അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് പെന്‍ഷന്‍: ക്ഷേമനിധി ബില്‍ പാസാക്കി

Posted on: February 25, 2016 5:19 am | Last updated: February 25, 2016 at 12:22 am

തിരുവനന്തപുരം: അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് പ്രത്യേക ക്ഷേമനിധി രൂപവത്കരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്‍ നിയമസഭ പാസാക്കി. അടിയന്തരപ്രമേയ നോട്ടീസിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബില്‍ ചര്‍ച്ച കൂടാതെ പാസാക്കിയത്. 66,000ത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ബില്‍ അവതരിപ്പിച്ച മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു.
ഹെല്‍പ്പര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിന് ഫണ്ടിന് പകരം പ്രത്യേക ക്ഷേമനിധി രൂപവത്കരിച്ചതിന് നിയമപ്രാബല്യം നല്‍കുന്നതാണ് ബില്‍. പത്ത് വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ച അംഗത്തിന് പെന്‍ഷന്‍ നല്‍കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. അഞ്ച ്‌വര്‍ഷക്കാലമോ അതിലധികമോ തുടര്‍ച്ചയായി ക്ഷേമനിധിയിലേക്ക് അംശാദായം അടച്ച അംഗത്തിന് തുകയും അതിന്റെ പലിശയും സര്‍ക്കാര്‍ വിഹിതവും ലഭിക്കും. ചികിത്സാച്ചെലവ്, മരണപ്പെട്ടാല്‍ ആശ്രിതന് ആനുകൂല്യം എന്നിവയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹ ആവശ്യത്തിനും വനിതാ അംഗങ്ങളുടെ പ്രസവസംബന്ധമായ ആവശ്യത്തിനും സാമ്പത്തിക സഹായം ലഭിക്കും. വീട് നിര്‍മിക്കുന്നതിനും വീട് പുതുക്കിപ്പണിയുന്നതിനും വായ്പയും ലഭിക്കും.
ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഹെല്‍പ്പര്‍മാരെയും വര്‍ക്കര്‍മാരെയും പ്രതിനിധീകരിക്കുന്ന നാല് പേര്‍, വനിതകളെയും കുട്ടികളെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ വേണ്ടത്ര അറിവും ആ വിഷയം കൈകാര്യം ചെയ്യുന്നതിന് വേണ്ടത്ര പ്രാപ്തിയുമുള്ള വിദഗ്ധന്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, അഡീ. ഡയറക്ടറുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്‍ (ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍), ധനവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്‍, നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്‍ എന്നിവര്‍ അടങ്ങിയതാണ് ക്ഷേമനിധി ബോര്‍ഡ്.
ബോര്‍ഡ് രൂപവത്കരിക്കുന്നതുവഴി സര്‍ക്കാറിന് 4.46 കോടിയുടെ അധികബാധ്യതയുണ്ടാകും.ക്ഷേമനിധിയില്‍ അംഗമായ ഓരോ അങ്കണവാടി വര്‍ക്കര്‍ പ്രതിമാസം 200 രൂപയും ഹെല്‍പ്പര്‍ 100 രൂപയും നിധിയിലേക്ക് അംശാദായമായി നല്‍കണം. അംശാദായനിരക്ക് കാലാകാലങ്ങളില്‍ പരമാവധി 500 രൂപ വരെ പരിഷ്‌കരിക്കാം. ക്ഷേമനിധിയില്‍ അംഗമായ ഓരോ അങ്കണവാടി വര്‍ക്കര്‍ പ്രതിമാസം 200 രൂപയും ഹെല്‍പ്പര്‍ 100 രൂപയും നിധിയിലേക്ക് അംശാദായമായി നല്‍കണം.
അംശാദായനിരക്ക് കാലാകാലങ്ങളില്‍ പരമാവധി 500 രൂപ വരെ പരിഷ്‌കരിക്കാം. ആറുമാസക്കാലം തുടര്‍ച്ചയായി അംശാദായം അടയ്ക്കാന്‍ വീഴ്ച വരുത്തിയാല്‍ അംഗത്വം സ്വയമേവ അവസാനിക്കും. ഇത്തരത്തില്‍ അംഗത്വം ഇല്ലാതായ അംഗത്തിന് അംഗത്വം അവസാനിപ്പിക്കപ്പെട്ട തിയതി മുതല്‍ ആറുമാസത്തിനകം 12 ശതമാനം വാര്‍ഷിക പലിശയോടുകൂടി കുടിശിക അടച്ചാല്‍ അംഗത്വം പുനരുജ്ജീവിപ്പിക്കാം.