എം എ ജോണ്‍: താക്കീതും മുന്നറിയിപ്പുകളും

Posted on: February 19, 2016 5:21 am | Last updated: February 18, 2016 at 11:23 pm
SHARE

എം എ ജോണ്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് അഞ്ച് വര്ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലും ഇന്ത്യയിലും സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങള്‍ ജോണ്‍ ഭയപ്പെട്ട പ്രവചിച്ച രീതിയിലും ദിശയിലുമാണെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ക്രാന്ത ദര്‍ശിത്വത്തെയാണ് വ്യക്തമാക്കിത്തരുന്നത്. കോണ്‍ഗ്രസ് ജീര്‍ണിക്കുകയും തളരുകയും ചെയ്താല്‍ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയുടെ അസ്ഥിവാരം ഇളകുമെന്ന് ജോണ്‍ തന്റെ കോണ്‍ഗ്രസ് സഹപ്രവത്തകരെയും പൊതുസമൂഹത്തെയും 1960കളുടെ അവസാനം മുതലേ താക്കീത് ചെയ്തിരുന്നു. ഇന്ത്യ ഇന്ന് ഹിന്ദുത്വാധിഷ്ഠിത ഫാസിസത്തിന്റെ പിടിയിലമര്‍ന്നു രക്ഷപ്പെടാനായി പിടയുന്ന കാഴ്ചയല്ലേ ജനാധിപത്യ വിശ്വാസികള്‍ കാണുന്നത്? കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അധികാരത്തിലെത്താന്‍ പ്രാദേശിക പാര്‍ട്ടികളായ മുസ്‌ലിം ലീഗിനോടും കേരള കോണ്‍ഗ്രസിനോടും തത്വരഹിതമായ വിട്ടു വീഴ്ചകള്‍ ചെയ്യുകയും, ഒത്തു തീര്‍പ്പുകള്‍ ഉണ്ടാക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍, ഇത്തരം ഒത്തുതീര്‍പ്പുകള്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്നും പ്രാദേശിക കക്ഷികളുടെ ആശ്രിതയാക്കി മാറ്റുമെന്നും ജോണ്‍ താക്കീത് ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വ്യക്തിത്വത്തേക്കാള്‍ സ്വന്തം സ്ഥാനമാണ് പ്രധാനം എന്ന് കരുതിയ ചില പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ജോണിന്റെ വാദത്തെ പാടെ അവഗണിച്ചു. എന്താണ് ഇന്നത്തെ അവസ്ഥ? കോണ്‍ഗ്രസിന്റെ ‘സമുന്നത’ നേതാക്കള്‍ സാമുദായിക പാര്‍ട്ടികളുടെ നേതാക്കളെ ചെന്ന് കണ്ട് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ട അവസ്ഥ സംജാതമായില്ലേ? മന്ത്രിമാരുടെ വകുപ്പുകള്‍ ഘടകകക്ഷികള്‍ തന്നെ പ്രഖ്യാപിക്കുന്ന സ്ഥിതി വിശേഷവും. തത്ത്വങ്ങളിലും പരിപാടികളിലും പിടിവാശി കാണിക്കണമെന്നും അവയില്‍ വിട്ടുവീഴ്ച ചെയ്താല്‍, ‘വിട്ടുവീഴ്ച’ പരിപാടി ആയിത്തീരുമെന്നും ജോണ്‍ പറഞ്ഞത് എത്ര ശരിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നതല്ലേ നാം കാണുന്നത്.
കോണ്‍ഗ്രസിന്റെ അടിസ്ഥാന പ്രമാണങ്ങളായ ജനാധിപത്യം, സോഷ്യലിസം, മത നിരപേക്ഷത, ചേരിചേരായ്മ എന്നിവയെ പൂര്‍ണമായും അനുവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ജാഗ്രതാ പൂര്‍വം ശ്രമിക്കണമെന്നും ഇവയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും ജോണ്‍ വാദിച്ചു പോന്നു. 1960ന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം പഠിപ്പിച്ചത് ജോണ്‍ ആയിരുന്നു. കോണ്‍ഗ്രസിന് സ്വന്തമായി ഒരു പ്രത്യയശാസ്ത്രമുണ്ടായിരുന്നു എന്ന്, ‘ന്റു പ്പൂപ്പാക്ക് ഒരാനയുണ്ടാര്‍ന്നു’ എന്ന വണ്ണം പറയാന്‍ പോലും കോണ്‍ഗ്രസുകാര്‍ക്ക് കഴിയുമോ എന്ന് സംശയം തോന്നും വിധമാണ് ഇന്നത്തെ കോണ്‍ഗ്രസ് വക്താക്കള്‍ രാഷ്ട്രീയം പറയുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ അവസ്ഥയും ഒട്ടും ഭേദമല്ല.
കേരള രാഷ്ട്രീയത്തിന്റെ രണ്ട് ശാപങ്ങളെ പറ്റി ജോണ്‍ ആവര്‍ത്തിച്ചിരുന്നു. ഒന്ന്, പ്രാദേശിക സാമുദായിക താത്പര്യങ്ങളെ അടിസ്ഥാനമാക്കി രൂപം കൊള്ളുന്ന പ്രാദേശിക കക്ഷികളുടെ പെരുപ്പം. രണ്ട് യോഗ്യതയില്ലാത്തവര്‍ കുതന്ത്രങ്ങള്‍ പ്രയോഗിച്ച് പാര്‍ട്ടികളുടെയും, ഭരണത്തിന്റെയും നേതൃത്വം കൈക്കലാക്കുന്നത്. അയോഗ്യര്‍ നേതൃത്വം കൈയടക്കുന്നതിനെതിരെയുള്ള ജോണിന്റെ താക്കീതുകളുടെ പ്രസക്തി കേരളത്തിലെ ജനങ്ങള്‍ ഇന്ന് വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞു. അധികാരത്തില്‍ എത്താനും എത്തിയാല്‍ അത് നിലനിര്‍ത്താനും എന്ത് അധാര്‍മികതയും ചെയ്യാന്‍ മടിക്കാത്ത ഒരു മ്ലേച്ച സംഘമാണ് ഇന്നത്തെ രാഷ്ട്രീയ നേതൃത്വം. ചില അപവാദങ്ങള്‍ ഇതിനുണ്ട് എന്നത് ശരി. അയോഗ്യര്‍ തത്വനിഷ്ഠയും ധാര്‍മികതയുമില്ലാതെ രാഷ്ട്രീയ നേതൃത്വത്തില്‍ വിരാജിക്കുമ്പോള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളും ജീര്‍ണിച്ച് അധഃപതിക്കുമെന്ന് തന്റെ പൊതുപ്രവര്‍ത്തനത്തിന്റെ അവസാന ദശകങ്ങളില്‍ ജോണ്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തിന്റെ മുഖ്യ ശാപമിതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കും ജോണിന്റെ ഈ അഭിപ്രായത്തിന്റെ ശരി ബോധ്യപ്പെടുമെന്നുറപ്പാണ്.
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന രാഷ്ട്രീയ പ്രതിഭാസത്തിന്റെ ഈറ്റില്ലമാണല്ലോ രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന കേരളം. ഈ നിഷേധാത്മക രാഷ്ട്രീയ പ്രവണതയെ കേരള രാഷ്ട്രീയത്തില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ജോണ്‍ മുന്നോട്ടുവെച്ച നിര്‍ദേശം കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൂടി യോജിച്ച് ഒരു രാഷ്ട്രീയ മുന്നണി ഉണ്ടാക്കണം എന്നതായിരുന്നു. ഇപ്രകാരം ഒരു മുന്നണി രൂപവത്കരിച്ച് ഒന്നുരണ്ട് തിരഞ്ഞെടുപ്പുകള്‍ നേരിട്ടാല്‍ മറ്റെല്ലാ ഈര്‍ക്കില്‍ പാര്‍ട്ടികളും കേരള രാഷ്ട്രീയത്തില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചു മാറ്റപ്പെടും എന്ന പക്ഷക്കാരനായിരുന്നു ജോണ്‍. ഇപ്പോള്‍ പശ്ചിമ ബംഗാളിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഘടകം ഈ രീതിയില്‍ നിലപാട് എടുക്കുന്നത് കാണുമ്പോള്‍ ജോണിന്റെ വാദം പ്രവചന സ്വഭാവമുള്ളതായിരുന്നു എന്ന് തോന്നിപ്പോകുന്നു.
വായിക്കാനും ചിന്തിക്കാനും ചോദ്യംചെയ്യാനും സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്തി അവയില്‍ ഉറച്ചു നില്‍ക്കാനും ജീവിച്ചും വാദിച്ചും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുവാനും സ്വന്തം സഹപ്രവര്‍ത്തകരായ യുവാക്കളെ പ്രേരിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്ത പരിവര്‍ത്തനവാദിയും ഗാന്ധിയനുമായ കര്‍മയോഗിയായിരുന്നു എം എ ജോണ്‍. അദ്ദേഹത്തിന്റെ അസാന്നിധ്യം അദ്ദേഹത്തിന്റെ നിലപാടുകളുടെ പ്രസക്തി നമ്മെ പേര്‍ത്തും പേര്‍ത്തും അനുസ്മരിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു.
(ലേഖകന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല ഗാന്ധി പഠന വിഭാഗം മുന്‍ പ്രൊഫസറും ഗുജറാത്ത് വിദ്യാപീഠിലെ എമിററ്റ്‌സ് പ്രൊഫസറും ഗാന്ധി മാര്‍ഗിന്റെ എഡിറ്ററുമാണ്)

LEAVE A REPLY

Please enter your comment!
Please enter your name here