കായികാരവം നിലച്ച് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമായി

Posted on: February 10, 2016 11:48 am | Last updated: February 10, 2016 at 11:48 am
SHARE

പാലക്കാട്: നഗരത്തിന്റെ കളിമുറ്റത്തിന് ശനിദശ. ഒരു കാലത്ത് കളിയാരവങ്ങള്‍ മാത്രം കേട്ട ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് വാഹനങ്ങളുടെ മുരളലും ഹോണടിയുമാണ്.
ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമായി മാറിയിട്ട് കാലങ്ങളായി. സമീപത്തെ ബസ് സ്റ്റാന്‍ഡിലേക്കെത്തുന്ന സ്വകാര്യ ബസുകളെല്ലാം തങ്ങളുടെ ചാലിന്റെ സമയം ആകുന്നത് വരെ പാര്‍ക്ക് ചെയ്യുന്നത് ഇവിടെയാണ്. രാവിലെ മുതല്‍ തുടങ്ങുന്ന ബസുകളുടെ ഇടവിട്ടുള്ള പാര്‍ക്കിംഗ് വൈകുന്നേരം വരെ തുടരും. ബസുകള്‍ക്ക് പുറമെ ഷോപ്പിംഗിനും മറ്റും വരുന്നവര്‍ വാഹനങ്ങള്‍ നിറുത്തിയിടുന്നതും സ്റ്റേഡിയം ഗ്രൗണ്ടിലാണ്. ഇടക്കിടെ ചരക്കുലോറികളും ഗ്രൗണ്ട് കയ്യടക്കി വിശ്രമം കൊള്ളാറുണ്ട്. ഇതിനെല്ലാം പുറമെയാണ് ഡ്രൈവിംഗ് സ്‌കൂളുകളുടെ വാഹന പരിശീലനവും.
‘എട്ടും എച്ചും’ ഇട്ട് ദിവസവും സ്റ്റേഡിയത്തില്‍ വാഹന പരിശീലനം അരങ്ങു തകര്‍ക്കുയാണ്. നിലവില്‍ കുണ്ടും കുഴിയുമായി കിടക്കുന്ന ഗ്രൗണ്ട്, വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയതോടെ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
സന്തോഷ് ട്രോഫി ഉള്‍പ്പടെ നിരവധി ദേശീയ-സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് ആതിഥ്യം വഹിച്ച സ്റ്റേഡിയമാണ് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്‌റ്റേഡിയം. ഇവിടെയിപ്പോള്‍ ജില്ലാ ലീഗ് മല്‍സരങ്ങള്‍ മാത്രമാണ് നടക്കുന്നത്. അതും പേരിന് മാത്രമായി. കളിക്കാന്‍ ഒരു സൗകര്യവും ഈ സ്റ്റേഡിയത്തിലില്ല.
കുണ്ടും കുഴിയുമായി കിടക്കുന്ന സ്റ്റേഡിയത്തില്‍ കളിച്ചാല്‍ എട്ടിന്റെ പണി കിട്ടുമെന്ന കാര്യം ഇവിടെ കളിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ പാലക്കാട് നഗരസഭയോ സ്‌പോര്‍ട്‌സ് കൗണ്‍സിലോ തയ്യാറാകാത്തത് കായിക പ്രേമികളെ നിരാശയിലാഴ്ത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here