ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരുന്നത് തൊലിക്കട്ടി കൊണ്ട് മാത്രം: കാനം

Posted on: February 2, 2016 5:27 am | Last updated: February 1, 2016 at 11:28 pm
SHARE

KANAM RAJENDRANകോഴിക്കോട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് രണ്ട് കോടിയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് 25 ലക്ഷവും കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ വി എം സുധീരന്‍ മറുപടി പറയണമെന്നും ജനകീയയാത്രയുമായി കോഴിക്കോട്ടെത്തിയ കാനം ആവശ്യപ്പെട്ടു.
അഴിമതി വിമുക്ത കേരളം എന്ന ജനകീയ യാത്രയുടെ മുദ്രാവാക്യം ഉമ്മന്‍ ചാണ്ടി അധികാരത്തിലിരിക്കുമ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. അഴിമതിയില്‍ മുങ്ങിത്താഴുന്ന സര്‍ക്കാറിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. പരിപൂര്‍ണ നഗ്നനായിട്ടും തൊലിക്കട്ടി കൊണ്ട് മാത്രമാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരുന്നത്.
ആരോപണങ്ങളെ ചര്‍മ കനം കൊണ്ട് നേരിടാതെ രാജി വെച്ച് ജനവിധി തേടുകയാണ് വേണ്ടത്. ജനങ്ങള്‍ വിധിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം. ജനങ്ങളുടെ കോടതിയില്‍ ഒരു ബഞ്ചു മാത്രമേയുള്ളു. ബഞ്ചുമാറി ഹരജി കൊടുക്കാന്‍ കഴിയില്ല. ഇന്‍സ്റ്റാള്‍മെന്റായി ആരോപണം നേരിടാതെ അധികാരം വിട്ടൊഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭവുമായി തന്നെ എല്‍ ഡി എഫ് മുന്നോട്ട് പോകും. കോടതി വിധി അനുകൂലമാവുമ്പോള്‍ സത്യം ജയിച്ചു, ധര്‍മം പുലര്‍ന്നുവെന്നുമെല്ലാം പറയുന്ന ഉമ്മന്‍ചാണ്ടിയും യു ഡി എഫും സ്ഥിതി പ്രതികൂലമാവുമ്പോള്‍ അതിനെ അസഹിഷ്ണുതയോടെയാണ് നേരിടുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.