Connect with us

Gulf

മന്ത്രാലയങ്ങളെ അഴിച്ചു പണിത് ഭരണ സാരഥ്യത്തില്‍ നവ ചൈതന്യം

Published

|

Last Updated

ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി, സ്വലാഹ് ബിന്‍ ഗാനിം അല്‍ അലി, ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി, മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, ഡോ.ഹനാന്‍ മുഹമ്മദ് അല്‍ കുവാരി, ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്വി

ദോഹ:വകുപ്പുകളില്‍ കാതലായ മാറ്റം വരുത്തിയും മന്ത്രിസഭയിലേക്കു പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയും ഭരണസാരഥ്യത്തിനു പുതു ചൈതന്യം പകര്‍ന്നാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി മന്ത്രാലയങ്ങളും മന്ത്രിസഭയും അഴിച്ചു പണിതത്. രാജ്യത്തിന്റെ വിദേശനയത്തിലും പ്രതിരോധ മേഖലയിലുമെല്ലാം ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. ലോകകപ്പിനെ വരവേല്‍ക്കാന്‍ തയാറെടുപ്പു നടത്തുന്ന ഘട്ടത്തില്‍ സ്‌പോര്‍ട്‌സ് വകുപ്പിനെയും സാംസ്‌കാരിക വകുപ്പിനെയും സംയോജിപ്പിച്ചു കൊണ്ടുള്ള വകുപ്പു പരിഷ്‌കാരവും ശ്രദ്ധേയമാണ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നേതൃത്വത്തിലിരുന്ന് ആരോഗ്യ സേവന രംഗത്ത് പരിചയം നേടിയ വനിതയെ പൊതു ആരോഗ്യ മന്ത്രിസ്ഥാനത്തേക്കു കൊണ്ടു വന്ന് സന്ദേശം നല്‍കാനും ശ്രദ്ധിച്ചിരിക്കുന്നു.

ഖത്വര്‍ ചരിത്രത്തിലെ നാലാമതു വനിതാ മന്ത്രിയായാണ് ആരോഗ്യവകുപ്പില്‍ ഡോ. ഹനാന്‍ അല്‍ കുവാരി മന്ത്രിസഭയിലേക്കു വരുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറാണ് ഡോ. ഹനാന്‍. അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനിക്കു പകരമാണ് ഡോ. ഹനാന്റെ ദൗത്യം. വിദേശകാര്യമന്ത്രി ഡോ. ഖാലിദ് അല്‍ അത്വിയ്യക്കു പകരം വിദേശകാര്യ മന്ത്രിയാകുന്ന 35കാരനായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി വിദേശകാര്യ വകുപ്പില്‍ ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ ചുമതലയില്‍ സഹ മന്ത്രിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് പ്രധാന ചുമതലയില്‍ വരുന്നത്. വിദേശകാര്യ വകുപ്പ് ഒഴിയുന്ന ഡോ. ഖാലിദ് അല്‍ അത്വിയ്യയാകട്ടെ പ്രതിരോധ വകുപ്പിലേക്കാണ് മാറുന്നത്. അമീര്‍ നേരിട്ടു ചുമതല വഹിക്കുന്ന സുപ്രാധന വകുപ്പിലാണ് അത്വിയ്യ സഹായിയാകുന്നതെന്നത് അദ്ദേഹത്തിന്റെ സേവനമികവിനു ലഭിക്കുന്ന അംഗീകാരംകൂടിയാണ്. മേഖലയില്‍ സൈനിക ശാക്തീകരണം നടന്നു വരുന്ന സമയത്തെ ചുമതലക്ക് ഏറെ പ്രാധാന്യമുള്ളതായി മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു.
സാംസ്‌കാരിക, പൈതൃക വകുപ്പ് കള്‍ചര്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് വകുപ്പായി പരിവര്‍ത്തിച്ചാണ് യുവജന, കായികമന്ത്രിയായിരുന്ന സ്വാലിഹ് ബിന്‍ ഗാനിം ബിന്‍ നാസര്‍ അല്‍ അലിക്ക് ചുമതല നല്‍കുന്നത്. ദീര്‍ഘകാലം സാംസ്‌കാരിക മന്ത്രിയായിരുന്ന ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയാണ് ഇതോടെ ചുമതലയൊഴിയുന്നത്. രണ്ടു വകുപ്പുകളായി പ്രവര്‍ത്തിച്ചു വന്ന നഗരസഭ, പരിസ്ഥിതി വകുപ്പുകള്‍ സംയോജിപ്പിച്ച് ഒറ്റവകുപ്പാക്കി മാറ്റിയാണ് മുഹമ്മദ് അല്‍ റുമൈഹിയെ മന്ത്രിയായി അധികാരപ്പെടുത്തുന്നത്. രണ്ടു വകുപ്പുകളായിരുന്ന ട്രാന്‍സ്‌പോര്‍ട്ട്, കമ്യൂണിക്കേഷന്‍ മന്ത്രാലയങ്ങളും ലയിപ്പിച്ച് ഒന്നാക്കിയിട്ടുണ്ട്. ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്വിക്കാണ് ചുമതല. നിലവില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി വകുപ്പില്‍ മന്ത്രിയായിരുന്ന ഡോ. ഹസ അല്‍ ജാബിര്‍ ചുമതലയൊഴിയുമെന്നാണ് സൂചന.

Latest