ഇന്ത്യക്ക് നേപ്പാള്‍ ഷോക്ക്‌

Posted on: February 16, 2016 6:00 am | Last updated: February 15, 2016 at 11:57 pm
ഇന്ത്യയെ തോല്‍പ്പിച്ച് ഫുട്‌ബോള്‍ സ്വര്‍ണം നേടിയ നേപ്പാള്‍ പുരുഷ ടീമിന്റെ ആഹ്ലാദം
ഇന്ത്യയെ തോല്‍പ്പിച്ച് ഫുട്‌ബോള്‍ സ്വര്‍ണം നേടിയ നേപ്പാള്‍ പുരുഷ ടീമിന്റെ ആഹ്ലാദം

ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്റെ സ്വര്‍ണത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നില്ല. പന്ത്രണ്ടാമത് സാഗില്‍ ഇന്ത്യയെ കാഴ്ചക്കാരാക്കി നേപ്പാള്‍ ചാമ്പ്യന്‍മാരായി. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നേപ്പാള്‍ ജയം. ഒരു ഗോളിന് മുന്നില്‍ കയറിയതിന് ശേഷമാണ് ഇന്ത്യ ദാരുണമായി പരാജയപ്പെട്ടത്. ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ മുപ്പത്തൊന്നാം മിനുട്ടില്‍ ഹോളിചരണ്‍ നസാരിയുടെ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പ്രകാശ് ഥാപ (66), നവയുഗ് ശ്രേഷ്ഠ (72) എന്നിവരിലൂടെ നേപ്പാള്‍ തിരിച്ചടിച്ചു.
മാലദ്വീപിനെ 7-6ന് ഷൂട്ടൗട്ടില്‍ മറികടന്ന് ബംഗ്ലാദേശ് വെങ്കലമെഡല്‍ മത്സരം ജയിച്ചു.
1995 ലാണ് ഇന്ത്യ അവസാനമായി ചാമ്പ്യന്‍മാരായത്. അതിന് ശേഷം രണ്ട് തവണ ഫൈനല്‍ കളിച്ചെങ്കിലും പച്ച തൊട്ടില്ല. 2004 ഫൈനലില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടപ്പോള്‍ 2006,2010 ഗെയിംസില്‍ ഫൈനല്‍ കണി കണ്ടില്ല.

വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം
ഷില്ലോംഗ്: ദക്ഷിണേഷ്യന്‍ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത് നേപ്പാളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു കൊണ്ട്. ഇരട്ട ഗോളുകള്‍ നേടിയ കമല ദേവി യുമ്‌നാം (32,56) ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സ്വാധീനമായി.
മണിപ്പൂരികളായ ബാല ദേവി (71), ആശാലത ദേവി (80) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. സ്‌കോറിംഗ് ഷീറ്റില്‍ പേരില്ലെങ്കിലും ഇടത് വിംഗില്‍ അധ്വാനിച്ചു കളിച്ച ഒഡീഷ താരം സസ്മിത മാലിക്കിന്റെ പ്രകടനം അഭിനന്ദനാര്‍ഹമായിരുന്നു. ബാല ദേവിക്ക് ഗോളൊരുക്കിയത് സസ്മിതയായിരുന്നു.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യന്‍ നിര ആദ്യ ഗോള്‍ നേടുന്നത് അരമണിക്കൂര്‍ പിന്നിടുമ്പോഴാണ്. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പാളിച്ചയാണ് ലീഡ് ഗോള്‍ വൈകിപ്പിച്ചത്.
ക്രോസ് ബോള്‍ ടാപ് ചെയ്ത് കമല ദേവിയാണ് ലീഡ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മികച്ചൊരു വോളിയിലൂടെ കമല ദേവി രണ്ടാമതും സ്‌കോര്‍ ചെയ്തു.
സസ്മിതയുടെ ക്രോസ് ബോള്‍ വരുതിയിലാക്കി ബാല ദേവിയും വല കുലുക്കി (3-0).
അറുപത്തിമൂന്നാം മിനുട്ടില്‍ നേപ്പാളിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ അദിതി ചൗഹാന്റെ അവസരോചിത സേവില്‍ അതില്ലാതായി. തൊട്ടു പിന്നാലെയാണ് ബാല ദേവിയുടെയും ആശാലത ദേവിയുടെയും ഗോളുകള്‍ സംഭവിക്കുന്നത്.