില്‍ കുറേക്കൂടി മുന്നോട്ടുനീങ്ങുകയാണ് അരുണ്‍ ജെയ്റ്റ്‌ലി. സബ്‌സിഡി അര്‍ഹരായവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് വ്യക്തവുമാണ്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ തന്നെ സാമൂഹികക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക എന്നതായിരുന്നു ഇടതിന്റെ പിന്തുണയോടെ അധികാരത്തിലിരുന്ന ഒന്നാം യു പി എ സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രം. ഇതേപാത രണ്ടാം യു പി എയുടെ കാലത്തും തുടര്‍ന്നു, അത് ജെയ്റ്റ്‌ലി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു.
എല്ലാ ബി പി എല്‍ കുടുംബങ്ങളിലും സബ്‌സിഡിയോടെയുള്ള പാചക വാതകം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം നീക്കിവെക്കല്‍, ചികിത്സാചെലവ് നേരിടുന്നതിന് ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വരെയുള്ള ഇന്‍ഷ്വറന്‍സ്, ഡയാലിസിസ് കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനം എന്നിവയൊക്കെ ഈ ഗണത്തില്‍പ്പെടുത്താം. തൊഴില്‍ വൈദഗ്ധ്യമുണ്ടാക്കുന്നതിനായുള്ള കേന്ദ്രങ്ങള്‍ (സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകള്‍), വ്യവസായ സംരംഭകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയൊക്കെ കഴിഞ്ഞ പല ബജറ്റുകളിലും ഇടംപിടിച്ച സംഗതികള്‍ മാത്രമാണ്.
ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന് ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കല്‍, ഇന്‍ഷുറന്‍സ് – പെന്‍ഷന്‍ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയും കഴിഞ്ഞ പല ബജറ്റുകളില്‍ ആവര്‍ത്തിക്കപ്പെട്ടവ തന്നെ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വേഗത്തിലാക്കുമെന്ന സൂചന ജെയ്റ്റ്‌ലിയുടെ പ്രസംഗത്തിലുണ്ട്. കഴിഞ്ഞ രണ്ട് തവണയും ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാനുദ്ദേശിക്കുന്ന തുക എത്രയെന്ന് ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. വിറ്റഴിക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക നിതി ആയോഗ് തയ്യാറാക്കുമെന്നാണ് ഇക്കുറി പറഞ്ഞത്. എ ബി വാജ്പയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ ഡി എ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് മന്ത്രാലയം തന്നെ തുറന്നിരുന്നു. ഏറെക്കുറെ സമാനമാണ് നിതി ആയോഗിനെ ദൗത്യമേല്‍പ്പിക്കുമ്പോള്‍ സംഭവിക്കുന്നത്.
ഭവന വായ്പയെടുക്കുന്നവര്‍ക്കുള്ള ആദായനികുതി ആനുകൂല്യം രണ്ടര ലക്ഷം രൂപയാക്കുമ്പോള്‍ അത് ഇടത്തരക്കാരെ ലക്ഷ്യമിടുന്നതാണ്. വാടകയായി നല്‍കുന്ന തുകയില്‍ 60,000 രൂപ വരെ ആദായനികുതിയിളവിന് അര്‍ഹമാണെന്ന പ്രഖ്യാപനവും ഇടത്തരക്കാരെ തൃപ്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. ബേങ്കുകള്‍ക്ക് പ്രയാസം കൂടാതെ തിരിച്ചുകിട്ടുന്നതാണ് ഭവന വായ്പകള്‍. അത് വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യവും അരുണ്‍ ജെയ്റ്റ്‌ലിക്കുണ്ടാകണം. കിട്ടാക്കടം പെരുകി, വായ്പകള്‍ അനുവദിക്കാന്‍ പ്രയാസമുള്ള സ്ഥിതിയിലാണ് രാജ്യത്തെ ബേങ്കുകളെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. നിഷ്‌ക്രിയാസ്തി വര്‍ധിക്കാതെ ബേങ്കുകള്‍ക്ക് വായ്പാ വിതരണം നടത്താവുന്ന മേഖലയും ഇതുതന്നെയാണ്.
അസംസ്‌കൃത എണ്ണ വില കുറഞ്ഞതിനെത്തുടര്‍ന്ന് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച് ഖജാനയിലേക്ക് വിഭവസമാഹരണം നടത്താന്‍ നടപ്പ് സാമ്പത്തിക വര്‍ഷം അരുണ്‍ ജെയ്റ്റ്‌ലിക്കായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷവും ഈ വരുമാനം ജെയ്റ്റ്‌ലി പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ അനൂകുല്യം മുതലെടുത്ത് ഗ്രാമീണ മേഖലക്കും റോഡ് നിര്‍മാണം പോലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും കൂടുതല്‍ തുക നീക്കിവെക്കാന്‍ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കുന്നതിനും ശതമാനക്കണക്കിലുള്ള മൊത്ത ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യും. ആഗോള സാമ്പത്തിക രംഗം പ്രതിസന്ധിയില്‍ തുടരുമ്പോഴും രാജ്യം സാമ്പത്തികമായി കരുത്താര്‍ജിച്ചിട്ടുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനോട് ഒത്തുപോകുന്നതല്ല ധനക്കമ്മിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനമാകുമെന്നാണ് കണക്ക്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കുകയോ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കൂടുതല്‍ താഴേക്ക് പോകുകയോ ചെയ്താല്‍ ഈ കണക്ക് വര്‍ധിക്കും. ധന ഉത്തരവാദ നിയമത്തില്‍ പറയും പ്രകാരം ധനക്കമ്മി മൂന്ന് ശതമാനത്തിലേക്ക് ചുരുക്കി നിര്‍ത്താന്‍, ഇപ്പോഴുള്ള അനുകൂല സാഹചര്യത്തിലും ധനമന്ത്രിക്ക് സാധിക്കുന്നില്ലെന്ന് ചുരുക്കം. കൊട്ടിഘോഷിക്കുന്ന സമ്പദ് വ്യവസ്ഥയുടെ കരുത്താര്‍ജിക്കല്‍ യാഥാര്‍ഥ്യത്തിലുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല തന്നെ. ധനക്കമ്മി നിജപ്പെടുത്തുകയും റവന്യൂ മിച്ചം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്ന ധന ഉത്തരവാദിത്ത നിയമം, നിലവിലുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് ധനക്കമ്മി നിശ്ചയിക്കാവുന്ന രീതിയിലേക്ക് മാറ്റുന്നത് ആലോചിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ക്കുമ്പോള്‍ സംശയം കൂടുതല്‍ ബലപ്പെടുകയും ചെയ്യുന്നു.
ബജറ്റ് പ്രസംഗത്തോട് ഓഹരി വിപണി അനുകൂലമായി പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുള്‍ക്കൊള്ളുന്ന ഭരണകൂടത്തിന് സാധിക്കുമോ എന്ന സംശയമാണ് നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും പ്രകടിപ്പിച്ചത്. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ട നിയമനിര്‍മാണങ്ങള്‍ അത്രയെളുപ്പമല്ല നരേന്ദ്ര മോദി സര്‍ക്കാറിന്. രാജ്യസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷമില്ലാതിരിക്കെ പ്രത്യേകിച്ചും. അതുകൊണ്ട് കൂടിയാണ് ഇതൊരു ആവര്‍ത്തനമായി ശേഷിക്കുന്നതും.
സ്വച്ഛ് ഭാരത്: വൃത്തിക്കും പരിസര ശുചിത്വത്തിനും വലിയ പ്രാധാന്യം നല്‍കുന്നുവെന്നാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവകാശവാദം. സ്വച്ഛ് ഭാരതിന് 9,000 കോടി രൂപ നീക്കിവെക്കുകയും ചെയ്തു ധനമന്ത്രി. ബജറ്റ് പ്രസംഗത്തിനിടെ നിരന്തരം നാവില്‍ തൊട്ട് പേജ് മറിക്കുന്നുണ്ടായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. അരോചകമായിരുന്നു ആ കാഴ്ച എന്ന് പറയാതെ വയ്യ. ഈ ക്രിയ, ഹൈന്ദവാചാരമാണെന്ന വിശദീകരണം സംഘ്പരിവാരം നാളെ നല്‍കുമോ ആവോ!