വിദ്യാഭ്യാസകാല സ്മരണകള്‍ ഈണങ്ങളായി

Posted on: February 14, 2016 12:17 am | Last updated: February 15, 2016 at 2:06 pm
SHARE

ONV..കൊല്ലം: ‘ഒരു വട്ടം കൂടി എന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…’ മലയാളിയുടെ നാവിന്‍തുമ്പില്‍ എന്നും തത്തിക്കളിക്കുന്ന ഈ വരികള്‍ ഒ എന്‍ വിയുടെ വിരല്‍ തുമ്പിലൂടെ പിറവിയെടുത്തതിന് പിന്നില്‍ കവിയുടെ വിദ്യാഭ്യാസകാല സ്മരണകളായിരുന്നു. അറിവിന്റെ അക്ഷരമുറ്റത്തെ അനുഭവങ്ങള്‍ ഗൃഹാതുരുത്വത്തോടെ ഒ എന്‍ വി പിന്നീട് എഴുതി. ചവറ ഗവ. ഹൈസ്‌കൂളില്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഇന്റര്‍മീഡിയറ്റ് കോഴ്‌സ് കഴിഞ്ഞ് ബി എ ബിരുദത്തിന് ചേര്‍ന്നത് കൊല്ലം എസ് എന്‍ കോളജിലായിരുന്നു. സമരത്തിന്റെ പേരില്‍ ആദ്യത്തെ വര്‍ഷം പ്രമോഷന്‍ നല്‍കാത്ത അനുഭവം ഒരിക്കല്‍ അദ്ദേഹം വിവരിച്ചു. ഒ എന്‍ വിക്കും മറ്റുള്ളവര്‍ക്കും വേണ്ടി ശൂരനാട് കുഞ്ഞന്‍പിള്ള യൂനിവേഴ്‌സിറ്റിയുടെ വാതിലുകളില്‍ മുട്ടിയെങ്കിലും തുറന്നില്ല. ഒടുവില്‍ കവിയുടെ മാര്‍ക്ക് ലിസ്റ്റ് കണ്ട് എസ് എന്‍ കോളജ് മാനേജര്‍ ആയിരുന്ന ആര്‍ ശങ്കറാണ് പ്രൊമോഷന്‍ നല്‍കിയതെന്ന് ഒ എന്‍ വി പറഞ്ഞിട്ടുണ്ട്. എനിക്ക് ശേഷം എന്റെ ദൗത്യം നിറവേറ്റുമെന്ന് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച ഹരീന്ദ്രനാഥ ചാതോപാധ്യായ (സരോജിനി നായിഡുവിന്റെ സഹോദരന്‍) കൊല്ലം എസ് എന്‍ കോളജില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് പ്രസംഗിക്കാന്‍ ഒരു ഷാമിയാനയെങ്കിലും കെട്ടണമെന്ന് ഒ എന്‍ വിയും അന്ന് അദ്ദേഹത്തോടൊപ്പം വിദ്യാര്‍ഥിയായിരുന്ന വെളിയം ഭാര്‍ഗവനും കൂടി കോളജ് അധികൃതരെ കണ്ട് അഭ്യര്‍ഥിച്ചെങ്കിലും അനുവദിച്ചില്ല. ഒടുവില്‍ ഇപ്പോള്‍ എസ് എന്‍ വനിതാ കോളജിന്റെ ഭാഗമായ ഒരു ഹാള്‍ കണ്ടെത്തി ചതോപാധ്യായക്ക് പ്രസംഗവേദി ഒരുക്കി. തുടര്‍ന്ന് കോളജ് അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം നല്‍കിയെങ്കിലും പരീക്ഷക്ക് ഒ എന്‍ വി ക്കും വെളിയം ഭാര്‍ഗവനും ഹാള്‍ ടിക്കറ്റ് നിഷേധിച്ചു. പരീക്ഷയുടെ തലേദിവസമാണ് ഇരുവര്‍ക്കും ഹാള്‍ ടിക്കറ്റ് നല്‍കിയത്. പരീക്ഷാഫലം വന്നപ്പോള്‍ കോളജ് അധികൃതര്‍ ഞെട്ടി. കേരള യൂനിവേഴ്‌സിറ്റിയില്‍ ആകെ കിട്ടിയ അഞ്ച് ഫസ്റ്റ് ക്ലാസില്‍ രണ്ടെണ്ണം ഒ എന്‍ വി ക്കും വെളിയം ഭാര്‍ഗവനും ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here