മെത്രാഷില്‍ ഇപ്പോള്‍ റിട്ടേണ്‍ വിസ സേവനവും

Posted on: February 5, 2016 6:39 pm | Last updated: February 5, 2016 at 6:39 pm
SHARE

METHRASHദോഹ:ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പായ മെത്രാഷ് 2 വഴി ഇപ്പോള്‍ റിട്ടേണ്‍ വിസ സേവനവും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. പേഴ്‌സനല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഉള്ളവര്‍ക്കാണ് ഇതുവഴി റിട്ടേണ്‍ വിസ ലഭിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും എയര്‍പോര്‍ട്ട് പാസ്സ്‌പോര്‍ട്ട് വകുപ്പിലെ യാത്രാനുമതി വിഭാഗം മേധാവി മേജര്‍ നാസര്‍ ജാബിര്‍ അല്‍ മാലികി പറഞ്ഞു.
പാസ്സ്‌പോര്‍ട്ട് വകുപ്പിന്റെ അധിക സേവനങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് പോലെയുള്ള ബാക്കിയുള്ള പേപ്പര്‍ വര്‍ക്കുകളും ഇ- സംവിധാനത്തില്‍ അടുത്തുതന്നെ ലഭ്യമാക്കും. മുഴുവന്‍ സേവനങ്ങളും ഡിജിറ്റല്‍വത്കരിക്കുകയെന്ന മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെയാണ് ഇത് തെളിയിക്കുന്നത്. സമയവും അധ്വാനവും കുറക്കുന്നതിന് മെത്രാഷ് 2 ആപ്പും, മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലും സര്‍വീസ് കിയോസ്‌കുകളും ഉപയോഗിക്കാന്‍ മേജര്‍ നാസര്‍ അല്‍ മാലികി ഓര്‍മിപ്പിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് മെത്രാഷില്‍ പുതിയ വിസയിലേക്കു മാറല്‍, നാട്ടില്‍ പോയ കുടുംബം 180 ദിവസം കഴിഞ്ഞാണ് തിരിച്ചു വരുന്നതെങ്കില്‍ അതിനുള്ള അനുമതി, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ മാറ്റല്‍ എന്നീ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. മെത്രാഷ് ഉപയോഗിക്കുന്നതിന് നിലവിലുള്ള സബ്‌സ്‌ക്രൈബര്‍ക്കു പുറമേ മറ്റൊരാളെക്കൂടി ആഡ് ചെയ്യാവുന്ന സൗകര്യവും ദിവസങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയിരുന്നു.